- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൺസന്റെ 'ടിപ്പുവിന്റെ സിംഹാസത്തിൽ' ഇരുന്നത് ബെഹ്‌റ മാത്രമല്ല; ഇരുന്നു ഇരുന്നില്ല എന്ന മട്ടിൽ നടൻ ശ്രീനിവാസനും റാണിയായി അധികാര ദണ്ഡുമേന്തി പേർളി മാണിയും; സന്ദർശകരിൽ ടോവിനോയും നവ്യ നായരും മംമ്ത മോഹൻദാസും; ബാല മോൺസണെ വാഴ്ത്തുന്ന യൂടൂബ് വീഡിയോയും
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൺസൺ മാവുങ്കലിന്റെ സന്ദർശകരായ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ഡി.ഐ.ജി സുരേന്ദ്രൻ, മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മനോജ് എബ്രഹാം, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, നടന്മാരായ മോഹൻലാൽ, ബാല കോൺഗ്രസ് നേതാവ് ലാലി വിൻസന്റ് എന്നിവരോടൊപ്പമെല്ലാം മോൺസൺ നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇവരുമായെല്ലാമുള്ള ബന്ധങ്ങളും ഈ ചിത്രങ്ങളും മോൺസൺ തട്ടിപ്പിന് ഉപയോഗപ്പെടുത്തിയെന്നാണ് സൂചന. പരാതിക്കാരിൽ ചിലർ അത് ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.
ഏതായാലും രസകരമായ കാര്യം മോൺസന്റെ ടിപ്പുവിന്റെ സിംഹാസനത്തിൽ ഇരുന്ന് ഫോട്ടോഷൂട്ട് നടത്തിയത് ലോക് നാഥ് ബെഹ്‌റ മാത്രമല്ല എന്ന് വ്യക്തമായി. ശ്രീനിവാസനും ടൊവിനോ തോമസുമടക്കം മലയാള സിനിമയിലെ പല തലമുറയിലെ താരങ്ങൾക്കൊപ്പമുള്ള മോൻസന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നടിമാരായ നവ്യ നായർ, മമ്ത മോഹൻദാസ്, പേർളി മാണി എന്നിവരോടൊപ്പമുള്ള മോൻസിന്റെ ചിത്രങ്ങളും കൂട്ടത്തിലുണ്ട്.
ഇതിന് പുറമേ മോൻസൺ മാവുങ്കലിനെ പിന്തുണച്ചും പുകഴ്‌ത്തിയും നടൻ ബാല ഷെയർ ചെയ്ത് വീഡിയോയും ചർച്ചയായി. 2020 ജൂലൈ എട്ടിന് ബാല തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് മോൻസനെ സഹോദരതുല്യനെന്ന് വിശേഷിപ്പിക്കുകയും കഴിവുകളെ പുകഴ്‌ത്തുകയും ചെയ്യുന്നത്.
ട്രംപിന്റെ കുടുംബവുമായി ബന്ധപ്പെട്ട് താൻ ബിസിനസ് ചെയ്യാൻ ആലോചിച്ചിട്ടുണ്ടെന്നും വീഡിയോയിൽ മോൻസൺ ബാലയോട് പറഞ്ഞു. ചരിത്രമുറങ്ങുന്ന ഇസ്ലാമിക പുരാവസ്തുക്കൾ തന്റെ കൈവശമുണ്ടെന്നും അതിന്റെ ബിസിനസ് നടത്താനായി ട്രംപിന്റെ കമ്പനിയുമായി ചർച്ച നടത്തിയെന്നുമാണ് മോൻസൺ പറയുന്നത്. അതിന്റെ കാര്യങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് ലോക്ഡൗൺ വന്നതെന്നും മോൻസൺ ബാലയോട് പറഞ്ഞു.
മോഹൻലാൽ മോൻസണിന്റെ വീട്ടിലെത്തിയതിനെക്കുറിച്ച് ബാല പറഞ്ഞത് ഇങ്ങനെ: 'ഞാൻ ഒരു ദിവസം മോഹൻലാലിനെ വിളിച്ച് ഈ കാര്യങ്ങൾ പറഞ്ഞു. അദ്ദേഹത്തിന് പുരാവസ്തുകൾ ഭയങ്കര ഇഷ്ടമാണ്. ഇങ്ങനെയൊരു സംഭവമുണ്ടെന്ന് ലാലേട്ടനെ വിളിച്ചു പറഞ്ഞു. അദ്ദേഹം കൊണ്ടുവരാൻ പറഞ്ഞു. കൊണ്ട് വന്ന് കാണിക്കാൻ പറ്റില്ല ഇതൊരു മ്യൂസിയാണെന്ന് ഞാൻ ലാലേട്ടനോട് പറഞ്ഞു. അങ്ങനെയാണ് ലാലേട്ടൻ ഇവിടെ വന്നത്. ലാലേട്ടന് ചരിത്രത്തോട് ഭയങ്കര ഇഷ്ടമാണ് കൂടുതൽ സംസാരിക്കുന്നതും പുരാവസ്തുക്കളെ കുറിച്ചാണ്.''
അഭിമുഖത്തിനിടയിൽ തനിക്കൊരു പ്രശ്നം വരുമ്പോൾ ബാല നോക്കണമെന്നും ഇയാൾ പറയുന്നുണ്ട്. സഹജീവികളോട് വളരെ സ്നേഹവും കരുതലുമുള്ള വ്യക്തിയാണ് മോൻസൺ എന്നും ബാല പുകഴ്‌ത്തി പറഞ്ഞു. എല്ലാവരും നല്ല രീതിയിൽ ഇരിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് മോൻസൺ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതെന്നും ബാല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