- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി മുഖ്യമന്ത്രിയെ അധികാരത്തിലെത്തിക്കാൻ പണം മുടക്കിയതു മുഴുവൻ പട്ടേലാണ്; 1.75 ലക്ഷം രൂപ ദിവസ വാടകയുള്ള നക്ഷത്ര ഹോട്ടലിലാണ് മൂന്ന് വർഷമായി താമസം; പണം കണ്ടു മടുത്തയാളാണ്; ഇടപാടുകാരിൽ നിന്നും പണം വാങ്ങാൻ മോൻസൺ മാവുങ്കൽ പറഞ്ഞ കഥയിലെ അജ്ഞാത നായകനായി പട്ടേൽ
തിരുവനന്തപുരം: മോൻസൺ മാവുങ്കൽ തട്ടിപ്പു നടത്താൻ വേണ്ടി അതിസമർഥമായി കഥകളും മെനഞ്ഞു. അത്തരം ഒരു കഥകളിലെ നായകനായിരുന്നത് ഡൽഹിയിലെ ബിസിനസുകാരനായ പട്ടേലാണ്. സാമ്പത്തിക തട്ടിപ്പിനു പിടിയിലായ മോൻസൻ മാവുങ്കൽ പുരാവസ്തു വിറ്റ വകയിൽ വൻ തുക തന്റെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് ഇടപാടുകാരെ ബോധ്യപ്പെടുത്തിയത് ഈ ഇത്താത്ത പട്ടേലിന്റെ പേരു പറഞ്ഞായിരുന്നു. അതിസമർഥമായാണ് മോൻസൺ ഇല്ലാക്കഥ പറഞ്ഞത്. ഡൽഹിയിലെ അക്കൗണ്ടുകളിൽ കുടുങ്ങിക്കിടക്കുന്ന പണം വിട്ടുകിട്ടാൻ തനിക്കുവേണ്ടി ഇടപെടുന്നതു ബിസിനസുകാരനായ പട്ടേലാണെന്നാണ് മോൻസൻ പരാതിക്കാരെ ധരിപ്പിച്ചത്.
'ഇപ്പോഴത്തെ ഡൽഹി മുഖ്യമന്ത്രിയെ അധികാരത്തിലെത്തിക്കാൻ പണം മുടക്കിയതു മുഴുവൻ പട്ടേലാണ്. 1.75 ലക്ഷം രൂപ ദിവസ വാടകയുള്ള ഡൽഹിയിലെ നക്ഷത്രഹോട്ടലിലാണ് 3 വർഷമായി പട്ടേലിന്റെ താമസം. പണം കണ്ടു മടുത്തയാളാണ്.'- ഇങ്ങനെയൊക്കെയാണ് പട്ടേലിനെക്കുറിച്ച് മോൻസൻ ഇപ്പോൾ പരാതി നൽകിയവരോടു പറഞ്ഞത്.
പട്ടേൽ ഏതു നാട്ടുകാരൻ ആണെന്നൊന്നും ആർക്കും അറിയില്ല. ഇങ്ങനെയൊരു പട്ടേലിനെ ആരും കണ്ടിട്ടുമില്ല. പരാതിക്കാരനായ യാക്കൂബ് ഒരുതവണ നിർബന്ധം പിടിച്ചപ്പോൾ ഫോണിൽ ചിത്രം കാണിച്ചുകൊടുത്തു. പരാതിക്കാർ അവിശ്വാസം പ്രകടിപ്പിക്കുമ്പോഴെല്ലാം ഓരോ ഉന്നതരുടെ പേരുകൾ മോൻസൻ എടുത്തുപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
ബിസിനസ് പങ്കാളിയായ തൃശൂരിലെ ധനകാര്യസ്ഥാപനമുടമ വഴി 6% പലിശയ്ക്ക് 10 കോടി രൂപയുടെ വായ്പ പരാതിക്കാർക്കു മോൻസൻ വാഗ്ദാനം ചെയ്തിരുന്നതായും വ്യക്തമായിട്ടുണ്ട്. നാലു കോടി നഷ്ടപ്പെട്ടതായി മുഖ്യമന്ത്രിക്കു പരാതി നൽകിയ കോഴിക്കോട് സ്വദേശി യാക്കൂബ് പുറായിലിനാണ് വായ്പ വാഗ്ദാനം ചെയ്തത്. ഈ ധനകാര്യ സ്ഥാപനമുടമയുടെ തൃശൂരിലുള്ള കയറ്റുമതി ഏജൻസിയെ പുരാവസ്തുക്കൾ വിൽക്കാൻ ചുമതലപ്പെടുത്തി മോൻസൻ അധികാരപത്രം നൽകിയിരുന്നു.
അതേസമയം സാമ്പത്തിക തട്ടിപ്പിനു പിടിയിലായ മോൺസൻ മാവുങ്കലിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിക്കാൻ ആലോചനയിലാണ്. തട്ടിപ്പിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിപുലമായ പ്രത്യേക സംഘം രൂപവത്കരിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് ഇന്നലെ പൊലീസ് ആസ്ഥാനത്തു ചർച്ചകൾ നടന്നു. അതിനിടെ, മോൺസണെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയതു പ്രവാസി മലയാളി വനിതയാണെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മോൻസൻ തട്ടിപ്പുകാരനാണെന്ന കാര്യം അറിഞ്ഞുകൊണ്ടാണോ ഇവർ ഒപ്പം നിന്നതെന്ന കാര്യം വ്യക്തമല്ല. മോൻസന്റെ തട്ടിപ്പിനെക്കുറിച്ചു വിവരം ലഭിച്ചതോടെ ഇവർ സൗഹൃദം ഉപേക്ഷിച്ചെന്നും പരാതിക്കാർക്ക് ഒപ്പം നിന്നെന്നുമാണ് ഇതുവരെയുള്ള സൂചനകൾ.
മറുനാടന് മലയാളി ബ്യൂറോ