തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്റെ സുരക്ഷാജോലിയിലുണ്ടായിരുന്ന എറണാകുളം സ്വദേശി റിജാസിന്റെ കൊലപാതകത്തിനു പിന്നിലെ യഥാർഥ കാരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. പുരാവസ്തു വിൽപ്പനയുടെ മറവിൽ മോൻസൺ മാവുങ്കൽ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വിലയിരുത്തൽ. ഇതും വിശദ അന്വേഷണത്തിന് വിധേയമാക്കും. 20,000 കോടി രൂപയുടെ വൻ ഹവാല ഇടപാടാണു മോൺസൺ പദ്ധതിയിട്ടിരുന്നതെന്നും ഇ.ഡി. കരുതുന്നു. മാവുങ്കലിന് ഇഡിയും ചോദ്യം ചെയ്യും.

ബൗൺസറായിരുന്ന റിജാസ് മൂന്നുവർഷം മുമ്പാണ് കൊല്ലപ്പെടുന്നത്. മോൻസന്റെ വിശ്വസ്തനായ ബൗൺസറായിരുന്നു റിജാസ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. പത്തോളം ബൗൺസർമാരായിരുന്നു മോൻസണു ചുറ്റും സുരക്ഷാവലയം തീർത്തിരുന്നത്. അഞ്ചുവർഷംമുമ്പ് രാജ്യാന്തര തലത്തിൽ നടന്ന റൈസ് പുള്ളർ (ആർ.പി) തട്ടിപ്പിൽ മോൻസണ് ബന്ധമുള്ളതായാണ് സംശയിക്കുന്നത്.

ആർ.പി. എന്ന ഓമനപ്പേരിൽ വിശേഷിപ്പിക്കുന്ന ഇറിഡിയം കോപ്പർ എന്ന ലോഹത്തിന് ലക്ഷങ്ങളാണ് ഈടാക്കിയിരുന്നത്. നെൽമണിയുടെ റൈസ് പുള്ളർ കൈയിൽവച്ചാൽ വളരെ പെട്ടന്നുതന്നെ കോടീശ്വരനായി മാറുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന് റൈസ് പുള്ളർ എത്തിച്ചതിലുള്ള തർക്കമാണ് റിജാസിന്റെ കൊലപാതകത്തിനു പിന്നിലെന്നാണ് സംശയം. റിജാസിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കണ്ണൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്. ഇയാളെ വീണ്ടും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

ബിനാമിയാണ് മാവുങ്കൽ എന്നാണ് ഇഡിയുടെ വിലയിരുത്തൽ. നാട്ടിലെ പ്രമുഖരുടെ കള്ളപ്പണം പുരാവസ്തുവാക്കിയാണു മോൻസൺ വിദേശത്തേക്കു കടത്തിയിരുന്നത്. ഈ പണം ഗൾഫ് നാടുകളിലും മറ്റും ബിസിനസിൽ മുതൽമുടക്കി. വിദേശിക്കു വൻതുകയ്ക്കു പുരാവസ്തു നൽകിയെന്നു പറഞ്ഞ് അവിടെനിന്നു നാട്ടിലേക്കു പണം അയപ്പിക്കുകയാണു ചെയ്തിരുന്നത്. പലരുടെയും അക്കൗണ്ടിലേക്കു വിദേശത്തുനിന്നു പണം വരുത്തുകയായിരുന്നെന്നും ഇ.ഡി. നിഗമനം.

പുരാവസ്തുവിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഇടനിലക്കാരനായിരുന്നു മോൺസണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പുരാവസ്തു നൽകി കബളിപ്പിച്ചെന്ന പരാതിയില്ലാത്തതു കള്ളപ്പണം ഇടപാടായതിനാലാണ്. വിദേശത്തു പുരാവസ്തു വിറ്റ വകയിൽ 20,000 കോടി രൂപ കിട്ടാനുണ്ടെന്നും വിദേശനാണയ വിനിമയച്ചട്ടം മറികടക്കാൻ പണമാവശ്യമുണ്ടെന്നും പറഞ്ഞാണു ശ്രീവത്സം ഗ്രൂപ്പിൽനിന്നു പണം വാങ്ങിയത്. ഒന്നരക്കോടി രൂപ മുടക്കി പള്ളിപ്പെരുന്നാൾ നടത്തിയതുപോലുള്ള ധൂർത്തിന്റെ മറവിലും കള്ളപ്പണം വെളുപ്പിച്ചു.

പുരാവസ്തുവിനു നിശ്ചിതവിലയില്ലാത്തതിനാൽ മോൻസൺ പറയുന്നതായിരുന്നു വില. 1000 രൂപപോലുമില്ലാത്ത വ്യാജപുരാവസ്തുക്കൾ ലക്ഷങ്ങൾക്കാണു വിറ്റത്. ഇങ്ങനെ ലഭിച്ച കള്ളപ്പണമാണു മോൻസൺ വെളുപ്പിച്ചത്. മോൻസന്റെ വീട്ടിൽക്കണ്ട മറ്റ് രാഷ്ട്രീയനേതാക്കളുടെ പേര് വെളിപ്പെടുത്താൻ പരാതിക്കാരനായ രാജീവ് തയാറായിട്ടില്ല. 1.68 കോടി രൂപ കൊടുത്തിട്ടുണ്ടെന്നാണു മൊഴി. പണം മടക്കിനൽകാതെ ഒരുവർഷം പിന്നിട്ടതിനാലാണു പരാതിപ്പെട്ടതെന്നും രാജീവ് പറയുന്നു. രാജീവ് ഉൾപ്പെടെയുള്ള പരാതിക്കാരിൽനിന്ന് ഇ.ഡി. മൊഴിയെടുക്കും.