തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൺസൺ മാവുങ്കലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ എം ടി.ഷെമീർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ഏഷ്യാനെറ്റ് ന്യൂസ് അവറിലും റിപ്പോർട്ടർ ടിവി എഡിറ്റേഴ്‌സ് അവറിലുമാണ് ഷെമീർ പരാതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഷെമീർ പരാതി നൽകിയത്. ജൂലൈ മൂന്നിനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി അറിയിച്ചത്. തട്ടിപ്പ് വിവരങ്ങളും പരാതിയും അറിയിച്ചപ്പോൾ എഴുതി നൽകാൻ ആവശ്യപ്പെട്ടു. ജൂലൈ 27 ന് ഇതനുസരിച്ച് പരാതി എഴുതി നൽകിയെന്നും ഷെമീർ പറഞ്ഞു.

''ശ്രീവത്സം രാജേന്ദ്ര പിള്ള നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഐജി ലക്ഷ്മണ അടക്കം ഇടപെട്ട് ഒതുക്കപ്പെട്ടു. അതിന് ശേഷം അദ്ദേഹം ഞങ്ങളെ സമീപിച്ച് പരാതി നൽകണമെന്ന് ആവശ്യപ്പെട്ടു. തട്ടിപ്പിന് ഇരയായ നിരവധി ആളുകളെ പരാതി നൽകാൻ വേണ്ടി ഞാൻ സമീപിച്ചു. അങ്ങനെ കുറച്ച് പേർ അതിന് തയ്യാറായി. ഒരു കൂട്ടമായി ചേർന്ന് പരാതി നൽകാൻ തീരുമാനിച്ചു. ഇനിയും ആരും പറ്റിക്കപ്പെടരുതെന്ന് കരുതിയാണ് പരാതി നൽകാനുള്ള തീരുമാനത്തിലേക്ക് എത്തിയത്''.

''പരാതി ആർക്ക് കൊടുക്കണമെന്ന് അന്വേഷിച്ചു. മറ്റ് പലരും പൊലീസിൽ നേരത്തെ നൽകിയ പരാതികളെല്ലാം അട്ടിമറിക്കപ്പെട്ടുവെന്ന് മനസിലായി. തനിക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നുവെന്നും അത് ഒതുക്കപ്പെട്ടുവെന്നും ഞങ്ങളോട് വീരവാദം പറഞ്ഞത് മോൻസൻ തന്നെയാണ്. ഇത് പറയുമ്പോൾ മോൻസന്റെ അരികിൽ ഉന്നതരായിരുന്നു ഉണ്ടായിരുന്നത്''. അത് മനസിലാക്കി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് പരാതി നൽകിയതെന്നും ഷെമീർ വിശദീകരിച്ചു. സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ 10 ദിവസമാണ് മോൺസന്റെ അടുത്ത് ചികിത്സ  തേടിയത്. വ്യാജ ചികിത്സ നൽകിയാണ് മോൻസൺ സുധാകരനെ പറ്റിച്ചതെന്നും ഇതിനെതിരെ പരാതിയുമായി അദ്ദേഹം മുന്നോട്ട് വരണമെന്നും ഷെമീർ ആവശ്യപ്പെട്ടിട്ടുണ്ട്.

'ചികിത്സയ്ക്ക് വേണ്ടിയാണ് സുധാകരൻ മോൻസണിന്റെ വീട്ടിൽ പോയതെന്നാണ് പറയുന്നത്. മോൻസൺ ചികിത്സ നടത്താൻ ആരാണ്. എന്ത് തരം ചികിത്സയാണ് അവിടെയുള്ളത്. അത് വെളിപ്പെടുത്തണം. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാളെയാണ് ഇത്തരത്തിൽ പറ്റിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ആറോ ഏഴോ തവണ അവിടെ പോയെന്നാണ് സുധാകരൻ പറഞ്ഞിട്ടുള്ളത്. മോൻസൺ ഡോക്ടർ അല്ലെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അപ്പോൾ സുധാകരനും പറ്റിക്കപ്പെട്ടു. ഞങ്ങളെ പോലെ ഇരയാണ് സുധാകരനും. അദ്ദേഹം പരാതിയുമായി മുന്നോട്ട് വരുകയാണ് വേണ്ടത്. വ്യാജ ചികിത്സ നൽകി പറ്റിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം പരാതി നൽകി സമൂഹത്തിന് മാതൃകയാകണം. സിനിമാതാരങ്ങളടക്കമുള്ളവർ പുരാവസ്തു മ്യൂസിയം കണ്ടിട്ട് മടങ്ങുകയാണ്. പക്ഷെ സുധാകരൻ നിരന്തരം അവിടെ വരുന്നുണ്ട്. സുധാകരനെ അല്ലാതെ മറ്റ് ആരെയെങ്കിലും മോൻസൺ ചികിത്സിച്ചിട്ടുണ്ടോയെന്ന് നിങ്ങൾ അന്വേഷിക്കണം.'

മോൻസനെതിരെ പരാതി നൽകിയവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന സുധാകരന്റെ പ്രസ്താവനയും ഷെമീർ നിഷേധിച്ചു. മോൻസനെതിരെ പരാതി നൽകാൻ വേണ്ടി മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ഷമീർ പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തങ്ങളെ ആരും വിളിച്ചിട്ടില്ലെന്നും വിഷയത്തിൽ തങ്ങൾക്ക് രാഷ്ട്രീയവുമില്ലെന്നും ഷെമീർ വ്യക്തമാക്കി.

അതേസമയം, മോൻസൻ തട്ടിപ്പുകാരനാണെന്ന് 2020ൽ തന്നെ കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നതായി റിപ്പോർട്ട്.. ലോക്‌നാഥ് ബെഹ്‌റയും മനോജ് എബ്രഹാമും കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം മോൻസണിന്റെ വീട്ടിലെത്തിയതിനെത്തുടർന്ന് രഹസ്യന്വേഷണ വിഭാഗം ഡിജിപിക്കു റിപ്പോർട്ട് സമർപിച്ചിരുന്നു. മോൻസണിന്റെ ദുരൂഹ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു റിപ്പോർട്ടിൽ.

റിപ്പോർട്ടിലെ പരാമർശങ്ങൾ ഇങ്ങനെ: 'പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് മോൻസണുള്ളത്. ചേർത്തലയിലെ ആഡംബര വസതിയിലാണ് താമസം. മക്കൾ ചെന്നൈയിൽ എംബിബിഎസിനു പഠിക്കുന്നു. ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത വെളിവാക്കുന്ന സർട്ടിഫിക്കറ്റുകളൊന്നും ലഭ്യമല്ല. പണക്കാരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുണ്ട്. ബെൻസ്, ഫെരാരി, ബെന്റ്‌ലി, ബിഎംഡബ്ലു തുടങ്ങിയ 15 ആഡംബര കാറുകളും ലക്ഷങ്ങൾ വിലമതിക്കുന്ന നായകളുമുണ്ട്. ഇടപാടുകൾ ദുരൂഹമാണ്'.എന്നാൽ പരാതി ഇല്ലാത്തതിനാൽ അന്വേഷിക്കേണ്ടതില്ലെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്‌