കൊച്ചി: മോൻസൺ മാവുങ്കലിനെതിരെയുള്ള കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി എസ്. ശ്രീജിത്ത് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

പുതിയ അന്വേഷണസംഘത്തിന്റെ ആദ്യയോഗം തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഐജി സ്പർജൻ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു. മോൻസൻ കേസിൽ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് ഐ.ജി.സ്പർജൻ കുമാർ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് മോൻസനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഐജി മറുപടി നൽകിയില്ല. ഐജിയുടെ നേതൃത്വത്തിൽ മോൻസനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.

ഇൻസ്‌പെക്ടർമാരുൾപ്പെടെ പത്ത് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് അന്വേഷണസംഘം വിപുലീകരിച്ചത്. മുനമ്പം സ്റ്റേഷൻ ഹൗസ് ഓഫീസർ എ.എൽ.യേശുദാസ്, കൊച്ചിസിറ്റി സൈബർ സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ.കെ.എസ്, പള്ളുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ സിൽവെസ്റ്റർ.കെ.എക്‌സ്, എറണാകുളം ടൗൺ സൗത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എസ്.ഫൈസൽ, പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ എസ്‌ഐ സനീഷ്.എസ്.ആർ, മുളവുകാട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ വർഗീസ്, കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ റെജി.ടി.കെ, ഫോർട്ട്‌കൊച്ചി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവൻ, കൊച്ചി സിറ്റി സൈബർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിഹാബ്, കൊച്ചി സിറ്റി ഡി.എച്ച്.ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ മാത്യു എന്നിവരെയാണ് പുതുതായി അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയത്.

പ്രതി മോൻസൺ മാവുങ്കലിന്റെ വിഷയത്തിൽ പൊലീസിനെതിരെ ഹൈക്കോടതി ഇന്നലെ പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. മോൻസൺ മാവുങ്കലിന് എങ്ങനെ പൊലീസ് സംരക്ഷണം കിട്ടിയെന്ന് ഹൈക്കോടതി ആരാഞ്ഞു. തനിക്ക് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് മോൻസൺ മാവുങ്കലിന്റെ മുൻ ഡ്രൈവർ അജിത് നൽകിയ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

മോൻസൺ മാവുങ്കലിന്റെ മ്യുസിയത്തിൽ ആനക്കൊമ്പുണ്ടെന്ന് പറഞ്ഞപ്പോഴും പൊലീസ് ഇത് എന്തു കൊണ്ടു അന്വേഷിച്ചില്ലെന്ന് കോടതി ചോദിച്ചു. ആനകൊമ്പ് ഉണ്ടെന്ന് പറാൽ അന്വേഷിക്കണ്ടതല്ലേയെന്നും കോടതി ചോദിച്ചു.വീടിനു മുന്നിൽ പൊലീസ് സംരക്ഷണം നൽകിയപ്പോൾ അയാളുടെ വിശ്വാസ്യത കൂടുകയല്ലേ ചെയ്തതെന്നും കോടതി ചോദിച്ചു. ലോകത്തില്ലാത്ത സാധനങ്ങൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ അതിനെക്കുറിച്ച് അന്വേഷിക്കാതെ സംരക്ഷണം നൽകി.

വിലപിടിപ്പുള്ള വസ്തുക്കളാണെന്ന് പറഞ്ഞത് പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു.മോൻസൺ പറഞ്ഞതിൽ ആർക്കും സംശയം തോന്നിയില്ലേയെന്നും കോടതി ചോദിച്ചു.പൊലീസ് ഉദ്യോഗസ്ഥർ ആരോപണ വിധേയരായ കേസിൽ പൊലീസ് അന്വേഷണം ഫലപ്രദമാകുമോയെന്നും കോടതി ചോദിച്ചു.ഈ മാസം 26 നകം സംസ്ഥാന പൊലീസ് മേധാവി കേസിന്റെ അന്വേഷണ പുരോഗതി റിപോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.