തൃശ്ശൂർ: സംസ്ഥാനത്ത് കാലവർഷം ജീവമായതോടെ മഴയാത്രകൾ സംഘടിപ്പിച്ച് ടൂറിസം ആകർഷകമാക്കാൻ ഉറപ്പിച്ച് കേരള ടൂറിസം വകുപ്പ്. മഴക്കാല ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ആകർഷകമായ പാക്കേജുമായാണ് ടൂറിസം വകുപ്പ് രംഗത്തെത്തിയത്. അതിരപ്പിള്ളി-ഷോളയാർ വനമേഖലയിലൂടെ മഴയാത്രയ്ക്കാണ് അവസരം ഒരുക്കുന്നത്.

അതിരപ്പിള്ളി-വാഴച്ചാൽ-തുമ്പൂർമുഴി ഡിഎംസിയുടെ നേതൃത്വത്തിലുള്ള ഈ ജംഗിൾ സഫാരി രാവിലെ എട്ടുമണിക്ക് ചാലക്കുടി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ നിന്നാരംഭിച്ച് വൈകിട്ട് ഏഴിന് തിരിച്ചെത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

തുമ്പൂർമുഴി, അതിരപ്പിള്ളി, മഴക്കാലത്തുമാത്രം രൂപപ്പെടുന്ന ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ, പെരിങ്ങൽകുത്ത്, ആനക്കയം, ഷോളയാർ അണക്കെട്ട് എന്നിങ്ങനെയാണ് റൂട്ട്. പ്രഭാതഭക്ഷണം, ഔഷധകഞ്ഞി, ഉച്ചഭക്ഷണം, കരിപ്പെട്ടികാപ്പി, കപ്പ പുഴുങ്ങിയത്, മുളക് ചമ്മന്തി, കർക്കിടക മരുന്ന് കിറ്റ് തുടങ്ങിയ വിഭവങ്ങൾ യാത്രയിൽ സന്ദർശകർക്കായി വിളമ്പും. വളരെ ആകർഷകമായ ടൂറിസം പാക്കേജാണിത്. ടൂറിസം ഉദ്യോഗസ്ഥർ നിർദ്ദേശങ്ങളുമായി മുന്നിലുണ്ടാകും.

ബാഗ്, കുട എന്നിവയ്ക്ക് ഒപ്പം യാത്രികർ മൊബൈലിൽ പകർത്തുന്ന മഴയുടെ ദൃശ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്നവയ്ക്ക് സമ്മാനങ്ങളും നൽകും. ബുക്കിങ്ങിന് 0480 2769888, 9497069888 എന്നീ ഫോൺനമ്പറുകളിൽ ബന്ധപ്പെടുക.