- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനിതാ പുല്ലയിൽ ഇറ്റലിയിൽ നിന്ന് വിമാനം പിടിച്ച് തലസ്ഥാനത്ത് എത്തിയത് ചേർത്തലയിലെ 'പാവപ്പെട്ട ആർടിഒയുടെ' നിഷ്ക്കളങ്കത തെളിയിക്കാൻ; കേസുകളിൽ പെട്ട കെ.ജി.ബിജുവിന്റെ സസ്പെൻഷൻ പിൻവലിപ്പിക്കാൻ സർക്കാരിനെ സ്വാധീനിച്ചത് മോൻസന്റെ തട്ടിപ്പിന്
തിരുവനന്തപുരം: ന്യൂസ് 18 കേരള ചാനലിന്റെ പ്രൈംടൈം ചർച്ചയിലെ വെളിപെടുത്തലുകൾ അനിതാ പുല്ലയിലിനെ തിരിഞ്ഞുകൊത്തുന്നു. ചർച്ചയുടെ ഒരു ഭാഗത്ത് താൻ തിരുവനന്തപുരത്ത് പോയത് ഒരു പാവപ്പെട്ട ഉദ്യോഗസ്ഥന് നീതി നേടികൊടുക്കുന്നതിന് വേണ്ടിയാണെന്ന് അനിത പറഞ്ഞിരുന്നു. ആ ഉദ്യോഗസ്ഥൻ ചേർത്തലയിലെ ആർടി ഓഫീസറായ കെജി ബിജുവാണെന്നതിന്റെ രേഖകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
അഴിമതിക്കാരനും തല്ല് കേസിലും ജാത്യാധിക്ഷേപ കേസിലുമടക്കം പ്രതിയുമായിട്ടുള്ള കെജി ബിജുവിനെ തന്റെ സ്വാധീനമുപയോഗിച്ച് സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു അനിത പുല്ലയിലിന്റെ അന്നത്തെ തിരുവനന്തപുരം യാത്രയെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. കെജി ബിജുവിനെതിരെ നിരവധി അന്വേഷണ റിപ്പോർട്ടുകളും വകുപ്പിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
ഒരു ഓഫീസിൽ രണ്ട് വർഷത്തിലും ഒരു ജില്ലയിൽ അഞ്ച് വർഷത്തിൽ കൂടുതൽ ഇരിക്കാൻ പാടില്ലെന്നാണ് അഴിമതിനിരോധന നിയമത്തിലെ വ്യവസ്ഥ. എന്നാൽ 2013 മുതൽ 2019 വരെ തുടർച്ചയായി ആറ് വർഷം ചേർത്തലയിലെ എംവിഐ ആയിരുന്നു ബിജു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം 2021 ൽ വീണ്ടും അതേ സ്ഥലത്ത് തന്നെ ബിജുവിന് നിയമനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. യൂണിറ്റ് നിയമവും ജില്ലാ നിയമവും ബിജുവിന് ബാധകമല്ലെന്നാണ് ഇത് നൽകുന്ന സൂചന. ഒരു ഉദ്യോഗസ്ഥന് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി എങ്ങനെയാണ് ഇരിക്കാൻ കഴിയുന്നതെന്നാണ് മോട്ടോർ വെഹിക്കിൾ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും ചോദിക്കുന്നത്.
തന്റെ വൃദ്ധയായ മാതാവിനെ ശുശ്രുഷിക്കുന്നതിന് വേണ്ടിയാണ് ചേർത്തലയിൽ തന്നെ തുടർച്ചയായി നിയമനം വാങ്ങുന്നതെന്നാണ് ബിജുവിന്റെ ന്യായീകരണം. എന്നാൽ ബിജുവിന്റെ വീട് പത്തനംതിട്ട ജില്ലയിലെ പൊടിയാടിയിലാണ്. അനിത പുല്ലയിൽ തിരുവനന്തപുരത്തെത്തി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഈ 'പാവപ്പെട്ട ഉദ്യോഗസ്ഥനെ' ചേർത്തലയിൽ തന്നെ നിലനിർത്തിയത് മോൻസൻ കാവുങ്കലിന് വേണ്ടിയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മോൻസൻ നിയമവിരുദ്ധമായി സൂക്ഷിക്കുന്ന വാഹനങ്ങൾക്ക് സംരക്ഷണമൊരുക്കിയിരുന്നത് കെജി ബിജുവായിരുന്നു.
