കൊച്ചി: പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പുകൾ നടത്തിയ മോൻസൺ മാവുങ്കൽ നടത്തിയ ക്രമക്കേടുകളുടെ ആഴം വളരെ വരുതാണ്. ഈ സംഭവത്തിലെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു. സാമ്പത്തിക തട്ടിപ്പിനു പിടിയിലായ മോൻസൻ മാവുങ്കൽ 2012ൽ തന്നെ കബളിപ്പിക്കാൻ ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി, അഗ്രികൾച്ചർ തീംപാർക്കായ മാംഗോ മെഡോസിന്റെ സ്ഥാപകൻ എൻകെ കുര്യൻ രംഗത്തുവന്നു.

മാംഗോ മെഡോസിൽ നിക്ഷേപിക്കാമെന്നു പറഞ്ഞായിരുന്നു മോൻസൻ തന്നെ സമീപിച്ചത്. പിന്നീട് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ പ്രശ്നമുണ്ടെന്നും അതു ശരിയാക്കാൻ എട്ടു ലക്ഷം നൽകണമെന്ന് ആവശ്യപ്പെട്ടതായും എൻകെ കുര്യൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. താൻ തലനാരിഴക്കാണ് രക്ഷപെട്ടതെന്നും കുര്യൻ പറയുന്നു.

കുര്യന്റെ പോസ്റ്റിൽ നിന്ന്:

2012ൽ ഒരു ദിവസം ഞാൻ മാംഗോ മെഡോസിലെ പണികളിൽ വ്യാപൃതനായിരിക്കുന്ന സമയം, എറണാകുളം മാർക്കറ്റ് റോഡിലെ വസ്ത്രവ്യാപാരിയായ ഹാഷിം എന്ന എന്റെ ഒരു സുഹൃത്ത് ഫോണിൽ വിളിച്ച്, എറണാകുളത്തെ ഒരു വലിയ ബില്ല്യനെയറും സെലിബ്രിറ്റിയുമായ ഒരാൾക്ക്, കുര്യൻ ചേട്ടനെ ഒന്നു കാണണമെന്നും, ഞാൻ കുര്യൻ ചേട്ടന്റെ നമ്പർ കൊടുത്തിട്ടുണ്ടന്നും പറഞ്ഞു. അടുത്ത ദിവസം എന്നെ, ഒരാൾവിളിച്ച് ഹാഷിമാണ് നമ്പർ നൽകിയതെന്നും, കുര്യൻ ചേട്ടൻ ചെയ്തു കൊണ്ടിരിക്കുന്ന സസ്യ സംബന്ധമായ പ്രവർത്തികൾ അദ്ദേഹത്തിന് വലിയ മതിപ്പുള്ള കാര്യങ്ങളാണന്നും, അതു കൊണ്ടു തന്നെ ആ പ്രോജക്ട് കാണാൻ ആഗ്രഹമുണ്ടന്നും, കൂടാതെ ഇങ്ങനെയുള്ള പ്രോജക്ടുകളിൽ തനിക്ക് പാർട്ടിസിപ്പേറ്റ് ചെയ്യാനും, മുതൽ മുടക്കാനും താത്പര്യമുണ്ടെന്നും, കുര്യൻ ചേട്ടനെപ്പോലെയുള്ള ഒരാളുടെ കൂടെ സഹകരിക്കുന്നത് ഒരു അംഗീകാരമാണെന്നുമൊക്കെപ്പറഞ്ഞു, കൂടാതെ നിരവധി സെലിബ്രിറ്റികളുടെ കൂടെയുള്ള ഫോട്ടോകൾ അയച്ച് തരുകയും ചെയ്തു.

