കൊച്ചി: വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോൻസൻ സ്‌പോൺസർ ചെയ്ത പൊതുപരിപാടികളും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരിശോധിക്കും. കേരള പൊലീസ് സംഘടിപ്പിച്ച ചടങ്ങുകൾ, മതപരമായ ആഘോഷങ്ങൾ, ധർമസംഘങ്ങളായി രജിസ്റ്റർ ചെയ്ത സംഘടനകൾ, സ്വകാര്യ വ്യക്തികളുടെ കൂട്ടായ്മകൾ സംഘടിപ്പിച്ച പരിപാടികൾ എന്നിവയാണു മോൻസൻ വൻതുക നൽകി സ്‌പോൺസർ ചെയ്തിരുന്നത്.മോൻസന്റെ ജീവനക്കാരും പരിചയക്കാരും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

പൊതുപരിപാടികൾക്കു വേണ്ടി വൻതുകകളാണു മോൻസൻ സംഘാടകർക്കു കൈമാറിയിട്ടുള്ളത്.ഭാരവാഹികളുടെ സ്വകാര്യ അക്കൗണ്ടുകൾ വഴി വലിയ തുകകൾ പൊതു പരിപാടികൾക്കു വേണ്ടി കൈമാറിയതിൽ ദുരൂഹതയുണ്ട്. മോൻസൻ തട്ടിപ്പിലൂടെ നേടിയ പണമാണെന്ന അറിവോടെ തുക കൈപ്പറ്റിയ സംഘാടകരുമുണ്ട്. ഇവരെ ആദ്യ ഘട്ടത്തിൽ ചോദ്യം ചെയ്യും. എന്തുതരം 'പ്രത്യുപകാരമാണു' മോൻസന് ഇവരിൽ നിന്നു ലഭിച്ചതെന്നതു കേസന്വേഷണത്തിൽ നിർണായകമാണ്.

എന്നാൽ പ്രാഥമിക പരിശോധനകളിൽ പല സംഘാടകരും ഈ തുക മുഴുവൻ കണക്കിൽ വരവുവച്ചതായി കാണുന്നില്ല. മോൻസനും ഇക്കാര്യം അറിയാം. എന്തുതരം നീക്കുപോക്കാണു മോൻസനും സംഘാടകരും ഇത്തരം തുക കൈമാറ്റങ്ങളിൽ നടത്തിയതെന്നാണു പരിശോധിക്കുന്നത്. പരിപാടി നടത്തുന്ന സംഘടനയുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളിലൂടെയല്ല ഇത്തരം തുക കൈമാറ്റം.

ഇത്തരം സംഘടനകളുടെ ഭാരവാഹികളുമായുണ്ടാക്കിയ ചങ്ങാത്തം മുതലെടുത്ത് ഇവരുടെ അക്കൗണ്ടുകളിലൂടെ പിന്നീട്, തട്ടിപ്പുകളിലൂടെ നേടിയ പണം കൈമാറിയിട്ടുണ്ടോയെന്ന അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. മോൻസൻ തട്ടിയെടുത്തതായി പറയുന്ന 10 കോടിരൂപ കണ്ടെത്താൻ ഇതുവരെ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.