- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിൽ വെച്ച് ഒരാളെ വെടിവെച്ചുകൊന്ന് മെട്രോയുടെ പില്ലറിൽ കൊണ്ടിട്ടു! അധോലോകത്തേക്കുള്ള വീരവാദവും പരിശോധിക്കും; സ്വപ്നാ സുരേഷിന് ഒളിത്താവളം ഒരുക്കിയതിലും സംശയം; മുംബൈ അധോലോകവും പുരാവസ്തു തള്ളോ? മാവുങ്കലിന്റെ എല്ലാ വീരവാദങ്ങളും അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്
കൊച്ചി: മോൻസൺ മാവുങ്കലിന്റെ ക്രിമിനൽ പശ്ചാത്തലവും സംശയ നിഴലിൽ. സംസ്ഥാനത്തിന് പുറത്ത് ഇയാൾക്ക് സ്വത്തുക്കൾ ഉണ്ടെന്നാണഅ സംശയം. വളരെ വിദഗ്ധമായി ഇയാൾ സ്വത്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇത് കണ്ടെത്താനും പൊലീസ് ശ്രമിക്കും. മോൻസണിന്റെ തട്ടിപ്പു കേസുകളിൽ ക്രൈംബ്രാഞ്ച് റേഞ്ച് ഐ.ജി സ്പർജൻകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തെളിവുശേഖരണം ആരംഭിച്ചിട്ടുണ്ട്.
വിദേശത്തു നിന്ന് മോൻസണുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരെക്കുറിച്ച് അന്വേഷണം. മോൻസൺന്റെ ഇടപാടുകളിൽ കള്ളപ്പണത്തിന്റെ സാന്നിധ്യം സംശയിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം മോൻസണിലൂടെ വെളിപ്പിച്ചെടുത്തിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ബിനാമി ഏർപ്പാട് കൂടാതെ, നയതന്ത്ര ബാഗേജുവഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഒളിച്ചുതാമസിക്കാൻ മോൻസൺ സഹായം നൽകി തുടങ്ങിയ സംശയങ്ങളും നിലനിൽക്കുന്നുണ്ട്. ഇതെല്ലാം പരിശോധിക്കും. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പ്രാഥമിക അന്വേഷണം കൂടി നടത്തിയ സാഹചര്യത്തിൽ മോൻസൺ ബന്ധപ്പെട്ടിരുന്ന വിദേശത്തുള്ളവരെ കേന്ദ്രീകരിച്ച് കൂടി അന്വേഷണം നടത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
മോൻസണിന്റെ കമ്പനിക്ക് യു.എസ്.എ, കാനഡ, യു.കെ. യൂറോപ്യൻ യൂണിയൻ, യു.എ.ഇ, മലേഷ്യ, ഘാന, തുർക്കി, സൗത്തുകൊറിയ എന്നിവിടങ്ങളിൽ ശാഖയുണ്ടെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോയെന്നും അന്വേഷിക്കും. വിദേശയാത്ര ചെയ്യാത്ത മോൻസൺ വിദേശങ്ങളിൽ സ്ഥാപനങ്ങൾ തുടങ്ങാനുള്ള സാധ്യത കുറവാണ്. എന്നാൽ, വിദേശത്തുള്ളവർ ആരെങ്കിലും മോൻസണെ സഹായിച്ചിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
താൻ ഒരാളെ കൊലപ്പെടുത്തിയെന്ന് മോൻസൺ പറഞ്ഞതായി പരാതിക്കാർ മൊഴിനൽകിയിട്ടുണ്ട്. ഇത്തരം ഒരു സംഭവം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. മുംബൈയിൽ വെച്ച് ഒരാളെ വെടിവെച്ചുകൊന്ന് മെട്രോയുടെ പില്ലറിൽ കൊണ്ടിട്ടുണ്ടെന്നാണത്രെ മോൻസൻ പറഞ്ഞത്. ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. മോൻസണ് അധോലോക ബന്ധം ഉണ്ടാകാനുള്ള സാധ്യത ക്രൈംബ്രാഞ്ചും കാണുന്നുണ്ട്. എന്നാൽ ഇതെല്ലാം വീരവാദമാണെന്ന സംശയവും സജീവമാണ്.
തനിക്ക് മുംബൈ അധോലോകവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മോൻസൺ പരാതിക്കാരോട് പറഞ്ഞിട്ടുണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പങ്കെടുത്തിട്ടുണ്ടെന്നും ഇതിനിടെ തനിക്ക് പരിക്കേറ്റിരുന്നുവെന്നും ഇയാൾ പറഞ്ഞിരുന്നു. ഇത്തരം കൃത്യങ്ങൾ ഇയാൾ മുംബൈയിലോ ഡൽഹിയിലോ നടത്തിയിട്ടുണ്ടോ എന്നാകും ക്രൈംബ്രാഞ്ച് അന്വേഷിക്കുക. വിശദമായി തന്നെ ഇക്കാര്യങ്ങൾ പരിശോധിക്കും. ചാരിറ്റിയുടെ മറവിലെ തട്ടിപ്പും അന്വേഷിക്കും.
അധോലോകമെല്ലാം മോൻസൺ മറ്റുള്ളവരെ ഭയപ്പെടുത്താനും ആളാകാനും തട്ടിവിട്ടതാണെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഇയാൾക്ക് ഡൽഹിയിലടക്കം വലിയ ബന്ധങ്ങൾ ഉണ്ടെന്ന് വ്യക്തമായെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. അതുകൊണ്ടാണ് കൊലക്കേസിലും സംശയ ദൂരീകരണത്തിന് ശ്രമിക്കുന്നത്. മോൻസണേയും വിശദമായി ചോദ്യം ചെയ്യും. ഇയാളുടെ എല്ലാ ക്രിമിനൽ സ്വഭാവവും കണ്ടെത്താനാണ് നീക്കം.
അതിനിടെ മോൻസൺ മാവുങ്കലിനെതിരേ ഒരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. പുരാവസ്തു വ്യാപാരി സന്തോഷ് നൽകിയ പരാതിയിലാണിത്. ശില്പങ്ങൾ വാങ്ങിയ ശേഷം മൂന്നുകോടി രൂപ നൽകാതെ കബളിപ്പിച്ചു എന്നാണ് പരാതി. മോൺസണിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളിൽ ഏറെയും സന്തോഷ് നൽകിയതായിരുന്നു. 'മോശയുടെ അംശവടി' എന്ന് മോൻസൺ അവകാശപ്പെട്ട വസ്തുവും ശില്പങ്ങളുമൊക്കെ സന്തോഷാണ് നൽകിയത്. ഇതിന്റെ പണം നൽകിയില്ല. പുരാവസ്തു വിറ്റ വകയിൽ തന്റെ അക്കൗണ്ടിൽ വന്ന കോടിക്കണക്കിന് പണം ആർ.ബി.ഐ. തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഇത് ലഭിച്ചാൽ പണം നൽകാമെന്നുമായിരുന്നു മോൻസൺ അറിയിച്ചിരുന്നത്.
സന്തോഷിന്റെ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് മോൻസണിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരെ ഒന്നിച്ചിരുത്തി ക്രൈംബ്രാഞ്ച് എസ്പി.യുടെ മേൽനോട്ടത്തിൽ ചോദ്യംചെയ്യുകയും ചെയ്തു. സന്തോഷിന് പണം നൽകാനുണ്ടെന്ന് മോൻസൺ മൊഴി നൽയിട്ടുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