- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊട്ടിത്തെറിച്ചത് നാലാം നമ്പർ ജനറേറ്ററിന്റെ എൽഎവിടി പാനൽ കപ്പാസിറ്റർ; അപകടമുണ്ടായത് ഉയർന്ന വോൾട്ടേജ് താഴ്‌ത്താനുള്ള പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ; മൂലമറ്റത്തെ അപകടം കെ എസ് ഇ ബിക്ക് പ്രതിസന്ധിയാകും; പുറമേ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും
മൂലമറ്റം: മൂലമറ്റം വൈദ്യുത നിലയത്തിൽ പൊട്ടിത്തെറിയിൽ ആളപായം ഉണ്ടാകാത്തത് ഭാഗ്യം കൊണ്ട്. അപകടത്തെ തുടർന്ന് നിലയത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തി വയ്ക്കുകയും ചെയ്തു. സംസ്ഥാനത്തൊട്ടാകെ ഇന്നലെ വൈകിട്ട് ലോഡ് ഷെഡിങ് ഏർപ്പെടുത്തി. ഈ പ്രതിസന്ധിയേയും കെ എസ് ഇ ബി മറികടന്നിട്ടുണ്ട്.
ഭൂഗർഭ നിലയത്തിലെ 4-ാം നമ്പർ ജനറേറ്ററിന്റെ ഐസലേറ്ററുകളാണ് ഇന്നലെ വൈകിട്ട് ഏഴോടെ പൊട്ടിത്തെറിച്ചത്. ജീവനക്കാർ ആരും സമീപത്ത് ഇല്ലാതിരുന്നതിനാൽ ആളപായമില്ല. 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വൈദ്യുത നിലയത്തിൽ പുകപടലം നിറഞ്ഞു. അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും കെ എസ്ഇബി ഉദ്യോഗസ്ഥരും ചേർന്നു രക്ഷാപ്രവർത്തനം നടത്തി. നിലയത്തിൽ രാത്രിയും പരിശോധന നടത്തി. അപകടാവസ്ഥ മാറിയിട്ടുണ്ട്.
നാലാം നമ്പർ ജനറേറ്ററിന്റെ എൽഎവിടി പാനൽ (ലൈറ്റ്‌നിങ് അറസ്റ്റർ ആൻഡ് വോൾട്ടേജ് ട്രാൻസ്‌ഫോർമർ) കപ്പാസിറ്ററാണ് പൊട്ടിത്തെറിച്ചത്. ഉയർന്നവോൾട്ടേജ് താഴ്‌ത്താനുള്ള പ്രൊട്ടക്ഷൻ സിസ്റ്റമാണിത്. ഇതിൽ ഓക്സിലറി ട്രാൻസ്ഫോമറിലേക്ക് സപ്ലൈ എടുക്കുന്ന ഐസൊലേറ്ററിന് തകരാർ സംഭവിക്കുകയായിരുന്നു. ഈ സമയം ഉദ്യോഗസ്ഥർ സമീപമില്ലാതിരുന്നത് ഭാഗ്യമായി. നാലാം നമ്പർ ജനറേറ്ററിൽ നിന്നാണ് പവർ ഹൗസിലേക്ക് ആവശ്യമായ വൈദ്യുതി എടുക്കുന്നത്. പൊട്ടിത്തെറിയിൽ പവർഹൗസിനുള്ളിലാകെ പുക നിറഞ്ഞു.
കെഎസ്ഇബി ഉദ്യോഗസ്ഥരും മൂലമറ്റം ഫയർഫോഴ്‌സ് സംഘവും കാഞ്ഞാർ പൊലീസും ചേർന്ന് സുരക്ഷാ നടപടികൾ സ്വീകരിച്ചു. ഇത് ദുരന്തവ്യാപ്തി കുറച്ചു, അഞ്ചു ദിവസമായി നിലയത്തിലെ ആറു ജനറേറ്ററുകളും പൂർണ പ്രവർത്തനത്തിലായിരുന്നു. സംസ്ഥാനത്തെ വൈദ്യുതോൽപാദനത്തിൽ പകുതിലധികവും മൂലമറ്റം നിലയത്തിൽ നിന്നായിരുന്നു. 12.385 ദശലക്ഷം യൂണിറ്റായിരുന്നു വെള്ളിയാഴ്ചത്തെ ഉൽപാദനം. പുറമെ നിന്ന് കൂടുതൽ വൈദ്യുതി എത്തിച്ചാണ് താൽക്കാലിക പരിഹാരം ഉണ്ടാക്കിയത്.
2020 ജനുവരി 20നും ഫെബ്രുവരി ഒന്നിനും പവർ ഹൗസിൽ ചെറിയ പൊട്ടിത്തെറി ഉണ്ടായിരുന്നു. അന്നും ആളപായമുണ്ടായില്ല. പവർ ഹൗസിൽ ഏറെക്കാലത്തിനു ശേഷം നവീകരണപ്രവർത്തികളും നടപ്പാക്കിയിരുന്നു. 2021 ജനുവരി 30 ഓടെയാണ് എല്ലാ ജനറേറ്ററുകളും പ്രവർത്തന സജ്ജമാക്കിത്. ആറ് ജനറേറ്ററുകളും തകരാറുകൾ പരിഹരിച്ച് പൂർണമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞത് കെഎസ്ഇബിക്ക് ആശ്വാസമായിരുന്നു. ഇതിനിടെയാണ് അപകടമെത്തുന്നത്. ഈ സാഹചര്യത്തിൽ പരിമിത ലോഡ് ഷെഡിങ് തുടരേണ്ടി വരും.
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പർ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ കാരണം ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താൽക്കാലികമായി നിറുത്തി വക്കേണ്ടി വന്നിരിക്കുകയാണ്. ആയതിനാൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിളിലും വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. തകരാർ പരിഹരിച്ച് ഉല്പാദനം എത്രയും വേഗം പുനരാരംഭിക്കുവാനുള്ള ശ്രമം നടന്നു വരുന്നതായും കെ.എസ്.ഇ.ബി ഇന്നലെ രാത്രി അറിയിച്ചിരുന്നു.
ഇതു തന്നെയാണ് കെ എസ് ഇ ബിയെ പ്രതിസന്ധിയിലാക്കുന്നത്. ആറു ജനറേറ്ററും പ്രവർത്തിപ്പിക്കാനായില്ലെങ്കിൽ പുറമേ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും. ഇത് കെ എസ് ഇ ബിയുടെ ചെലവും കൂട്ടും. ഇത് സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സ്ഥാപനത്തിന് വൻ ബാധ്യതയുമാകും.
മറുനാടന് മലയാളി ബ്യൂറോ