- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിയാഹാരം കഴിക്കില്ല; ഇടയ്ക്കിടെ മധുരമില്ലാത്ത ജ്യൂസും ഹെൽത്ത് ഡ്രിങ്കും; നിറം വർദ്ധിപ്പിക്കാനും ചുളിവ് മാറ്റാനും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നത് ലക്ഷങ്ങൾ വിലയുള്ള ഗുളികകൾ; സൗന്ദര്യ സംരക്ഷണത്തിൽ മോൻസൻ മാവുങ്കലിന്റേത് മമ്മൂട്ടിയെ വെല്ലുന്ന ഡെഡിക്കേഷൻ
തിരുവനന്തപുരം: തട്ടിപ്പിന്റെ തിരക്കിലും സൗന്ദര്യസംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നയാളായിരുന്നു മോൻസൻ മാവുങ്കൽ. മെഗാ സ്റ്റാർ മമ്മൂട്ടിയെക്കാൾ ഡെഡിക്കേഷനായിരുന്നു സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ മോൻസന്റേതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൗന്ദര്യത്തിന് ദോഷമാകുമെന്ന് കണ്ട് അരിയാഹാരം പാടെ ഉപേക്ഷിച്ചയാളാണ് മോൻസൻ. വർഷങ്ങളായി ഇയാൾ ചോറോ അരി കൊണ്ടുള്ള മറ്റ് ഭക്ഷണപദാർത്ഥങ്ങളോ കഴിക്കാറില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് മോൻസൻ വെളിപ്പെടുത്തി. വിദേശത്ത് നിന്നെത്തിക്കാൻ സൗന്ദര്യവർധക ടാബ്ലെറ്റുകളും യൗവനം നിലനിർത്താൻ ഇയാൾ ഉപയോഗിച്ചിരുന്നു.
തട്ടിപ്പുകളുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ ആകർഷകമായ രൂപവും പെരുമാറ്റവും വ്യക്തിത്വവും ഉണ്ടാകണമെന്നാണ് മോൻസന്റെ അഭിപ്രായം. അതിന് വേണ്ടി ഏതറ്റം വരെയും പോകാൻ ഇയാൾ തയ്യാറായിരുന്നു. ശരീരഭംഗി നിലനിർത്താൻ മിതമായ ആഹാരം മാത്രമാണ് മോൻസൻ കഴിച്ചിരുന്നത്. അരിയാഹാരം കൈകൊണ്ടു തൊടില്ല. കൊഴുപ്പില്ലാത്ത ഭക്ഷണം മാത്രമേ ഉപയോഗിക്കുകയുള്ളു. കുടിക്കാൻ ഇടയ്ക്കിടെ മധുരമില്ലാത്ത ജ്യൂസും ഹെൽത്ത് ഡ്രിങ്കും. മിനിറൽ വാട്ടർ അല്ലാതെ സാധാരണ കുടിവെള്ളമൊന്നും മോൻസന് ഇറങ്ങാറില്ല.
സൗന്ദര്യവർദ്ധക ഗുളികൾ ഉപയോഗിച്ച് വാർദ്ധക്യത്തെ അകറ്റി നിർത്താനും മോൻസൻ ശ്രമിച്ചിരുന്നു. നല്ല നിറം ലഭിക്കാനും ത്വക്കിലെ ചുളിവുകൾ ബാധിക്കാതിരിക്കാനും മെലാനിൻ അടങ്ങിയ ഗുളികകളും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുമായിരുന്നു. ലക്ഷക്കണക്കിന് ഡോളർ സൗന്ദര്യസംരക്ഷണത്തിന് വേണ്ടി മാത്രം മോൻസൻ ചെലവഴിച്ചിരുന്നതായാണ് കണക്കുകൾ. ഇമേജ് വർദ്ധിപ്പിക്കാൻ സ്വന്തം നിലയിൽ ഫോട്ടോഷൂട്ടുകളും മോൻസൻ ചെയ്തിരുന്നു. മോൻസനെ മാസ് ലുക്കിൽ അവതരിപ്പിക്കുന്ന വീഡിയോകളായിരുന്നു അതെല്ലാം. അതിന് മോഡലുകളേയും പ്രശസ്തരായ സിനിമാതാരങ്ങളേയും ലക്ഷങ്ങൾ ചെലവഴിച്ചാണ് അയാൾ കൊണ്ടുവന്നിരുന്നത്.
