കൊച്ചി: പുരാവസ്തു തട്ടിപ്പുകാരനായ മോൺസൺ മാവുങ്കലിന്റെ മ്യൂസിയത്തിൽ മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും, മനോജ് എബ്രഹാമും സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ഇരുവർക്കും എതിരെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇത്രയും സൂത്രശാലിയായ ഒരുതട്ടിപ്പുകാരനെ എൻഐഎയിൽ വരെ ജോലി നോക്കിയിട്ടുള്ള ബെഹ്‌റയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലേ എന്ന മട്ടിലായിരുന്നു പരിഹാസം. എന്നാൽ, മോൺസന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബെഹ്‌റ എൻഫോഴ്‌സ്‌മെന്റിന് അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്.

മോൺസൻ തട്ടിപ്പുകാരനാണെന്ന് 2020ൽ തന്നെ കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നതായി റിപ്പോർട്ട്.. ലോക്‌നാഥ് ബെഹ്‌റയും മനോജ് എബ്രഹാമും കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം മോൻസണിന്റെ വീട്ടിലെത്തിയതിനെത്തുടർന്ന് രഹസ്യന്വേഷണ വിഭാഗം ഡിജിപിക്കു റിപ്പോർട്ട് സമർപിച്ചിരുന്നു. മോൻസണിന്റെ ദുരൂഹ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു റിപ്പോർട്ടിൽ.

എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വിവാഹം 2019 മേയിൽ കൊച്ചിയിൽ നടന്നപ്പോഴാണ് ബെഹ്‌റയും മനോജ് എബ്രഹാമും മോൺസനെ പരിചയപ്പെടുന്നത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത മറ്റൊരാൾ ക്ഷണിച്ചാണ് മോൺസന്റെ മ്യൂസിയത്തിലേക്ക് എത്തിയത്. ഇതേ തുടർന്നാണ് വാൾ, അംശവടി ഫോട്ടോ എടുത്തത്. എന്നാൽ, മോൻസൺ തന്റെ സ്വാധീനം കാട്ടാൻ വേണ്ടി പല ഗ്രൂപ്പുകളിൽ ഫോട്ടോകൾ പ്രചരിപ്പിച്ചതോടെ സംശമായി. എഡിജിപി മനോജ് എബ്രാഹമാണ് ഡിജിപിയോട് സംശയം പ്രകടിപ്പിച്ചത്. തുടർന്ന് ഇന്റലിജൻസ് അന്വേഷണത്തിന് ഡിജിപി ശുപാർശ ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം.

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2020 ഫെബ്രുവരിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്ക് ലോക്‌നാഥ് ബെഹ്‌റ കത്തയച്ചത്. പ്രത്യേകിച്ചൊരു വരുമാന സ്രോതസും ഇല്ലാതെയാണ് മോൻസൺ കോടികളുടെ ആസ്തി സമ്പാദിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമാണുള്ളത്. ആഡംബര കാറുകളും ഭൂസ്വത്തുക്കളും പുരാവസ്തുശേഖരവും ഇയാളുടെ കൈവശമുണ്ട്. പുരാവസ്തുക്കളിൽ ചിലതെല്ലാം മോഷ്ടിച്ചതാണെന്ന് സംശയമുണ്ടെന്നും തിരുവിതാകൂർ രാജവംശത്തിന്റേതെന്ന് അവകാശപ്പെടുന്ന രാജകീയ സിംഹാസനം അടക്കം പലതും വ്യാജമാണെന്നും അവയുടെ ഉറവിടം അന്വേഷിക്കണമെന്നും ശുപാർശയുണ്ട്.

വീടുകളും സ്വത്തുക്കളുമെല്ലാം സ്വകാര്യ സുരക്ഷാ ഏജൻസിയുടെ മുഴുവൻ സമയ കാവലിലാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ സജ്ഞയ് കുമാർ മിശ്രക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. റിപ്പോർട്ടിലെ പരാമർശങ്ങൾ ഇങ്ങനെ: 'പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് മോൻസണുള്ളത്. ചേർത്തലയിലെ ആഡംബര വസതിയിലാണ് താമാസം. മക്കൾ ചെന്നൈയിൽ എംബിബിഎസിനു പഠിക്കുന്നു. ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത വെളിവാക്കുന്ന സർട്ടിഫിക്കറ്റുകളൊന്നും ലഭ്യമല്ല. പണക്കാരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുണ്ട്. ബെൻസ്, ഫെരാരി, ബെന്റ്‌ലി, ബിഎംഡബ്ലു തുടങ്ങിയ 15 ആഡംബര കാറുകളും ലക്ഷങ്ങൾ വിലമതിക്കുന്ന നായകളുമുണ്ട്. ഇടപാടുകൾ ദുരൂഹമാണ്'.എന്നാൽ പരാതി ഇല്ലാത്തതിനാൽ അന്വേഷിക്കേണ്ടതില്ലെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. ഇതാണ് മോൺസന് അനുഗ്രഹമായി മാറിയതും.

അതേസമയം, മോൻസൻ മാവുങ്കലിനോട് അടുപ്പമുണ്ടെന്ന ആക്ഷേപം നേരിട്ട ഐജി ലക്ഷ്മണിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. എഡിജിപി മനോജ് എബ്രഹാമാണ് ഐജി ലക്ഷ്മണിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അധികാര പരിധിയിൽപെടാത്ത വിഷയത്തിൽ ഇടപെട്ടെന്ന ആരോപണത്തിലാണ് എഡിജിപി വിശദീകരണം തേടിയത്. കേസിൽ ഇടപെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് രണ്ട് ദിവസത്തിനകം മറുപടി നൽകണം എന്നാണ് നിർദ്ദേശം.

മോൻസൻ മാവുങ്കലിനെതിരെ ഉയർന്ന് സുപ്രധാനമായ ഒരു ആരോപണത്തിലെ അന്വേഷണം തടഞ്ഞു എന്നായിരുന്നു ആക്ഷേപം. മോൻസൻ മാവുങ്കലിനെതിരെ ആറ് കോടിയുടെ തട്ടിപ്പ് ആരോപണം ഉയർത്തി ബിസിനസ് ഗ്രൂപ്പ് നൽകിയ പരാതിയിലെ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാൻ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എഐജിക്കായി ഐജി ലക്ഷ്മണ മെയിൽ അയ്ച്ചു എന്ന ആക്ഷേപത്തിലാണ് വിശദീകരണം തേടിയത്.

ഐജി ലക്ഷ്മണിന്റെ ഇടപെടലിന് പിന്നാലെ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ചേർത്തല സിഐയ്ക്ക് അന്വേഷണ ചുമതല നൽകി ഉത്തരവിറക്കി. അന്വേഷണം മോൻസൻ മാവുങ്കൽ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനാണ് നൽകിയത് എന്നും ആക്ഷേപമുണ്ട്. എന്നാൽ പണം നഷ്ടമായവരുടെ എതിർപ്പും ഇന്റലിജൻസ് റിപ്പോർട്ടും പരിഗണിക്കപ്പെട്ടതോടെ സിഐക്ക് നൽകിയ അന്വേഷണം തടയപ്പെടുകയും ചെയ്തിരുന്നു. ഈ ഇടപെടലിന് പിന്നാലെയാണ് പരാതിക്കാർ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചതും വിഷയം ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയിൽ എത്തിയതും.