- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലാ കാസ ഡി പാപ്പൽ എന്നപേരിൽ സ്പെയ്നിൽ തുടങ്ങിയ സീരീസ് വൻ പരാജയമായി; ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി മണിഹെയ്സ്റ്റായതോടെ സംഭവിച്ചത് ചരിത്രം; അവസാന സീസണിന് പ്രേക്ഷകർ കാത്ത് നിൽക്കുമ്പോൾ കഥാപാത്രങ്ങളോട് വിടപറഞ്ഞ് താരങ്ങൾ; പ്രൊഫസർക്ക് ബൈ പറഞ്ഞ് അൽവാരോ മോർട്ടെ; ഇനി കളി അങ്ങ് ബിഗ് സ്ക്രീനിൽ
ടെലിവിഷൻ സിരീസുകളിൽ ലോകത്ത് ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസികളിൽ ഒന്നാണ് സ്പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമ 'മണി ഹെയ്സ്റ്റ്'. 'ലാ കാസ ഡേ പാപ്പൽ' എന്ന് സ്പാനിഷ് പേരുള്ള സിരീസ്. നാല് സീസണുകൾ ഇതിനകം പൂർത്തിയാക്കിയ സിരീസിന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ സീസണിന് കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം അവസാന സീസണിന്റെ പ്രൊഡക്ഷൻ അന്തിമഘട്ടത്തിലാണ്.
തങ്ങളുടെ ചിത്രീകരണം പൂർത്തിയാവുന്നതനുസരിച്ച് താരങ്ങളിൽ പലരും സോഷ്യൽ മീഡിയയിലൂടെ കഥാപാത്രത്തോട് വിട പറയുന്നതിന്റെ വികാരം പങ്കുവെക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ അത്തരത്തിൽ ഒരു പോസ്റ്റുമായി എത്തിയിരിക്കുന്നത് മറ്റാരുമല്ല, സിരീസിന്റെ നെടുംതൂൺ കഥാപാത്രം സെർജിയോ മർക്വീന എന്ന പ്രൊഫസറെ അവതരിപ്പിച്ച അൽവരൊ മോർത്തെ തന്നെ.ഒറ്റ വേഷത്തിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച കഥാപാത്രമാണ് മണിഹെയ്സ്റ്റിലെ പ്രൊഫസർ. സീരിസിലെ അവസാനരംഗത്തിന്റെയും ചിത്രീകരണം പൂർത്തിയാക്കി കാറിൽ മടങ്ങുന്ന വിഡിയോയാണ് നടൻ അൽവരോ മോർത്തെ പങ്കുവച്ചത്.
കാറിന്റെ വിൻഡോ ഗ്ലാസിലൂടെ സെറ്റിലേക്ക് നോക്കിയ ശേഷം ചിരിച്ചു കൊണ്ടാണ് വിഡിയോ അവസാനിപ്പിക്കുന്നത്. ഒപ്പം ചേർത്ത കുറിപ്പിൽ സഹപ്രവർത്തകർക്കും ആരാധകർക്കും അദ്ദേഹം നന്ദി അറിയിച്ചു. 'ലാ കാസ് ഡെ പപ്പേലിന്റെ സെറ്റിലെ അവസാന രംഗവും ചിത്രീകരിച്ച് മടങ്ങുകയാണ്. വാക്കുകൾ അപ്രസക്തമാണിപ്പോൾ. എല്ലാത്തിനും നന്ദി. ആരാധകർക്ക്, പ്രത്യേകിച്ചും ആദ്യത്തെ, പിന്നെ വാൻകൂവർ മീഡിയ പ്രൊഡക്ഷൻസിന്റെ ടീമിനും നെറ്റ്ഫ്ളിക്സിനും എനിക്കേറെ പ്രിയപ്പെട്ട ' പ്രൊഫസർക്കും. നിങ്ങളോടൊപ്പമുള്ള നല്ല സമയങ്ങളെ എനിക്ക് മിസ് ചെയ്യും. നന്ദി.'എന്നാണ് അദ്ദേഹക്കിന്റെ വാക്കുകൾ.
മണി ഹെയ്സ്റ്റിന്റെ സ്വന്തം പ്രൊഫസർ
ശാന്തമായ മുഖം, എവിടെയും ഉറച്ചു നിൽക്കാത്ത കൃഷ്ണ മണി, സമ്മർദ്ദം അനുഭവപ്പെടുമ്പോൾ പരിഭ്രം മറച്ചു വയ്ക്കാൻ പരാജയപ്പെടുന്ന മുഖം, അബദ്ധം സംഭവിക്കുമ്പോൾ മുഖത്ത് വിരിയുന്ന ജാള്യഭാവം, ആകർഷണീയമായ വസ്ത്രധാരണം, മനോഹരമായ പുഞ്ചിരി, ഇതെല്ലാമാണ് മണി ഹെയ്സ്റ്റിലെ പ്രൊഫസർ എന്ന കഥാപാത്രത്തെ ഓർക്കുമ്പോൾ ആരുടെയും മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത്. വ്യവസ്ഥാപിത നായക-വില്ലൻ സങ്കൽപ്പങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒരു കഥാപാത്രം.
മറ്റുള്ളവരോട് സഹതാപമുള്ള അന്യരുടെ ദുഃഖങ്ങളിൽ വിഷമിക്കുന്ന സ്പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്ടറിയായ റോയൽ മിന്റ് കൊള്ളയടിക്കാനെത്തുന്ന എട്ടംഗ സംഘത്തിനെ നയിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നും. ചില കഥാപാത്രങ്ങൾ അങ്ങനെയാണ് ആർക്കും പിടി കൊടുക്കുകയില്ല.
