- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചികിൽസയുടെ പേരിൽ പല യുവതികളേയും താമസിപ്പിച്ചു; പല പ്രമുഖരും ഒന്നും അറിയാതെ പെൺമക്കളെ സൗന്ദര്യം കൂട്ടാൻ ഇവിടെ താമസിപ്പിച്ചത് വാണിഭത്തിന് മറയാക്കി; ജോലിക്കാരിയുടെ മകൾ പറയുന്നത് സെക്സ് മാഫിയയുടെ ക്രൂരതകൾ; മോൻസണെ രക്ഷിച്ച ആ ഉന്നതൻ ആര്?
കൊച്ചി: വ്യാജപുരാവസ്തു- സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കൽ സൗഹൃദവലയത്തിലുള്ള ഉന്നതർക്കു പെൺകുട്ടികളെ കാഴ്ചവച്ചിരുന്നതായും ആരോപണം. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസ് ചുമത്തിയതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്. മോൻസനെ രക്ഷിക്കാൻ ശ്രമിച്ച ഉന്നതൻ ആരെന്ന ചോദ്യവും ഇപ്പോൾ സജീവമാണ്.
വിവിധ തലങ്ങളിൽ സ്വാധീനമുള്ളവരെ സുഹൃത്തുക്കളാക്കാൻ മോൻസൻ ഈ വഴി ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. മറ്റൊരു പീഡനക്കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതിനു മോൻസനെ രണ്ടാം പ്രതിയാക്കി സൗത്ത് പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകൾ മോൻസണെ കൂടുതൽ കാലം ജയിലിലാക്കും.
മോൻസണിന്റെ വീട്ടിൽ ചികിൽസയുടെ പേരിൽ പല യുവതികളും താമസിച്ചിരുന്നു. പല പ്രമുഖരും പെൺവാണിഭത്തെ കുറിച്ച് അറിയാതെ പെൺമക്കളെ മോൻസണിന്റെ വീട്ടിൽ താമസിപ്പിച്ചു. സൗന്ദര്യ ചികിൽസയ്ക്ക് വേണ്ടിയായിരുന്നു ഇത്. ഈ നീക്കം മോൻസണ് തുണയായി. ഇതിന്റെ മറവിലാണ് മോൻസണിന്റെ പീഡനവും വാണിഭവും എന്നാണ് സൂചന. കൂടുതൽ പരാതിക്കാർ എത്തിയാൽ പീഡനത്തിന് പുതിയ തലം കിട്ടും. പലരും മോൻസണിന്റെ സ്വാധീനം കണ്ട് പേടിച്ചിരുന്നു. എന്നാൽ അറസ്റ്റിലായതോടെ പലരും പരാതി പറയാൻ ഒരുങ്ങുകയാണ്.
പൊലീസ് ഉദ്യോഗസ്ഥർ വരെ മോൻസണിന്റെ വീട്ടിലെ സ്ഥിര താമസക്കാരായിരുന്നു. കൊച്ചി കമ്മീഷണറായിരുന്ന സുരേന്ദ്രനുമായുള്ള അടുപ്പം തെളിഞ്ഞു കഴിഞ്ഞു. ഇതിനൊപ്പം പുരാവസ്തുക്കളുടെ മറവിൽ പല പൊലീസ് ഉന്നതരേയും വീട്ടിലെത്തിച്ചു. ഇതെല്ലാം പെൺവാണിഭത്തിനുള്ള മറയൊരുക്കാൻ കാരണമായി. പൊലീസിനെ അറിയിച്ചാലും കേസ് എടുക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ മോൻസൺ നൽകിയത്. ഇതാണ് ഇപ്പോൾ പൊളിയുന്നതും.
പ്രതിയുടെ ഒരു സ്ഥാപനത്തിലെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണു എറണാകുളം നോർത്ത് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഒരു തവണ പെൺകുട്ടി ഗർഭിണിയായപ്പോൾ വിവാഹവാഗ്ദാനം ചെയ്തു ഗർഭഛിദ്രം നടത്തിയതായും സംശയിക്കുന്നു. മോൻസന്റെ ഉന്നത സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നൽകാതിരുന്നതെന്നും മാതാവു പൊലീസിനു മൊഴി നൽകി.
