കൊച്ചി: മോൻസൻ മാവുങ്കൽ കേസിൽ അനിത പുല്ലയിലിന്റെ പങ്ക് എന്താണെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തിൽ മറുപടി നൽകാൻ കോടതി സർക്കാരിനോട് നിർദേശിച്ചു. മോൻസനുമായി ബന്ധപ്പെട്ട സംഭവങ്ങളെ തമാശയായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. ഇവ ഗൗരവത്തോടെ കാണേണ്ട വിഷയങ്ങളാണ്. എഡിജിപിയും ഡിജിപിയും ആരോപണവിധേയരായി എന്നുള്ളത് ആശങ്കപ്പെടുത്തുന്നു എന്നും കോടതി പറഞ്ഞു

കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരേക്കാൾ താഴെയുള്ളവരാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം എത്രമാത്രം ഫലപ്രദമാകുമെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു. കേസിൽ സിബിഐ. അന്വേഷണമാകും നല്ലതെന്നായിരുന്നു കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചത്. ഇ.ഡി.ക്ക് കള്ളപ്പണ ഇടപാടുകൾ മാത്രമേ അന്വേഷിക്കാനാവൂ. അതിനാൽ കോടതിയുടെ സംശയങ്ങൾ പരിഹരിക്കാൻ സിബിഐ. അന്വേഷണമാണ് നല്ലതെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ പറഞ്ഞു. ബംഗാളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസ് അന്വേഷിക്കുന്നത് സിബിഐ.യാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

സിബിഐ. അന്വേഷണം വേണോയെന്ന ചോദ്യത്തെ സംസ്ഥാന സർക്കാർ എതിർത്തു. കേസിൽ പൊലീസിന് അന്വേഷണം നടത്താൻ കഴിയുമെന്നും വിദേശ ബന്ധങ്ങളടക്കം അന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ടെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ മറുപടി.

തുടർന്നാണ് ഇ.ഡി.യുടെ കേസിന്റെ വിശദാംശങ്ങൾ കോടതി ആരാഞ്ഞത്. മോൻസൻ മാവുങ്കൽ കേസിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ അറിയിച്ചു. പൊലീസ് കേസെടുക്കാൻ വൈകിയതിനാലാണ് ഇഡി അന്വേഷണം തുടങ്ങാൻ വൈകിയതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കോടതി കേസിൽ കക്ഷി ചേർത്തു. ഡിസംബർ ഒന്നിനകം വിശദമായ മറുപടി നൽകാൻ കോടതി ഇഡിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. കേസ് ഇനി ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.

മോൻസൻ മാവുങ്കലിനെതിരെ ശ്രീവത്സം ഗ്രൂപ്പ് നൽകിയ 6.27 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് പരാതിയിലെ മൂന്ന് പ്രതികളെ ഉൾപ്പെടുത്തിയാണ് ഇഡി പുരാവസ്തു തട്ടിപ്പിൽ കേസ് എടുത്ത്. മോൻസൻ മാവുങ്കലിന് പുറമെ മുൻ ഡ്രൈവർ അജി, മോൻസന്റെ മേക്കപ്പ് മാൻ ജോഷി അടക്കമുള്ളവരാണ് കൂട്ട് പ്രതികൾ. പുരാവസ്തുക്കളുടെ മറവിൽ നടത്തിയ കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വഷിക്കുന്നത്.

പുരാവസ്തുക്കൾ വാങ്ങാനും വിൽപ്പനയ്ക്കുമായി കോടികൾ ചെലവഴിച്ചതായി വിവിധ പരാതികളിലുണ്ട്. ഒക്ടോബർ 3 വരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എല്ലാ സാമ്പത്തിക തട്ടിപ്പ് പരാതികളും ഇഡി അന്വേഷിക്കുന്നുണ്ട്. ഒരു രേഖയുമില്ലാതെ പലരും മോൻസന്റെ പുരാവസ്തു ഇടപാടുകൾക്ക് കോടികൾ നിക്ഷേപിച്ചതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും ഇടപാടിൽ പങ്കാളികളാണ്. ഇവരെയെല്ലാം ഇഡി വിളിച്ചുവരുത്തി മൊഴി എടുക്കുന്നുണ്ട്. മോൻസനും ജോഷിയും നിലവിൽ ജയിലിലാണ്.