ഇത്തരം ചില കഥാപാത്രങ്ങൾ ചില താരങ്ങളുടെ തലവര മാറ്റിമറിക്കുകയും ചെയ്യും. അതിബുദ്ധിമാനായ സങ്കീർണതകൾ നിറഞ്ഞ പ്രൊഫസറിലൂടെ അൽവാരോ മോർട്ടെ ഇന്ന് ലോകമൊട്ടാകെ ആരാധകരുള്ള നടനായി മാറി. സാമൂഹിക മാധ്യമങ്ങളിൽ, വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളിൽ എല്ലായിടത്തും പ്രൊഫസർ, അതോടൊപ്പം അൽവാരോ മോർട്ടെയെ അഭിസംബോധന ചെയ്ത് എഴുതിയിരിക്കുന്ന പ്രണയലേഖനങ്ങളും. സ്പെയിനിൽ നിന്നുള്ള ഈ 45 കാരൻ നടനെ 'ഗ്ലോബൽ ക്രഷ്' എന്ന് അക്ഷരം തെറ്റാതെ വിളിക്കാം.
പ്രൊഫസർ അഥവ അൽവാരോ മോർട്ടെ
മണി ഹെയ്സ്റ്റിലെ പ്രൊഫസർ എന്ന കഥാപാത്രത്തോടൊപ്പം അൽവാരോ മോർട്ടെയും ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടി.1975 ലെ സ്പെയിനിലെ കാഡിസിലാണ് അൽവാരോ മോർട്ടെ ജനിച്ചത്. ഹോസ്പിറ്റൽ സെൽട്രൻ എന്ന ടെലിവിഷൻ സീരീസിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.2003ൽ സ്പാനിഷ് സിനിമയിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചു.
സിനിമാരംഗത്ത് വേണ്ടത്ര ശ്രദ്ധ അദ്ദേഹത്തിന് നേടിയെടുക്കാൻ സാധിച്ചില്ല. എന്നാൽ സ്പാനിഷ് ടെലിവിഷൻ രംഗത്ത് അൽവാരോ മോർട്ടെ പ്രശസ്തി നേടി.സ്പെയിനിൽ മാത്രം ഒതുങ്ങേണ്ടിയിരുന്ന ഈ നടന്റെ തലവര മണി ഹെയ്സ്റ്റിലൂടെയാണ് മാറുന്നത്.
ഒരുപിടി വെബ് സീരീസുകളിലും ഈ നടൻ വേഷമിട്ടു. ഫാഷൻ ഡിസൈനറും സ്റ്റൈലിസ്റ്റുമായ ബ്ലാൻസ ക്ലെമന്റേയാണ് അൽവാരോ മോർട്ടെയുടെ ഭാര്യ. ജൂലിയറ്റ, ലിയോൺ എന്നീ ഇരട്ടക്കുട്ടികളാണ് ഇവരുടെ മക്കൾ.
ആന്റിന 3യിൽ നിന്നും മണി ഹെയ്സ്റ്റിലേക്ക്
'ലാ കാസ ഡി പാപ്പൽ' എന്ന പേരിൽ 2017 മെയ് മുതൽ നവംബർ വരെയായി ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷൻ നെറ്റ് വർക്കിൽ റിലീസ് ചെയ്ത സീരീസ് ഇന്ന് കാണുന്ന മണി ഹെയ്സ്റ്റ് എന്ന ജനപ്രിയ സീരീസായതും വലിയൊരു അതിജീവനത്തിലൂടെയായിരുന്നു. 15 എപ്പിസോഡുകളായി സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ സീരിസ് സ്പെയ്നിൽ വൻ പരാജയമായിരുന്നു. അതിനാൽ ഇതിനൊരു തുടർഭാഗം എന്നത് അണിയറപ്രവർത്തകർ ചിന്തിച്ചിരുന്നില്ല. എന്നാൽ നെറ്റ്ഫ്ളിക്സ് സീരിസ് ഏറ്റെടുത്ത് 15 എപ്പിസോഡുകളെ റീ എഡിറ്റ് ചെയ്ത് 22 എപ്പിസോഡുകളാക്കി മാറ്റി. ശേഷം രണ്ടു സീസണുകളിലായി 13, 9 എന്ന ക്രമത്തിൽ എപ്പിസോഡുകൾ പുറത്തുവിട്ടു.
ജനപ്രീതി മനസിലാക്കി കൂടുതൽ മുതൽമുടക്ക് നടത്തിയാണ് തുടർ സീസണുകളുടെ ചിത്രീകരണം നെറ്റ്ഫ്ളിക്സ് നടത്തിയത്.സീരിസ് ഏറ്റെടുത്ത് ഇംഗ്ലിഷിൽ ഡബ്ബ് ചെയ്തതോടെ ലോകം മുഴുവനുള്ള പ്രേക്ഷകരും ഇത് ഏറ്റെടുത്തു. വൈകാതെ മണി ഹെയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി.
നാലാം സീസണിലേക്ക് എത്തിയപ്പോൾ തന്നെ ഏറ്റവുംകൂടുതൽ കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയിൽ മുൻനിരയിലേക്ക് മണി ഹെയ്സ്റ്റ് എത്തിക്കഴിഞ്ഞിരുന്നു. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പൽ.നെറ്റ്ഫ്ളിക്സിന്റെ അഭ്യർത്ഥനപ്രകാരം പുതിയ കഥയുമായെത്തിയ മൂന്നാം സീസൺ മുതൽ ബിഗ് ബജറ്റിലാണ് സീരിസ് നിർമ്മിച്ചത്. ഇനി അഞ്ചാമത്തെ സീസണിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
മറുനാടന് മലയാളി ബ്യൂറോ