- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം വാങ്ങിയ റേഞ്ച് റോവറിന് അഞ്ച് ലക്ഷം രൂപ നൽകി; പിന്നാലെ ബെൻസ്, ബി.എം.ഡബ്ല്യു, പോർഷെ.....; ഏഴ് ആഡംബര കാറുകൾ മോൻസൻ 'വാങ്ങിയത്' 500 രൂപയ്ക്ക്; പണം തരാതെ തന്നെ പറ്റിച്ചതായി പഴയ ആഡംബര കാറുകളുടെ വിൽപന നടത്തുന്ന ത്യാഗരാജൻ
കൊച്ചി: 20 വർഷം വരെ പഴക്കമുള്ള ഇറക്കുമതി ചെയ്ത ഏഴ് ആഡംബര കാറുകൾ മോൻസൻ മാവുങ്കൽ കൊച്ചിയിലെത്തിച്ചത് വെറും 500 രൂപ മാത്രം നൽകി. ആദ്യം വാങ്ങിയ റേഞ്ച് റോവറിന് പക്ഷേ അഞ്ച് ലക്ഷം രൂപ നൽകി. ബെംഗളൂരു കോർപറേഷൻ സർക്കിളിൽ പഴയ ആഡംബരക്കാറുകളുടെ വിൽപന നടത്തുന്ന ത്യാഗരാജനെ പറ്റിച്ചാണ് ഈ വാഹനങ്ങൾ കൊച്ചിയിലെയും ചേർത്തലയിലെയും വീടുകളിൽ നിരത്തിയത്.
ബെൻസ്, ബി.എം.ഡബ്ല്യു, പോർഷെ തുടങ്ങിയ ആഡംബര കാറുകളാണ് ബംഗളൂരുവിലെ ത്യാഗരാജൻ എന്നയാളിൽനിന്ന് വാങ്ങിയത്. എന്നാൽ, പണം തരാതെ തന്നെ പറ്റിച്ചതായി ത്യാഗരാജൻ പറഞ്ഞു.
ബെംഗളൂരു കോർപറേഷൻ സർക്കിളിൽ പഴയ ആഡംബരക്കാറുകളുടെ വിൽപന നടത്തുകയാണ് ത്യാഗരാജൻ. 500 രൂപ മാത്രം നൽകിയാണ് ഏഴ് ആഡംബര വാഹനങ്ങൾ മോൻസൻ കൊച്ചിയിലെത്തിച്ചത്. റേഞ്ച് റോവർ വാങ്ങാനാണ് മോൻസൻ ആദ്യം ത്യാഗരാജന്റെ ഗാരേജിൽ എത്തിയത്. ഇതിന് 5 ലക്ഷം രൂപ നൽകി.
ബാക്കിയുള്ളവക്ക് 500 രൂപ അഡ്വൻസ് മാത്രമാണ് നൽകിയതത്രെ. പണം ചോദിക്കുമ്പോഴൊക്കെ, അക്കൗണ്ടിൽ 'മരവിപ്പിച്ച' കോടിക്കണക്കിന് രൂപയുടെ കഥ പറഞ്ഞാണ് ത്യാഗരാജനെയും വീഴ്‌ത്തിയത്. കാറുകൾക്ക് എല്ലാം കൂടി രണ്ടു കോടി രൂപയോളം വിലവരുമെന്ന് ത്യാഗരാജൻ പറയുന്നു.
മോൻസന്റെ വീട്ടിൽ നിരത്തിയിട്ടിരിക്കുന്ന ആംഡംബരക്കാറുകളിൽ ചിലത് രൂപമാറ്റം വരുത്തിയതാണ്. റേഞ്ച് റോവർ വാങ്ങിയതിന് പിന്നാലെയാണ് പറ്റിപ്പിന്റെ തന്ത്രങ്ങൾ പുറത്തെടുത്തത്. സ്ഥിരം കഥാപ്രസംഗം അവതരിപ്പിച്ചു.
വിദേശത്തുനിന്ന് കോടിക്കണക്കിന് രൂപ വരാനുണ്ടെന്ന് പറഞ്ഞതിൽ ത്യാഗരാജനും വീണു. 500 രൂപ നൽകി ഒന്നിനു പുറകെ ഒന്നായി ഏഴു കാറുകൾ കൊച്ചിയിലേക്ക് കൊണ്ടുവന്നു. ബെൻസ്, ബിഎംഡബ്ല്യു, പോർഷെ തുടങ്ങിയ മുന്തിയ ബ്രാൻഡുകളാണ് മോൻസന്റെ പക്കലുള്ളത്. ഈ കാറുകളുടെ പണം വാങ്ങാനായി 10 തവണയാണു ത്യാഗരാജൻ കൊച്ചിയിലെത്തിയത്.