ബിജുവിനെതിരായ നിരവധി റിപ്പോർട്ടുകൾ മേലുദ്യോഗസ്ഥർ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ബിജുവിനെ ചേർത്തലയിൽ ഇത്രയുംകാലം പിടിച്ചുനിർത്തിയത് ചില സമ്പന്നരുടെ സ്വാധീനത്താലാണെന്നും അതിനാൽ ഇയാളെ ഇവിടെ നിന്നും മാറ്റണമെന്നും പല റിപ്പോർട്ടുകളും ശുപാർശ ചെയ്യുന്നു. സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുള്ള ബിജുവിന്റെ പേരിൽ സിഐടിയു നേതാവിനെ തല്ലിയതിനും കീഴ്ഉദ്യോഗസ്ഥനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനും കേസുകളുണ്ട്. നിരവധി കേസുകളും റിപ്പോർട്ടുകളും ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ടെങ്കിലും മോൻസനും അനിതയും ചേർന്ന് ഇയാളെ സംരക്ഷിക്കുകയായിരുന്നു. അനിത തിരുവനന്തപുരത്ത് പോയതും ഇയാളുടെ സസ്പെൻഷൻ പിൻവലിപ്പിക്കുന്നതിനായിരുന്നു.
ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടും ആർടിഒയുടെ അന്വേഷണ റിപ്പോർട്ടും ബിജുവിന് എതിരായിരുന്നിട്ടും അയാളെ ചേർത്തലയിൽ നിന്നും മാറ്റി നിയമിക്കാൻ പോലും അവർക്കാർക്കും കഴിഞ്ഞില്ല. ഇതിനിടെ പലതവണ ബിജുവിനെ ചേർത്തലയിൽ നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും ഒരു മാസത്തിനുള്ളിൽ തന്നെ ബിജു ചേർത്തലയിലേയ്ക്ക് തിരികെ എത്തിയതായി ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് വിജിലൻസ് ഓഫീസർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വിശദമായി പറഞ്ഞിട്ടുണ്ട്.
ഇതിനായി പല കടലാസ് സംഘടനകളുടെയും കത്തുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും അന്നത്തെ അരൂർ എംഎൽഎ എഎം ആരിഫിനെ കൊണ്ട് വിളിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ബിജു ജോയിന്റ് ആർടിഒയുടെ നിർദ്ദേശങ്ങൾ അനുസരിക്കാറില്ലെന്നും വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ നൽകിയ സസ്പെൻഷൻ ഓഡറിൽ വ്യക്തമാക്കുന്നു. സസ്പെൻഷൻ പിൻവലിച്ച് അദ്ദേഹത്തെ തൃശൂരിലേയ്ക്ക് ട്രാൻസ്ഫർ ചെയ്തെങ്കിലും അദ്ദേഹം തൃശൂരിൽ ജോലിയിൽ പ്രവേശിച്ചിട്ടില്ല. അധികം വൈകാതെ വീണ്ടും ചേർത്തലയ്ക്ക് തിരിച്ചെത്തുകയായിരുന്നു.
തന്റെ കീഴ് ഉദ്യോഗസ്ഥനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന കുറ്റത്തിന് ബിജുവിനെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തിൽ സാക്ഷി പറഞ്ഞു എന്ന് ആരോപിച്ചാണ് തമ്പി എന്ന സിഐടിയു നേതാവിനെ ബിജു ആക്രമിച്ചത്. ഈ കേസ് ഒത്തുതീർക്കാനും സസ്പെൻഷൻ പിൻവലിപ്പിക്കാനുമാണ് അനിതാ പുല്ലയിൽ അനധികൃതമായി ഇടപെട്ടത്. മോൻസന്റെ തട്ടിപ്പുകൾക്ക് ഉദ്യോഗസ്ഥരെ ഉപയോഗിച്ചതിന്റെ ചെറിയ ഉദാഹരണം മാത്രമാണ് കെജി ബിജു. പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയെന്ന നിലയിൽ പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് അനിത. ബെഹ്റ അടക്കമുള്ള ഉദ്യോഗസ്ഥരുമായുള്ള അനിതയുടെ ബന്ധം വളരെ മുമ്പ് തന്നെ പുറത്തുവന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