കൊച്ചി: മോൻസൺ മാവുങ്കൽ തട്ടിപ്പുകാരൻ എന്ന് ആദ്യം തിരിച്ചറിഞ്ഞത് അനിതാ പുല്ലയിലോ എന്ന സംശയം ഉയർന്നിരുന്നു. പ്രവാസി മലയാളി ഫെഡറേഷൻ വനിതാ കോർഡിനേറ്ററാണ് അനിത പുല്ലയിൽ. ലോക കേരള സഭയിലും മറ്റും സജീവ സന്നിധ്യമാണ് ഈ തൃശൂരുകാരി. സൈബർ പൊലീസിന്റെ കൊക്കൂൺ മീറ്റിലും ഇവർ പങ്കെടുത്തിരുന്നു. അതും മോൻസൺ മാവുങ്കലിനൊപ്പം. 2019ലെ കൊക്കൂൺ സുരക്ഷാ മീറ്റിലാണ് അനിതയും മോൻസണും എത്തിയത്. മോൻസനെ ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത് താനാണെന്ന് അനിത പുല്ലയിൽ മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റ് പരിപാടിയിൽ പറഞ്ഞു.

സംഘടനയുടെ പേട്രൺ എന്ന നിലയിലാണ് ഡിജിപിക്ക് പരിചയപ്പെടുത്തിയത്. ബെഹ്‌റ മോൻസന്റെ മ്യൂസിയം സന്ദർശിച്ചത് തന്റെ ക്ഷണം സ്വീകരിച്ചെന്ന് അനിത പറഞ്ഞു. മോൻസൻ തട്ടിപ്പുകാരനാണെന്ന് പിന്നീട് ലോക്‌നാഥ് ബെഹ്‌റ പിന്നീട് മുന്നറിയിപ്പ് നൽകിയെന്നും അവർ പറഞ്ഞു.

'സംഘടനയുടെ പേരിൽ പല കേസുകളിലും ഞങ്ങൾക്ക് ഇടപെടേണ്ടി വന്നിട്ടുണ്ട്. പ്രവാസി ആയിരുന്നതുകൊണ്ട് തന്നെ ഇവിടെയുള്ള പല കാര്യങ്ങളിലും ഞങ്ങൾ ബന്ധപ്പെട്ടിരുന്നത് ഡിജിപി ഓഫീസിലോ, അല്ലങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിലോ ഒക്കെയാണ്. സംഘടനയുടെ പേട്രൺ ആയിരുന്നു മോൻസ് എന്ന രീതിയിൽ അവർക്കും കോണ്ടാക്ടസ് ഉണ്ടായിരുന്നു.അത് തെറ്റായ രീതിയിൽ ഉള്ള പരിചയപ്പെടുത്തൽ അല്ല. സംഘടനയുടെ ബേസിലാണ് മോ്ൺസിനെ ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തി കൊടുത്തത്. അല്ലാതെ, നെഗറ്റീവ് ..വേറൊരു വശങ്ങളിൽ കൂടിയല്ല. സംഘടനയ്ക്ക് ഉപകാരപ്പെടുന്ന ഒരാളെന്ന നിലയിൽ , അദ്ദേഹം ചാരിററി പ്രവർത്തനങ്ങൾ ഒക്കെ ചെയ്യുന്നുവെന്ന ബലത്തിൽ, നമ്മൾ നേരിട്ട് കാണുന്ന കാഴ്ചകളുടെ അടിസ്ഥാനത്തിൽ, അദ്ദേഹം പലരെയും സഹായിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. സംഘടനയുടെ ആളെന്ന നിലയ്ക്ക് അദ്ദേഹത്തെയും പരിചയപ്പെടുത്തിയിട്ടുണ്ട്-അനിത പറഞ്ഞു.

രണ്ടുവർഷം മുൻപാണ് ബെഹ്‌റ മുന്നറിയിപ്പ് നൽകിയതെന്ന് അനിത പറഞ്ഞു. ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഇടപാടുകളിൽ പങ്കുള്ളതായി അറിയാമെന്ന് അനിത പറഞ്ഞു. പരാതിക്കാരോട് മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിക്കാൻ ഉപദേശിച്ചത് താനെന്ന് അനിത കൂട്ടിച്ചേർത്തു. തന്നെയും മുൻ ഡിജിപിയെയും തെറ്റിക്കാൻ മോൻസൻ അപവാദപ്രചരണം നടത്തി. ഡിഐജി സുരേന്ദ്രന്റെ കുടുംബവുമായുള്ള ബന്ധം ഇല്ലാതാക്കിയത് മോൻസനാണ് എന്നും അനിത പറഞ്ഞു.

