കൊച്ചി: പുരാവസ്തുതട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കിന്റെ കേസ് മുറുകുമ്പോൾ 24 ന്യൂസിന്റെ കൊച്ചി റിപ്പോർട്ടറായ സഹിൻ ആന്റണിക്ക് എതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങളാണ്. സഹിൻ ആന്റണിയാണ് മോൻസൻ മാവുങ്കലിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നാണ് പരാതിക്കാർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ വെളിപ്പെടുത്തിയിരുന്നു.

നേരത്തെ മോൻസൺ മാവുങ്കലിനെതിരെ പരാതി വന്നപ്പോൾ ഒതുക്കി തീർത്ത കൊച്ചി എസിപി ലാൽജിയുമായും, ഡിഐജി സുരേന്ദ്രൻ, ഐജി ലക്ഷ്മൺ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ ഇടപെടുത്തിയത് സഹിൻ ആന്റണിയാണെന്ന് യാക്കൂബ്, അനൂപ്, സലീം, ഷമീർ, സിദ്ദിഖ്, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. എറണാകുളം പ്രസ് ക്ലബ് നിർവാഹക സമിതി അംഗം കൂടിയായ സഹിൻ ആന്റണിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സമഗ്ര അന്വേഷണത്തിന് എൻഫോഴ്സ്‌മെന്റിന് മുമ്പാകെയും പരാതി എത്തും. മാധ്യമ പ്രവർത്തകനായ മാർട്ടിൻ മേനച്ചേരിയാണ് ഇഡിയെ സമീപിക്കുന്നത്. ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിന്റെ സാമ്പത്തിക സ്രോതസും സഹിൻ ആന്റണിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്നാണ് എൻഫോസ്മെന്റിനോട് ആവശ്യപ്പെടുക.

സഹിൻ ആന്റണിയുടെ സാമ്പത്തിക വളർച്ച ഞെട്ടിക്കുന്നതാണെന്ന് മാർട്ടിൻ ആരോപിക്കുന്നു. മറ്റേത് മുൻനിര പത്രത്തിന്റെയും, ചാനൽ ജീവനക്കാരുടെയും ശമ്പളത്തേക്കാൾ കൂടുതൽ വളർച്ചയാണ് സഹിൻ ആന്റണിയുടേത്. എറണാകുളം പനമ്പള്ളി നഗറിൽ ഉള്ള ഒരു ഹോട്ടലിലും, തോപ്പുംപടി, കൊച്ചി ചുള്ളിക്കൽ ഉള്ള മറ്റ് രണ്ട് സ്ഥാപനങ്ങളിലും സഹിൻ ആന്റണിക്ക് ഷെയർ ഉള്ളതായി മാർട്ടിൻ ആരോപിച്ചു.പല മാധ്യമ പ്രവർത്തകരുടെയും, മാധ്യമ സ്ഥാപനങ്ങളുടെയും പേര് പറഞ്ഞു സഹിൻ പണ തട്ടിപ്പ് നടത്തിയതായി അണിയറയിൽ സംസാരമുണ്ടെന്നും മാർട്ടിൻ ആരോപിച്ചു.

സഹിൻ ആന്റണിയുടെ വിദേശയാത്രകൾ, സാമ്പത്തിക ഇടപാടുകൾ, എറണാകുളം സിറ്റിയിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അവിശുദ്ധ കൂട്ടുകെട്ടുകൾ, സാമ്പത്തിക സെറ്റൽമെന്റ് ഇടപാടുകൾ ഉൾപ്പെടെ അന്വേഷണം വേണം. ഡി വൈ എഫ് ഐ, സിപിഐഎം ഉൾപ്പെടെയുള്ള പ്രസ്ഥാനത്തിൽ തനിക്ക് വലിയ ബന്ധങ്ങൾ ഉണ്ട് എന്ന് വരുത്തിതീർത്ത് ചില ഇടപാടുകൾ നടന്നതായി അറിയുന്നുവെന്നും മാർട്ടിൻ ആരോപിച്ചു.

സഹിൻ ആന്റണിയും മോൻസൺ മാവുങ്കലുമായി ഉള്ള വഴി വിട്ട ബന്ധത്തിന്റെ വീഡിയോ ക്ലിപ്പുകളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. സഹിൻ ആന്റണിയുടെ മകളുടെ പിറന്നാൾ പാർട്ടി കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളിൽ മോൻസൺ സജീവമായി പങ്കെടുക്കുന്നത് കാണാം. എറണാകുളം പ്രസ് ക്ലബ് നടത്തിയ ഒരു പരിപാടിയിൽ മോൻസണെ പങ്കെടുപ്പിച്ചതിൽ മാധ്യമപ്രവർത്തകർക്ക് എതിർപ്പുണ്ടായിരുന്നു. ഇതും സഹിൻ ആന്റണിയുടെ ഒത്താശയിലായിരുന്നുവെന്ന് മാർട്ടിൻ മേനച്ചേരി ആരോപിക്കുന്നു.