ഞാനീ വിവരം ഹാഷിമിനെ വിളിച്ചറിയിച്ചതോടൊപ്പം അവർ തമ്മിലുള്ള പരിചയത്തെക്കുറിച്ചന്വേഷിച്ചു. ഹാഷിം മൂന്നാറിലോ മറ്റോ ആണ് അദ്ദേഹത്തെ ആദ്യമായി കണ്ടതെന്നും, അദ്ദേഹം സ്വന്തം കാരവാനിലാണ് സഞ്ചരിക്കുന്നതെന്നും മോഹൻലാലും മമ്മൂട്ടിയുമൊക്കെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളാണന്നും, മൂന്നാറിൽ വച്ച് ഭിക്ഷ യാചിക്കുന്നവർക്ക് പോലും അഞ്ഞൂറിന്റെ നോട്ടുകളാണ് അദ്ദേഹം നൽകുന്നതെന്നുമൊക്കെ പറഞ്ഞു, രണ്ട് ദിവസം കഴിഞ്ഞ്, ഈ ഞായറാഴ്ച അദ്ദേഹവും കുടുംബവും മാംഗോ മെഡോസിലേക്ക് വരികയാണന്നും കുര്യൻ ചേട്ടൻ അവിടെ ഉണ്ടാവുമോ എന്ന് ഹാഷിം വിളിച്ചു ചോദിച്ചു, ഉണ്ടാവുമെന്നറിയിച്ചതു പ്രകാരം, ഞാറാഴ്ച പറഞ്ഞതുപോലെ തന്നെ ഏതാണ്ട് ഉച്ചക്ക് 12 മണിയോട് കൂടി Dr. മോൺസണും രണ്ടു സുന്ദരികളായ സ്ത്രീകളും ഒരു മെഴ്സിഡസ് കാറിൽ വന്നിറങ്ങി, അന്ന് ഓഫീസായും റെസ്റ്റ് ഹൗസായായും, ഞാനുപയോഗിക്കുന്നത്, മാംഗോ മെഡോസിൽ ഇന്ന് കൂട്ടുകുടുംബം കോട്ടേജ് എന്നറിയപ്പെടുന്ന കെട്ടിടമായിരുന്നു. പ്രവർത്തികൾ നടന്നുകൊണ്ടിരുന്ന സമയമായിരുന്നതുകൊണ്ട് ഓഫീസിന്റെ മുൻവശംവരെ മോട്ടോർ വാഹനങ്ങൾ കയറ്റിക്കൊണ്ട് വരാമായിരുന്നു, എനിക്ക് നൽകാനായി, ചെറിയ എന്തോ സമ്മാനവും അദ്ദേഹം കൈയിൽ കരുതിയിരുന്നു, കൂടെയുള്ള സ്ത്രീകളിൽ ഒരാൾ ഭാര്യയും, മറ്റേയാൾ ഭാര്യയുടെ സുഹൃത്തുമാണന്നാണ് പരിചയപ്പെടുത്തിയത്, ശേഷം പ്രോജക്ടെല്ലാം കണ്ട് ഉച്ചഭക്ഷണമെല്ലാം കഴിച്ച് ഞങ്ങൾ പിരിഞ്ഞു, പോകാൻ നേരം എറണാകുളത്തുള്ള അദ്ദേഹത്തിന്റെ വീട് സന്ദർശിക്കണമെന്നും, കുര്യൻ ചേട്ടന്റെ ആഗ്രഹം പോലെ മാംഗോ മെഡോസ് എന്ന പ്രസ്ഥാനം ഇന്ത്യൻ മുഴുവൻ വ്യാപിപ്പിക്കാൻ അദ്ദേഹം തയ്യാറാണന്നും, പണം ഒരു പ്രശ്നമല്ലന്നുമൊക്കെ പറഞ്ഞു, കൂടാതെ അദ്ദേഹവും, സിനിമയിലെയും 'മറ്റും' അന്നത്തെ സൂപ്പർ താരങ്ങളുമായുള്ള ചിത്രങ്ങളും കാണിച്ച്, സിനിമയിലും മറ്റും അദ്ദേഹത്തിന്റെ ഇൻവെസ്റ്റ്മെന്റുകളുടെ വലിപ്പവും എനിക്ക് കാണിച്ചുതന്നു,

