- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡസ് ഇൻഡ് ബാങ്കിലെ അക്കൗണ്ടിൽ പണമില്ല; അക്കൗണ്ടിലൂടെ വലിയ തുകയുടെ കാര്യമായ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നതും ആശ്ചര്യകരം; കൊച്ചിയിലെ ആ അജ്ഞാത ഡോക്ടർ പുരാവസ്തു തട്ടിപ്പിലെ വില്ലനോ? വ്യാജ സ്വത്ത് കണ്ടെത്താൻ ബെനാമികൾക്ക് പിറകേ ക്രൈംബ്രാഞ്ച്
കൊച്ചി: മോൻസൺ മാവുങ്കലിന്റെ സ്വത്ത് കണ്ടെത്താനുള്ള പൊലീസ് ശ്രമം എങ്ങും എത്തുന്നില്ല. മാവുങ്കലിന് ശത കോടികളുടെ സ്വത്തുണ്ടെന്ന് തന്നെയാണ് ക്രൈംബ്രാഞ്ച് നിഗമനം. അതിനിടെ മാവുങ്കലിനെതിരെ സാമ്പത്തിക തട്ടിപ്പ് കുറ്റങ്ങൾ മാത്രമേ ചുമത്താനും കഴിയൂ. അതുകൊണ്ട് തന്നെ അധികം വൈകാതെ മോൻസണ് ജാമ്യവും കിട്ടും.
മോൻസണിന്റെ പേരിൽ ആകെ ഒരു ബാങ്ക് അക്കൗണ്ടുമാത്രമാണുള്ളത്. ഇൻഡസ് ഇൻഡ് ബാങ്കിലെ അക്കൗണ്ടിൽ പണമില്ലെന്ന് ക്രൈംബ്രാഞ്ച് പരിശോധനയിൽ വ്യക്തമായി. പലരിൽനിന്നായി ലക്ഷങ്ങൾ പണമായി വാങ്ങുന്നതായിരുന്നു രീതി. പണം ആഡംബരജീവിതത്തിനായി ധൂർത്തടിക്കും. ഇൻഡസ് ഇൻഡ് ബാങ്ക് അക്കൗണ്ടിലൂടെ വലിയ തുകയുടെ കാര്യമായ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. സാമ്പത്തിക ഇടപാടുകൾ വൻതോതിൽ നടന്നിട്ടുണ്ടെങ്കിലും ഒന്നിനും രേഖകളില്ല. ഇതാണ് ക്രൈംബ്രാഞ്ചിനെ വെട്ടിലാക്കുന്നത്.
ബെനാമികൾ വഴി കൊച്ചിയിലെ കണ്ണായ സ്ഥലങ്ങളിൽ മാവുങ്കൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അതിനിടെ കൊച്ചിയിൽ വസ്തുക്കൾ വാങ്ങി കൂട്ടിയ അജ്ഞാത 'ഡോക്ടർ' മോൻസൻ മാവുങ്കലാണോയെന്നു കണ്ടെത്താൻ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണം തുടങ്ങി. 5 വർഷം മുൻപാണു കൊച്ചി നഗരത്തിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കിടയിൽ 'ഡോക്ടർ' എന്ന പദം ചർച്ചയായത്. വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസ് പ്രതിയാണ് ഈ ഡോക്ടർ എന്നാണ് സംശയം.
വിദേശത്താണെന്നു പറയപ്പെട്ട 'ഡോക്ടർ' ഒരിക്കൽ പോലും ഇടനിലക്കാർക്കു മുന്നിൽ നേരിട്ടു പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇടപാടുകൾ നടത്താൻ പണവുമായി എത്തുന്ന ബെനാമികളെ മാത്രമാണു ബ്രോക്കർമാർക്കു പരിചയമുള്ളത്. തട്ടിപ്പുകേസിൽ അറസ്റ്റിലാവുന്നതുവരെ മോൻസനും 'ഡോക്ടർ' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതാണ് സംശയങ്ങൾക്ക് കരാണം. അതിശക്തമായ അന്വേഷണമാണ് വ്യാജ സ്വത്ത് കണ്ടെത്താനായി നടക്കുന്നത്.