മോൻസൺ മാവുങ്കൽ കുടുങ്ങാൻ കാരണം അനിതയാണെന്ന സൂചനയും ഉണ്ടായിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്റെ സജീവ പ്രവർത്തകയാണ് അവർ. നിറപറ ബിജു കർണ്ണൻ അടക്കമുള്ളവരുമായി അടുത്ത ബന്ധവുമുണ്ട്. ഈ സംഘടനാ പരിചയമാണ് മാവുങ്കലുമായി അടുക്കാനുള്ള കാരണം. തുടർന്ന് പൊലീസ് സേനയിലെ ഉന്നതരിലേക്ക് മാവുങ്കൽ എത്തി. ഇതിനിടെ അനിതയ്ക്ക് ചില സംശയങ്ങളുണ്ടായി. ഇതോടെ സുഹൃത്ത് ബന്ധം വിട്ടു. അതിനിടയിൽ തന്നെ മോൻസൺ വലിയ തോതിൽ വളർന്നിരുന്നു. ഡിഐജി സുരേന്ദ്രനെ പോലുള്ള അടുപ്പങ്ങളും ഉണ്ടാക്കിയെന്നതാണ് വസ്തുത.

മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് തോന്നിക്കുന്ന ചിത്രം സഹിതമാണ് പിണറായിയെ പുകഴ്‌ത്തിയുള്ള അനിതയുടെ പോസ്റ്റ്. ശ്രീമതി ടീച്ചറും ശ്രീലേഖയുമായുള്ള അടുപ്പത്തിനും ചിത്രം തെളിവാണ്. കൊക്കൂണിൽ പോലും അനിത എത്തുമ്പോൾ പൊലീസിലെ സ്വാധീനം എത്രത്തോളമാണെന്ന വ്യക്തവുമാണ്. മോൻസന്റെ പുരാവസ്തു തട്ടിപ്പ് അന്വേഷിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെടാൻ എഡിജിപി മനോജ് ഏബ്രഹാം 2 വർഷം മുൻപ് അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു നൽകിയ കത്ത് പൊലീസ് ആസ്ഥാനത്തു തന്നെ മുങ്ങി. ഇതിന് പിന്നിൽ ചില വിദേശ കരങ്ങൾക്കും പങ്കുണ്ടായിരുന്നു.

ഒന്നര വർഷത്തിനു ശേഷം ഇന്റലിജൻസ് മുഖ്യമന്ത്രിക്കു വിശദ റിപ്പോർട്ട് നൽകിയതോടെ പുതിയ കത്ത് ഇഡിക്കു നൽകി. മോൻസനെയും പൊലീസ് ഉന്നതനെയും പരിചയപ്പെടുത്തിയത് ഇറ്റാലിയൻ പൗരത്വമുള്ള കോട്ടയത്തെ വനിതയാണെന്നും അറിവായി. ലോക കേരള സഭയിലും 'അസൻഡ് കേരള' നിക്ഷേപകസംഗമത്തിലും ഇവർ സജീവസാന്നിധ്യമായിരുന്നു. ഈ വനിത മോൻസനുമായി തെറ്റിയതോടെ പൊലീസ് ഉന്നതനും ഇയാളെ കൈവിട്ടു. തുടർന്നാണ് ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്റലിജൻസ് റിപ്പോർട്ട് സഹിതം ഇഡിക്കു റിപ്പോർട്ട് നൽകിയതെന്ന് ഉന്നതർ വ്യക്തമാക്കി.

മോൻസൺ മാവുങ്കൽ തന്നെയും പറ്റിക്കുകയായിരുന്നു എന്നാണ് അനിത പറയുന്നത്. തട്ടിപ്പ് മനസ്സിലാക്കിയപ്പോൾ തന്നെ പിന്മാറിയെന്നും ഇവരുടെ അടുപ്പക്കാർ പറയുന്നുണ്ട്

2019 മേയിൽ എസ്‌പി സുജിത് ദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണു ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി മനോജ് ഏബ്രഹാമും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിലെത്തിയത്. മടങ്ങാൻ നേരം മനോജിനെ ബെഹ്‌റ ക്ഷണിച്ചു 'മനോജ്, നമുക്കൊരു മ്യൂസിയം കണ്ടിട്ടുവരാം'. ഇരുവരും കാറിൽ കയറിയതോടെ, അന്നു കൊച്ചി കമ്മിഷണറായിരുന്ന എസ്. സുരേന്ദ്രൻ മ്യൂസിയത്തിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു. മ്യൂസിയത്തിൽ മോൻസനും ജീവനക്കാരും മാത്രം. ഇതു കാണാൻ ആരും വരുന്നില്ലേ, വാങ്ങാനുള്ള പണം എവിടുന്നാണ്, എവിടെ വിൽക്കുന്നു തുടങ്ങിയ മനോജിന്റെ ചോദ്യങ്ങൾക്കു മറുപടിയുണ്ടായില്ല.