പിറ്റേദിവസം മുതൽ അദ്ദേഹം മിക്കവാറും ദിവസങ്ങളിൽ വിളിക്കുകയും, സെലിബ്രിറ്റികളുമായി നിൽക്കുന്ന ഫോട്ടോകൾ അയച്ചു കൊണ്ടിരിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു കൊണ്ടിരുന്നു, ഒരു ദിവസം, ഹാഷിമിന്റെ കൂടി നിർബന്ധത്തിൽ ഞാൻ മോൻസന്റെ വീട്ടിലേക്ക് പുറപ്പെട്ടു, ഹാഷിം കുണ്ടന്നൂർ തേവര പാലത്തിന് സമീപം നിൽക്കാമെന്നും, അവിടെ നിന്ന് ഒരുമിച്ച് മോൻസന്റ വീട്ടിലേക്ക് പോകാമെന്നും പറഞ്ഞിരുന്നു, പാലത്തിന്റെ അപ്രോച്ച് റോഡ് ഇറങ്ങുമ്പോൾത്തന്നെ ഇടതു വശത്തായിക്കാണുന്ന ഫ്ലാറ്റ് ഹാഷിം ചൂണ്ടിക്കാണിച്ചതന്നു, ഞാൻ സർവ്വീസ് റോഡിലിറങ്ങി ഫ്ലാറ്റിന് മുൻപിൽ എന്റെ കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങി, അപ്പോഴേക്കും മോൻസന്റെ കോൾ വന്നു, ഒരു മിനിസ്റ്ററുമായുള്ള മീറ്റിങ്ങായിരുന്നതുകൊണ്ട് കുറച്ച് താമസിച്ചെന്നും, ഓൺ ദി വേയിലാണെന്നും, ഒരഞ്ചു മിനിറ്റ് ഫ്ലാറ്റിന് മുൻപിൽ കിടക്കുന്ന കാരവാനിൽ വിശ്രമിക്കാമോ എന്നും ചോദിച്ചു, ഞാനും ഹാഷിമും, ഞങ്ങളെ പ്രതീക്ഷിച്ചിരുന്നതുപോലെ തോന്നിച്ച, ഡ്രൈവർ തുറന്നുതന്ന വാതിലിലൂടെ കാരവാനിൽ കയറി, നേരത്തെ തന്നെ എ സി യൊക്കെ ഓണാക്കിയിട്ടിരുന്നതുകൊണ്ട് വെയിലത്താണ് കാരവാൻ കിടന്നിരുന്നതെങ്കിലും അകത്ത് ചൂട് ഉണ്ടായിരുന്നില്ല, കാരവാനകത്ത് വിശാലമായ ബെഡ്റൂമും അടക്കളയും ടോയ്ലെററും, വിസിറ്റിങ്ങ് റൂമും, 55 ഇഞ്ച് ടി വിയുമെല്ലാമുണ്ട്, ഇടക്ക് മോൻസൻ വിളിച്ച്, മോഹൻലാലും, മോൻസണും മാത്രമേ ഈ കാരവാൻ ഉപയോഗിക്കാറുള്ളുവെന്നും, അതിനകത്താണ് കുര്യൻ ചേട്ടൻ ഇരിക്കുന്നതെന്നും പറഞ്ഞ് എന്നെ പ്രശംസിക്കുകയും ചെയ്തു.

കുറച്ച് കഴിഞ്ഞ് ഒരു BMW കാറിലെത്തിയ മോൻസനൊപ്പം ഞങ്ങൾ അദ്ദേഹത്തിന്റെ ഫ്ലാറ്റിലേക്ക് കയറിപ്പോയി, പോകുന്ന വഴിയിൽ ആ ഫ്ലാറ്റ് സമുച്ചയം അദ്ദേഹത്തിന്റെതാണെന്നും, അതിൽ രണ്ടാമത്തെ ഫ്ലോർ കോസ്മെറ്റിക്ക് കമ്പനിയുടെ ചെറിയൊരു ഓഫീസാണന്നും ഓരോ ബിസിനസിനും വിവിധ സ്ഥലങ്ങളിലാണ് ഓഫീസുകളെന്നും എനിക്ക് പറഞ്ഞു തന്നു. പറഞ്ഞതു പോലെ തന്നെ ആ ബിൽഡിങ്ങിലെ ഒരു ഫ്ലോർ പൂർണ്ണമായും അദ്ദേഹം ഉപയോഗിക്കുന്നതായിരിന്നു, ഫ്ലാറ്റിൽ ഒരുങ്ങാനും, ഒരുക്കാനുമുള്ള ഉപകരണങ്ങളും, കോസ്മെറ്റിക്ക് ചെയറുകളും, കോസ്മെറ്റിക്ക് പ്രോഡക്ട്സും ഒക്കെയായിരുന്നു കൂടുതലും, അതിൽ നിന്ന് മോൻസൻ ചെറിയൊരു ബോട്ടിലെടുത്ത്, ഒരത്ഭുതം കാണിക്കാമെന്ന് പറഞ്ഞ്, എന്നോട് ചോദിക്കാതെ തന്നെ എന്റെ കഷണ്ടിയിൽ കുറച്ചു നേരം റബ്ബ് ചെയ്തു, തുടർന്ന് കണ്ണാടിയിൽ നോക്കിയപ്പോൾ കഷണ്ടിലൊക്കെ മുടി വന്നതു പോലെ തോന്നിപ്പിച്ച് എന്നെ അത്ഭുതപ്പെടുത്തി, അപ്പോഴേക്കും മാംഗോ മെസോസിൽ മോൻസനോടൊപ്പം എത്തിയതിൽ ഒരു പെൺകുട്ടി കുടിക്കാൻ ഡ്രിങ്ങ്സുമായെത്തി. പിന്നീട് ബിസിനസാകുന്ന മഹാസമുദ്രത്തിൽ അദ്ദേഹം കപ്പലിറക്കി കളിക്കുന്നതിന്റെ മഹാകഥകൾ, ആ കടലിന്റെ തീരത്തിരുന്ന് വിയർത്ത് നിൽക്കുന്ന എന്നോട് വിവരിച്ച് എന്റെ മനസ്സിൽ ലഡ്ഡുവിന്റെ ഒരു മാലപ്പടക്കം തന്നെ പൊട്ടിച്ചിതറിച്ചു.