വിരുന്നുകാരെ കയ്യിലെടുക്കാൻ നിരവധി സമ്മാനങ്ങളും മോൻസൻ നൽകിയിരുന്നു. മധ്യവയസ്കരായ സ്ത്രീകൾക്ക് വർണാഭമായ സാരികളായിരുന്നു ഇയാൾ സമ്മാനമായി നൽകിയിരുന്നത്. വിഐപികളായ പുരുഷന്മാർക്ക് നൽകിയതാകട്ടെ വാച്ചുകളും. ഒരു സിനിമാതാരത്തിന് മോൻസൻ നൽകിയ 10 ലക്ഷത്തിന്റെ വാച്ച് ദുബായിലെത്തിച്ച് പരിശോധിച്ചപ്പോൾ 200 ദിർഹം പോലും വരില്ലെന്നാണ് കടക്കാർ പറഞ്ഞത്. സമാനമായി മറ്റൊരു പ്രശസ്ത ഗായകനേയും പറ്റിച്ചു. ഇദ്ദേഹത്തിന് സമ്മാനിച്ചത് ബ്ലാക്ക് ഡയമണ്ട് പതിച്ച മോതിരമായിരുന്നു. എന്നാൽ അത് വെറും വ്യാജകല്ലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം പുരാവസ്തു എന്നു പറഞ്ഞതെല്ലാം കള്ളമെന്ന് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ച് ചോദ്യം ചെയ്യലിൽ മോൻസൻ മാവുങ്കൽ സമ്മതിച്ചിട്ടുണ്ട്. പാസ്പോർട്ട് ഇല്ലാതെയാണ് പ്രവാസി സംഘടനാ രക്ഷാധികാരിയായത്. ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ല. 100 രാജ്യങ്ങൾ സന്ദർശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോൻസൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകി.
ഇതുസംബന്ധിച്ച ചോദ്യങ്ങളോട്, ഒന്നോ രണ്ടോ രാജ്യങ്ങളിൽ പോയിട്ടുണ്ടെന്ന് പറഞ്ഞാൽ എന്തെങ്കിലും കാര്യമുണ്ടോ എന്ന് മോൻസൻ തിരിച്ചുചോദിച്ചു. 100 രാജ്യങ്ങൾ സന്ദർശിച്ചു എന്നവകാശപ്പെട്ടുകൊണ്ടാണ് മോൻസൻ പ്രവാസി സംഘടനയുടെ തലപ്പത്തെത്തുന്നത്. ബ്രൂണെയ് രാജകുടുംബത്തിനും, ഖത്തർ രാജകുടുംബത്തിനും പുരാവസ്തുക്കൾ വിറ്റിട്ടുണ്ടെന്നും മോൻസൻ അവകാശപ്പെട്ടിരുന്നു. വിദേശത്ത് പുരാവസ്തുക്കൾ വിറ്റ വകയിൽ 1350 കോടി പൗണ്ട് തന്റെ അക്കൗണ്ടിലേക്ക് വന്നു എന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചാണ് മോൻസൻ തട്ടിപ്പുകൾ നടത്തിവന്നിരുന്നത്.
മോൻസൻ പലരിൽ നിന്നായി പണം വാങ്ങിയതുമായി ബന്ധപ്പെട്ട് കുറേ ശബ്ദരേഖകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അതിൽ പണം വേണമെന്ന് മോൻസൻ ആവശ്യപ്പെടുന്നുണ്ട്. ഫോൺസംഭാഷണം മോൻസന്റേതാണെന്ന് ഉറപ്പിക്കുന്നതിനായി ക്രൈംബ്രാഞ്ച് ശബ്ദസാംപിളുകൾ പരിശോധിക്കും. മോൻസൻ നേരിട്ട് നാലുകോടി വാങ്ങിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഇതിന്റെ രേഖ മോൻസൻ നൽകിയിട്ടുണ്ട്. ഇതല്ലാതെ പരാതിക്കാർ പറയുന്ന ബാക്കി ആറുകോടി പണം വാങ്ങിയതിന് തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. മോൻസൻ കൂടുതലായും നേരിട്ട് പണമായിട്ടാണ് വാങ്ങിയത്. കൂടാതെ സഹായികളുടെ അക്കൗണ്ടുകൾ വഴിയും പണം കൈപ്പറ്റിയതായാണ് സൂചന.
ബാങ്കു വഴി കൈപ്പറ്റിയ തുക സംബന്ധിച്ച് മോൻസൻ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. ഈ പണം ധൂർത്തടിച്ചു നശിപ്പിച്ചുവെന്നും മോൻസൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. തട്ടിപ്പു പണം കൊണ്ട് കാറുകൾ വാങ്ങിക്കൂട്ടി. പണം നൽകിയ യാക്കൂബിനും അനൂപിനും മറ്റും പോർഷെ, ബിഎംഡബ്ലിയു തുടങ്ങിയ ആഡംബര വാഹനങ്ങൾ നൽകി. തന്റെ വീടിന് 50,000 രൂപയാണ് വാടകയെന്നും കറന്റ് ബിൽ മാത്രം പ്രതിമാസം മുപ്പതിനായിരം രൂപയോളം വരുമെന്നും സുരക്ഷയ്ക്കായി 25 ലക്ഷത്തോളം രൂപ ചെലവു വരുന്നതായും മോൻസൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
മോൻസന്റെ വ്യാജ പുരാവസ്തുക്കൾ വിദേശത്ത് വിൽപ്പന നടത്താൻ കൂട്ടുനിന്ന തൃശൂരിലെ ധനകാര്യസ്ഥാപനം ഉടമ സ്ഥലംവിട്ടതായി റിപ്പോർട്ടുണ്ട്. കേസിൽ ഇയാളെ ചോദ്യം ചെയ്യാനിരിക്കെയാണ് മുങ്ങിയത്. മോൻസന് തട്ടിപ്പിലൂടെ കിട്ടിയ പണത്തിന്റെ ഒരു ഭാഗം ഇയാൾക്കും കിട്ടിയിട്ടുണ്ടാകാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
മറുനാടന് മലയാളി ബ്യൂറോ