മകൾക്ക് ഉന്നതവിദ്യാഭ്യാസം വാഗ്ദാനം ചെയ്തു കലൂരിലെ വീട്ടിൽ താമസിപ്പിച്ചു പീഡിപ്പിച്ചെന്നാണു ജീവനക്കാരിയുടെ പരാതി. കൊച്ചിയിലെ മറ്റൊരു വീട്ടിലും പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതായും മാതാവ് മൊഴി നൽകി. കുറ്റകൃത്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു നൽകിയ പരാതി സിറ്റി പൊലീസ് കമ്മിഷണർക്കു കൈമാറുകയായിരുന്നു. പീഡനക്കേസിൽ പെൺകുട്ടിയും മാതാവും മൊഴി നൽകി. കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. സാമ്പത്തിക തട്ടിപ്പു കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മോൻസന്റെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തും.
പെൺകുട്ടിയുടെ മാതാവ് മോൻസന്റെ സൗന്ദര്യവർധക ചികിത്സാ കേന്ദ്രത്തിലെ ജോലിക്കാരിയായിരുന്നു. 17 വയസ്സു മുതൽ കുട്ടിയെ ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നെന്നാണ് പരാതി. പെൺകുട്ടിയെ ദീർഘകാലം പീഡിപ്പിച്ചതായാണു മൊഴി. മോൻസൻ അറസ്റ്റിലാകുന്നതിനു തൊട്ടു മുൻപുള്ള ദിവസങ്ങളിലും കുറ്റകൃത്യം ആവർത്തിച്ചതായി മൊഴിയിലുണ്ട്. മറ്റാർക്കെങ്കിലും സമാനപരാതിയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു.
മോൻസൻ അറസ്റ്റിലായതിനു പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ചില പൊലീസുകാർ നിരുൽസാഹപ്പെടുത്തിയെന്നും തനിക്കു വധഭീഷണി ഉണ്ടായിരുന്നതിനാലാണ് ഇതുവരെ പൊലീസിൽ പരാതി നൽകാതിരുന്നതെന്നും പെൺകുട്ടിയുടെ മാതാവ് പറയുന്നു. മോൻസനെതിരെ പരാതി നൽകിയ ചിലർ നിർദ്ദേശിച്ചതനുസരിച്ച് മുഖ്യമന്ത്രിക്കു പരാതി നൽകുകയായിരുന്നു. മുഖ്യമന്ത്രി സിറ്റി പൊലീസ് കമ്മിഷണർക്കു കൈമാറിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
17 വയസ്സു മുതൽ അമ്മയ്‌ക്കൊപ്പം കലൂരുള്ള മോൻസന്റെ ചികിൽസാ കേന്ദ്രത്തിൽ സഹായത്തിനു പോയിരുന്നെന്ന് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. ആദ്യമെല്ലാം മാന്യമായി പെരുമാറിയിരുന്ന മോൻസൻ ചികിൽസയുടെ ചിത്രങ്ങൾ എന്ന പേരിൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചു. പിന്നാലെയായിരുന്നു പീഡനം. ഗർഭിണിയായപ്പോൾ, പരാതിപ്പെടരുതെന്നും പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകി. ഉന്നത പഠനത്തിന് സാമ്പത്തിക സഹായം നൽകുമെന്നും പറഞ്ഞു.
പിന്നീട് ചികിത്സാ കേന്ദ്രത്തിലേക്ക് ഒരാളെ വരുത്തി ഗർഭച്ഛിദ്രം നടത്തി. 2019 മുതൽ പലവട്ടം പീഡിപ്പിച്ചു. മോൻസന്റെ ജീവനക്കാരും ഉപദ്രവിച്ചിരുന്നു. പരാതി നൽകാനൊരുങ്ങിയപ്പോൾ മോൻസന്റെ ഗുണ്ടകൾ വീട്ടിലെത്തി തന്നെയും അമ്മയെയും ഭീഷണിപ്പെടുത്തി. സഹോദരന്റെ ഭാര്യയാണ് പരാതി നൽകാൻ ധൈര്യം നൽകിയതെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. ഇയാളുടെ മറ്റു കേസുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഈ കേസും കൈമാറിയെന്നും അവരാണ് അന്വേഷിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