പക്ഷേ മോൻസന്റെ പൊടിപോലും കണ്ടുകിട്ടിയില്ല. പലപ്പോഴും കൊച്ചിയിലെ രാവണൻകോട്ട പോലുള്ള മോൻസന്റെ വീടിനു മുന്നിലെത്തി മടങ്ങി. കാറുകൾക്ക് എല്ലാം കൂടി രണ്ടു കോടി രൂപയോളം വിലവരുമെന്ന് ത്യാഗരാജൻ പറയുന്നു. ചേർത്തലയിലെ പൊലീസ് സ്റ്റേഷനിലാണ് ഈ കാറുകളിൽ ചിലതുള്ളത്.
അതിനിടെ, മോൻസൺ ലാപ്‌ടോപ്പും നോട്ടെണ്ണൽ യന്ത്രവും ഘടിപ്പിച്ച ലിമോസ് കാറിന് ഇൻഷുറൻസുപോലുമില്ല. ഏഴ് വാഹനത്തിന്റെ നമ്പർ പ്ലേറ്റുകളും വ്യാജം. ലക്‌സസ്, റേഞ്ച്‌റോവർ എന്നിവയുടെ വിവരമൊന്നും പരിവാഹൻ വെബ്‌സൈറ്റിലില്ല. ഫെരാരി രൂപമാറ്റം വരുത്തിയതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതിൽ ഹരിയാന രജിസ്‌ട്രേഷനിലുള്ള ഒന്നുമാത്രമാണ് മോൻസണിന്റെ പേരിലുള്ളത്. ഈ രജിസ്‌ട്രേഷൻ 2019ൽ അവസാനിച്ചു.
വൻകിട കാറുകൾ മുറ്റത്ത് നിരത്തിയിട്ട് വമ്പൻ സെറ്റപ്പാണെന്ന് വരുത്തിത്തീർക്കുക മാത്രമായിരുന്നു മോൻസണിന്റെ ലക്ഷ്യം. പലതും മൂന്നും നാലും കൈമറിഞ്ഞതാണെന്ന് സംശയിക്കുന്നു. കാറുകളിൽ ചിലത് പരാതിക്കാർക്കും ഇയാൾ കൈമാറിയിട്ടുണ്ട്.
കോടിക്കണക്കിന് രൂപ വിലയുള്ള വിദേശ ആഡംബര കാറുകളുടെ മോടി കാണിച്ചായിരുന്നു പണം നൽകുന്നവരെ മോൺസൻ വശീകരിച്ചിരുന്നത്. ലക്ഷങ്ങൾ ഇരട്ടിയാക്കി നൽകാം എന്നുപറഞ്ഞ് വാങ്ങുമ്പോൾ പകരം 'ഇതിരിക്കട്ടെ' എന്നുപറഞ്ഞ് കാറുകൾ ഉപയോഗിക്കാൻ നൽകും. 'ഈടായി' കാർ നൽകുന്നതോടെ മോൻസണിലുള്ള വിശ്വാസം ഇരട്ടിയാകും. പണത്തോടുള്ള അത്യാർത്തിയാണ് പലരും മോൺസന്റെ വലയിൽവീഴാൻ കാരണം.
കാറുകളുടെ എൻജിൻ നമ്പറും ഷാസി നമ്പറും കണ്ടെത്തി യഥാർഥ ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മോട്ടോർ വാഹന വകുപ്പ്. വെള്ളിയാഴ്ചയും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന തുടർന്നു. മോൻസണിന്റെ ആഡംബര കാർ ഇടപാട് അന്വേഷിക്കാൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഉടമസ്ഥാവകാശം വ്യക്തമായാൽ കാർ രൂപമാറ്റം വരുത്തിയതിന് മോൺസണിനെതിരെ നടപടിയുണ്ടാകും.
മോൺസൻ മാവുങ്കലിന്റെ വാഹനങ്ങളെല്ലാം പഴയതാണെന്ന് മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. നിരത്തിലിറക്കാൻ യോഗ്യമല്ലാത്ത കാറുകളാണ് മോൺസന്റേത്. എട്ട് കാറുകളുടെ രജിസ്ട്രേഷൻ കേരളത്തിന് പുറത്താണെന്നും വ്യക്തമായിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ മോൺസന്റെ വീട്ടിലെത്തി വാഹനങ്ങൾ പരിശോധിച്ചത്. വാഹനങ്ങളുടെ താക്കോൽ ചോദിച്ചപ്പോൾ വീട്ടിലുള്ളവർ ആദ്യഘട്ടത്തിൽ കൈമാറാൻ തയ്യാറായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ആഡംബരക്കാറുകൾ എന്ന് പറയുന്നുണ്ടെങ്കിൽ സ്റ്റാർട്ട് ആക്കാൻ പോലും പറ്റാത്തവയായിരുന്നു പലതും. എട്ടുകാറുകളും യാത്രായോഗ്യമല്ലായിരുന്നു. വാഹനങ്ങൾ മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഇവ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