ശബരിമല 'ചെമ്പോല തിട്ടൂരം' റിപ്പോർട്ടിലും കൈപൊള്ളി

അതേസമയം, ശബരിമല ക്ഷേത്രത്തിനെ തകർക്കുക എന്ന ലക്ഷ്യം വച്ച് വ്യാജ രേഖകൾ സംഘടിപ്പിച്ച് ന്യൂസ് റിപ്പോർട്ട് അവതരിപ്പിച്ച ന്യൂസ് 24 ചാനൽ മാപ്പു പറയാൻ തയ്യാറാകണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.സംസ്ഥാന സർക്കാറിന്റെയും പൊലീസിന്റെയും തണലിൽ വളർന്ന മോൻസൺ എന്ന വ്യക്തിയുമായി ചേർന്ന് ചാനൽ നടത്തിയ ഈ ഗൂഢ നീക്കം എന്തിനായിരുന്നു എന്നും ചാനൽ അയ്യപ്പ വിശ്വാസികളോടും ജനങ്ങളോടും വ്യക്തമാക്കണം. അല്ലാത്ത പക്ഷം ചാനൽ ബഹിഷ്‌കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടേണ്ടി വരും എന്ന് വി എച്ച് പി മുന്നറിയിപ്പ് നൽകി.

400 വർഷം പഴക്കമുള്ള 'ചെമ്പോല തിട്ടൂരം' എന്ന പേരിലാണ് മോൻസൺ മാവുങ്കൽ തയാറാക്കിയ വ്യാജരേഖ 24 ന്യൂസ് അവതരിപ്പിച്ചത്. ശബരിമലയിൽ ആചാരങ്ങൾ നടത്താൻ അധികാരവും ചുമതലയും ലഭ്യമായ സമുദായങ്ങളേയും കുടുംബങ്ങളേയും സംബന്ധിച്ച ഏറ്റവും പഴക്കമേറിയതും ആധികാരികവുമായ രേഖയാണ് കൊല്ല വർഷം 843 ൽ പുറപ്പെടുവിച്ച ചെമ്പോല തിട്ടൂരമെന്നായിരുന്നു 24 ന്യൂസ് വാർത്ത നൽകിയത്.

തട്ടിപ്പ്കാരന് ഒത്താശ ചെയ്ത് ആരോപണ വിധേയനായ 24 ന്യൂസിലെ കൊച്ചി ബ്യൂറോ ചീഫ് ഷഹിൻ ആന്റണിയാണ് ഈ വ്യാജവാർത്ത റിപ്പോർട്ട് ചെയ്തത്. ചെമ്പോല തിട്ടൂര പ്രകാരം ഈഴവർക്കാണ് ശബരിമലയിൽ ആചാര അനുഷ്ഠാനങ്ങൾ നടത്താൻ ഉള്ള അവകാശമെന്നും ഈ രേഖകൾ മറികടന്ന് തന്ത്രികുടുംബം എങ്ങനെ ശബരിമലയിൽ സുപ്രധാന അധികാര സ്ഥാനങ്ങളിലെത്തപ്പെട്ടു എന്നത് വിചിത്രമായി അവശേഷിക്കുന്നുവെന്നും 24 ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അന്നു തയാറാക്കിയ റിപ്പോർട്ടിൽ ഇപ്പോൾ പുരാവസ്തു തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കൈവശമാണ് ഇപ്പോൾ ഈ രേഖയെന്നതും ആ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്.

നേരത്തെ, 24 ന്യൂസ് ചാനൽ കോഴിക്കോട് റീജനൽ മേധാവി ദീപക് ധർമ്മടം മുട്ടിൽ മരംമുറിക്കേസിൽ ആരോപണ വിധേയനായിരുന്നു. തുടർന്ന് ചാനൽ മുഖം രക്ഷിക്കാൻ ഇയാളെ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയായിരുന്നു. സ്വർണ കള്ളക്കടത്തു കേസിൽ പ്രതിയായ സ്വപ്ന സുരേഷ് ഒളിവിൽ പോയപ്പോൾ ആത്മഹത്യ ഭീഷണിയുള്ള ഓഡിയോ സന്ദേശം പുറത്തു വിട്ടത് സഹിൻ ആന്റണിയായിരുന്നു.