കൂട്ടത്തിൽ അദ്ദേഹം നേരിടുന്ന ഒരു ചെറിയ, നിസ്സാരമായ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടി, ഇന്ത്യ മുഴുവൻ മാംഗോ മെഡോസ് വ്യാപിപ്പിക്കുന്നതിനായി അദ്ദേഹം മുടക്കേണ്ട ഫണ്ട് റിലീസ് ചെയ്യുന്നതിന് റിസർവ് ബാങ്കിൽ നിന്ന് എന്തോ ഒരു ചെറിയ തടസമുണ്ടന്നും, അതു നീക്കാൻ അത്യാവശ്യമായി ഒരെട്ടുലക്ഷം രൂപ ഞാൻ അദ്ദേഹത്തിന് മറിച്ചു കൊടുക്കണമെന്നും മൂന്നു ദിവസത്തിനുള്ളിൽ ഫണ്ട് റിലീസായാലുടൻ തിരിച്ചുനൽകാമെന്നും, പിന്നെയൊന്നും പറയണ്ടല്ലോ എന്നും പറഞ്ഞു, കൂട്ടത്തിൽ അദ്ദേഹം എപ്പോഴും എടുത്തു പറയുന്ന Dr. മോൻസൺ എന്നതിലെ Dr.ക്കുറിച്ചു ഞാൻ അന്വേഷിച്ചു. കോസ്മെറ്റിക്കിലാണ് MDയെന്നദ്ദേഹം എന്നെയറിച്ചതിനാലും, നേരം വൈകിയിരുന്നതിനാലും, ഞാനും ഹാഷിമും സന്തോഷത്തോടെ മോൻസന് കൈ കൊടുത്ത് പിരിഞ്ഞു. പിന്നീട് പലതവണ മോൻസൻ വിളിച്ചു കൊണ്ടിരുന്നു, അദ്ദേഹത്തിന്റെ തിരക്കുകൾ കാരണമാകണം, ഒരു മാസം കഴിഞ്ഞ് പിന്നങ്ങനെയധികം വിളിയുണ്ടായില്ല. പിന്നീട് 2019 ലോ മറ്റോ ഒന്നു രണ്ട് തവണ മോൻസന്റെ കോൾ വന്നിരുന്നു, തിരക്കായതുകൊണ്ട് കോൾ എടുക്കാൻ എനിക്ക് സാധിച്ചില്ല. കഴിഞ്ഞ ദിവസം മോൻസണെക്കുറിച്ചുള്ള വാർത്തകൾ കണ്ട് ഞാൻ ഹാഷിമിനെ വിളിച്ചിരുന്നു, അപ്പോഴാണാണ് ഞെട്ടിക്കുന്ന ആ കാര്യം ഹാഷിം എന്നോട് പറയുന്നത്, അദ്ദേഹം മൂന്ന് മാസം മുൻപ് ഹാഷിമിനെ രണ്ടോ മൂന്നോ പ്രാവശ്യം വിളിച്ച്, നമുക്ക് കുര്യൻ ചേട്ടനെ കാണാൻ മംഗോ മെഡോസിൽ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നത്രേ!