കൊച്ചി: താൻ മോൻസൺ മാവുങ്കലിനെ കാണാൻ പോയത് ചികിത്സയ്ക്കാണെന്ന് വാദത്തിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ ഉറച്ചുനിൽക്കുകയാണ്. താൻ സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല. തന്നെ കാണിച്ച് കച്ചവടം ഉറപ്പിക്കാൻ മോൻസൺ ശ്രമിച്ചിട്ടുണ്ടാകാം. ഒരു തവണ പോലും പരാതിക്കാർ തന്നെ വന്ന് കണ്ടിട്ടില്ല എന്നുമാണ് സുധാകരൻ ആവർത്തിച്ചത്. എന്നാൽ, തന്നെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും വയലാർ രവിയും അടക്കമുള്ള നേതാക്കൾ സഹായിച്ചിട്ടുണ്ടെന്ന് മോൻസൻ മാവുങ്കൽ പറയുന്ന വീഡിയോ പുറത്തുവന്നു. റിപ്പോർട്ടർ ടിവിയാണ് വീഡിയോ പുറത്തുവിട്ടത്.

സുധാകരൻ കെപിസിസി അധ്യക്ഷനായ ശേഷമുള്ള സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സുധാകരനുമായി തനിക്ക് അടുത്തബന്ധമുണ്ടെന്നും വീഡിയോയിൽ മോൻസൻ പറയുന്നു. മോൻസൺ പറ്റാക്കാൻ സാധ്യതയുണ്ടെന്ന് തോന്നിയ സമയത്ത് പരാതിക്കാർ തന്നെയാണ് ഇയാളുടെ സംസാരത്തിന്റെയും മറ്റും വീഡിയോ പകർത്തുന്നത് ആരംഭിച്ചത്.

സംഭാഷണം ഇങ്ങനെ:

'എന്റെ പൈസ എന്ന് പറഞ്ഞാ ഇതൊന്നും അല്ല ഇക്ക...ഞാൻ ദേ ഇതിപ്പോ കാണിച്ചുകൊടുത്തു...മൂന്ന് അക്കൗണ്ട്...അങ്ങനത്തെ 36 അക്കൗണ്ട് എനിക്കുണ്ട്...അതിൽ മൂന്നു അക്കൗണ്ടാണ് കാണിച്ചത്...അത് കണ്ടതോടെ പുള്ളി തലകറങ്ങി വീണു. എന്റെ പൈസ അതാണ്..എന്റെ പൈസ..ഇതാണ്...റെഡ് മാർക്കിൽ കിടക്കുകാണ്...അതൊന്ന് മാറി കിട്ടിയാൽ മതി....മാറി കഴിഞ്ഞാൽ പിന്നെ ഞാൻ ഇവിടെ വലിയ കോടീശ്വരനാ...എച്ച്എസ്എ കേരളത്തിൽ എനിക്ക് മാത്രമേയുള്ളൂ. 2018 മുതൽ എനിക്കുണ്ട് അത്. എംഎ യൂസഫലിക്ക് പോലുമില്ല അത്. 13 അക്കൗണ്ടുകൾ എന്റെ പേരിലുണ്ട്. ഇതിൽ രണ്ട് അക്കൗണ്ടുകളിൽ 100 കോടിക്ക് മുകളിൽ പണമുണ്ട്.

ഇതിവിടെ അറിയാവുന്ന കേരളത്തിൽ കുറച്ചുപേരുണ്ട്....ഒന്ന് നമ്മുടെ കെപിസിസി പ്രസിഡന്റ്...സുധാകരൻ ..പുള്ളിക്കറിയാം...പിന്നെ വയലാർ രവി...എ.കെ.ആന്റണി...ഇക്ക പോയി അവരോടൊക്കെ ചോദിക്കൂ...2014-15 കാലത്തൊക്കെ അവരാണെന്നെ ഒത്തിരി സഹായിച്ചിട്ടുള്ളത്..അവരന്ന് വയലാർ വരി അന്ന് വിദേശകാര്യ മന്ത്രി ആയിരുന്നു. പിന്നെ എ.കെ.ആന്റണി...ആന്റണി സഹായിച്ചിട്ടില്ലെങ്കിലും...പിന്നെ മുരളീധരന് അറിയാം.

ആ കേസ് കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും വലിയ കമ്പനിയുടെ ചെയർമാൻ ഞാനാണ്. ഏഷ്യയിലെ അല്ല...ഇന്ത്യയിലെ...ഐബി വന്നു....ഈ ശ്രീവത്സം...നേരത്തെ എനിക്ക് എതിരായിട്ട് ഒരു പരാതി കൊടുത്തായിരുന്നു...ഐബിക്ക്..ഡൽഹിയിൽ പുള്ളിക്ക് ഭയങ്കര പിടിപാടാണല്ലോ..ഐബി ഇവിടുത്തെ ഐബിക്ക് കൊടുത്തു....വിനോദ് കുമാർ സാർ എന്നെ വിളിച്ചു..അപ്പോ...ഞാൻ ഒരുഫയൽ നമ്പർ അങ്ങോട്ട് കൊടുത്തു...വിനോദ് സർ രണ്ടുദിവസം കഴിഞ്ഞപ്പോൾ ഒകെ...കാര്യങ്ങൾ ഒക്കെ മനസ്സിലായി പുള്ളി നിർത്തി. നമ്മൾ അതുപോലൊരു ആൾചോദിച്ചാലല്ലേ കൊടുക്കേണ്ട കാര്യമുള്ളു. ഇപ്പോ ..ആരും വേണ്ട ഇങ്ങേരൊട് ചോദിച്ചോ എന്ന് പറഞ്ഞ് ഐജി ലക്ഷ്മണനെ വിളിച്ചു സംസാരിക്കുന്നു

പണം ഡൽഹിയിൽ എത്തിക്കുന്ന കാര്യം ഐജിയോട് സംസാരിക്കുന്നു... അപ്പോൾ പുള്ളി എങ്ങനെ ഇതൊക്കെ ചെയ്യുക എന്ന് പരാതിക്കാരൻ മോൻസണോട് ചോദിക്കുന്നു.....അപ്പോൾ ചിരിച്ചുകൊണ്ട് മോൻസൺ.. പൊലീസല്ലേ...ഇതൊക്കെ ചെയ്യുന്നെ..എനിക്ക് വേണ്ടി ഇതൊക്കെ ചെയ്യുന്നത് പൊലീസല്ലേ എന്ന് പറയുന്നു.- ഇത് മോൻസണിന്റെ പഴയ ലീലാവിലാസത്തിന്റെ ഒരു സാമ്പിൾ വെടിക്കെട്ട് മാത്രം.

അതേസമയം, തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അതിൽ വെറും 176 രൂപ മാത്രമേ ഉള്ളുവെന്നും മോൻസൺ മാവുങ്കൽ പൊലീസിനോട് പറയുന്നു. മകളുടെ കല്യാണത്തിന് സുഹൃത്തായ ജോർജിൽ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവർക്ക് ആറ് മാസമായി ശമ്പളം പോലും നൽകിയിട്ടില്ലെന്നും മോൻസൺ മാവുങ്കൽ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. മോൻസണിന്റെ ഭൂമി ഇടപാടുകളും അന്വേഷിക്കാൻ ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.