- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനക്കൊമ്പും തിമിംഗല അസ്ഥിക്കും പിന്നിലും വമ്പൻ മാഫിയ; ചോദ്യം ചെയ്യലിൽ വനംവകുപ്പിന് കിട്ടുന്നത് നിർണ്ണായക വിവരങ്ങൾ; തിമിംഗല ചർദ്ദി വിൽപ്പനയ്ക്ക് വ്യാജന്മാരും; മോൻസൺ മാവുങ്കൽ വനം വകുപ്പിന്റെ കസ്റ്റഡിയിൽ
കൊച്ചി: വ്യാജപുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസനിൽ നിന്നും വനം വകുപ്പിന് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന. വന്യജീവി സംരക്ഷണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യാനായി വനംവകുപ്പു കസ്റ്റഡിയിൽ കഴിഞ്ഞ ദിവസം മോൻസണെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
പ്രതിയുടെ താമസസ്ഥലത്തു നിന്ന് ആനക്കൊമ്പിനോടും തിമിംഗല അസ്ഥിയോടും സാദൃശ്യമുള്ള ഉരുപ്പടികൾ, ശംഖ്, പവിഴപ്പുറ്റ് എന്നിവ കണ്ടെത്തിയതിനെ തുടർന്നാണു കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് തിമിംഗല മാഫിയ സജീവമാണെന്നതിന്റെ തളിവുകളും വനംവകുപ്പിന് കിട്ടി. കടലിലെ അമൂല്യ വസ്തുക്കൾ അനധികൃതമായി വിൽപ്പന നടത്തുന്ന സംഘത്തെ കുറിച്ചാണ് വിവരങ്ങൾ കിട്ടിയത്. വ്യാജ അനക്കൊമ്പും തിമിംഗല ചർദ്ദിയും വരെ കേരളത്തിൽ ലഭ്യമാണെന്നാണ് സൂചന.
മൊഴി എടുപ്പ് പൂർത്തിയായ ശേഷം പ്രതിയെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തും. 2 ദിവസത്തേക്കാണു കുറുപ്പംപടി മജിസ്‌ട്രേട്ട് കോടതി കസ്റ്റഡി അനുവദിച്ചത്. 8 അടി നീളം വരുന്ന 2 എല്ലുകളാണു വനം വകുപ്പു പിടിച്ചെടുത്തത്. ഇതു തിമംഗലത്തിന്റേതാണെന്നാണു സംശയം.പിടിച്ചെടുത്ത ഉരുപ്പടികൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഉരുപ്പടികൾ മോൻസൻ എവിടെനിന്നു വാങ്ങിയെന്നു വ്യക്തമായിട്ടുണ്ടെന്നാണ് സൂചന.
മോൻസന്റെ വീട്ടിൽ ഇവ കണ്ടെത്തിയ ക്രൈംബ്രാഞ്ച് സംഘമാണു വനംവകുപ്പിനു വിവരം കൈമാറിയത്. കോടനാട് ഫോറസ്റ്റ് ഡിവിഷൻ ഓഫിസിലാണു മോൻസനെ ചോദ്യം ചെയ്യുന്നത്. സാമ്പത്തിക തട്ടിപ്പു കേസിലാണു മോൻസനെതിരെ പൊലീസിനു പരാതി ലഭിച്ചതെങ്കിലും അന്വേഷണം പുരോഗമിച്ചപ്പോഴാണു മറ്റു കേസുകളും രജിസ്റ്റർ ചെയ്തത്.
വനംവകുപ്പ് കേസിനു പുറമേ മോൻസന്റെ ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ പോക്‌സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോൻസനെതിരായ മുഴുവൻ കേസുകളും കെട്ടിച്ചമച്ചതാണെന്ന വാദമാണു പ്രതിഭാഗം കോടതിയിൽ ആവർത്തിക്കുന്നത്. തട്ടിപ്പു കേസിൽ പല തവണ ചോദ്യം ചെയ്തിട്ടും പരാതിക്കാർ നൽകിയതായി പറയുന്ന 10 കോടി രൂപ കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.
പോക്‌സോ കേസിലെ മുഖ്യസാക്ഷിയുടെ വൈദ്യപരിശോധന സംബന്ധിച്ച് അന്വേഷണസംഘവും എറണാകുളം മെഡിക്കൽ കോളജിലെ ഡോക്ടർമാരും ശീതസമരത്തിലാണ്. കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള മോൻസന്റെ അടുപ്പത്തിന്റെ തെളിവുകൾ പുറത്തുവന്നതും അന്വേഷണത്തിലെ പാളിച്ചകളും പ്രതിഭാഗത്തിനു സഹായകരമാകുമെന്ന ആശങ്കയിലാണു പരാതിക്കാർ.
മറുനാടന് മലയാളി ബ്യൂറോ