ബെനാമി അക്കൗണ്ടുകൾ വഴി ഇയാൾ വൻതോതിൽ പണമിടപാടുകൾ നടത്തിയിട്ടുണ്ട്. ഇവർക്കു വേണ്ടി റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിട്ടുള്ള ബ്രോക്കർമാരുടെ സഹകരണത്തോടെ ബെനാമികളിലേക്ക് അന്വേഷണം എത്തിക്കാനാണ് നീക്കം. 'ഡോക്ടറുടെ' തട്ടിപ്പുകൾ കണ്ടെത്താൻ പ്രവാസി സംഘടനയേയും ചോദ്യം ചെയ്യും.
മോൻസന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും ബെനാമികളെയും ഇടനിലക്കാരെയും മുന്നിൽ നിർത്തിയാണെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. തട്ടിപ്പിനിരയായവർ മോൻസനു നൻകിയ പണം ഇപ്പോഴും എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. മോൻസനുമായി അടുപ്പമുള്ള പലരെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തെങ്കിലും തട്ടിയെടുത്ത പണത്തെക്കുറിച്ച് അവരും മൊഴി നൽകിയിട്ടില്ല.
തെളിവുകൾ ശേഖരിക്കാൻ ഒളിക്യാമറയുമായി ഒരു വർഷത്തോളം മോൻസനെ പിന്തുടർന്ന പരാതിക്കാർക്കും അവർ നൽകിയ പണം മോൻസൻ എവിടെയാണു നിക്ഷേപിച്ചതെന്നതു സംബന്ധിച്ചു സൂചനകളില്ല. ഈ സാഹചര്യത്തിലാണു മോൻസന്റെയും അടുപ്പക്കാരുടെയും ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹകരണത്തോടെ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം ഫലം കണ്ടില്ലെങ്കിൽ മോൻസനെതിരായ പ്രോസിക്യൂഷൻ നടപടികൾ ദുർബലമാകും. പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത 5 തട്ടിപ്പു കേസുകളിലെ ആദ്യ 2 കേസുകളിലെ പൊലീസ് കസ്റ്റഡി ഇന്നലെ അവസാനിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 20 വരെ റിമാൻഡ് ചെയ്തു. ശേഷിക്കുന്ന 3 കേസുകളിലും ക്രൈംബ്രാഞ്ച് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും.
പണം നൽകിയതിന്റെ രേഖകൾ പലരുടെയും പക്കലില്ലാത്തതിനാൽ പരാതികളും കാര്യമായി വന്നിട്ടില്ല. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഇപ്പോഴും അന്വേഷകസംഘത്തിന്റെ ചോദ്യങ്ങളോട് മോൻസൺ കാര്യമായി പ്രതികരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. മോൻസൺ മാവുങ്കലിന്റെ പക്കലുള്ള ആഡംബരകാറുകൾക്കൊന്നും ആവശ്യമായ രേഖകളില്ലെന്നും രൂപമാറ്റം വരുത്തിയതും കണ്ടംചെയ്യേണ്ടവയാണെന്നും മോട്ടോർ വാഹനവകുപ്പു കണ്ടെത്തി. ക്രൈംബ്രാഞ്ച് സംഘത്തിന്റെ ആവശ്യപ്രകാരം വാഹനങ്ങൾ പരിശോധിച്ച മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
കലൂരിലെ വീട്ടുവളപ്പിൽ സൂക്ഷിച്ച എട്ടു കാറുകളാണ് പരിശോധിച്ചത്. ഇവയ്ക്ക് കാഴ്ചവസ്തുമൂല്യം മാത്രമാണുള്ളത്. വാഹനങ്ങളൊന്നും മോൻസണിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. യഥാർഥ ഉടമസ്ഥരെ തിരിച്ചറിഞ്ഞിട്ടുമില്ല. മഹാരാഷ്ട്ര, ഹരിയാന, ഡൽഹി, മധ്യപ്രദേശ് രജിസ്‌ട്രേഷനിലാണ് വാഹനങ്ങൾ. രേഖകൾ യഥാർഥത്തിലുള്ളതാണോ എന്ന പരിശോധന നടക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