- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെറോട്ടയും പോട്ടിയും ചോദിച്ചപ്പോൾ ദോശയും സാമ്പാറും തരാമെന്ന് മറുപടി; പോട്ടി കിട്ടാത്ത കലപ്പിൽ അസഭ്യം പറഞ്ഞപ്പോൾ നാട്ടുകാർ ഇടപെട്ടു; വീട്ടിൽ പോയി ഡബിൾ ബാരൽ തോക്കുമായെത്തി വെടിയുതിർത്തത് രാജാവിന്റെ മകനിലെ ''വിൻസന്റ് ഗോമസിനെ' പോലെ; ഫിലിപ്പിന്റെ പ്രതികാരത്തിൽ അമ്മയ്ക്കും പിരിക്ക്; മൂലമറ്റം ഇന്നലെ രാത്രി ഞെട്ടി വിറച്ചത് ഇങ്ങനെ
തൊടുപുഴ: ഫിലിപ്പ് ആവശ്യപ്പെട്ടത് പൊറോട്ടയും പോട്ടിയും. പോട്ടി തീർന്നെന്നും ദോശയും സാമ്പാറും തരാമെന്നും ഭക്ഷണം നൽകിയ സൗമ്യ അറിയിച്ചു. ഇതിന് പിന്നാലെ ബൈക്കിൽ ഇരുന്നിരുന്ന ഫിലിപ്പ് അസഭ്യവർഷം തുടങ്ങി. ഇതിനിടെ ഭക്ഷണം കഴിക്കാനെത്തിയ യുവാവുമായി തർക്കവും അടിപിടിയും. തുടർന്ന് വിട്ടിലേക്ക് മടങ്ങിയ ഫിലിപ്പ് ഡബിൾ ബാരൽ തോക്കുമായി തിരിച്ചെത്തി തുരുതുരാ വെടിവെയ്പ്പ്. ഇതാണ്ഇന്നലെ രാത്രി തൊടുപുഴ മൂലമറ്റത്ത് ബൈക്ക് യാത്രക്കാർക്ക് വെടിയേൽക്കാനുണ്ടായ അക്രമത്തിലെ പിന്നാമ്പുറക്കഥ.
പ്രതി ഫിലിപ്പ് മാർട്ടിൻ (30) ആളുകൾക്ക് നേരെ തുരുതുരാ വെടിവെച്ചുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മൂലമറ്റത്ത് സർവീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസിന്റെ കണ്ടക്ടർ കീരിത്തോട് സ്വദേശി സനൽ ബാബു (32)വാണ് വെടിയേറ്റു മരിച്ചത്. ബൈക്കിൽ വരികയായിരുന്ന സനലിന്റേയും സുഹൃത്ത് പ്രദീപിന്റേയും നേർക്ക് ഫിലിപ്പ് വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. പ്രദീപിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
മൂലമറ്റം ആശോക ജംഗ്ഷനിലെ തറവാട് ഫാസ്റ്റ്ഫുഡ് കടയിലാണ് ഫിലിപ്പും ബന്ധുവും കൂടി രാത്രി 10.30നോട് അടുത്ത് ഭക്ഷണം കഴിക്കാനെത്തിയത്. മൂലമറ്റം അറക്കുളം സ്വദേശികളായ ബനീഷും സൗമ്യയും ചേർന്നാണ് തട്ടുകട നടത്തിയിരുന്നത്. പൊറോട്ടയും പോട്ടിയുമാണ് ഫിലപ്പ് ആവശ്യപ്പെട്ടത്. പോട്ടി തീർന്നെന്നും ദോശയും സാമ്പാറും നൽകാമെന്ന് അറിയിക്കുകയും ചെയ്തു.
കൂടെയുണ്ടായിരുന്ന ബന്ധു ദോശയും സാമ്പാറും കഴിച്ചു. ഈ സമയം പൊറോട്ടയും ബീഫും കിട്ടാത്ത കലിപ്പിൽ സ്ഥാപനത്തിന് പുറത്ത് ബൈക്കിൽ ഇരിക്കുകരയായിരുന്ന ഫിലിപ്പ് ഉച്ചത്തിൽ അസഭ്യവർഷം തുടങ്ങി. ഇതിനിടയിൽ ഭക്ഷണം കഴിക്കാനെത്തിയ ചിലർ പ്രശ്നത്തിൽ ഇടപെടുകയും ഇയാളെ പിൻതിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ഇതോടെ ഇവരിൽ ഒരാളുമായി ഇയാൾ തർക്കത്തിലായി. തർക്കം മൂത്തതോടെ ഇവിടെയുണ്ടായിരുന്നവരിൽ ഏതാനും പേർ ചേർന്ന് ഫിലിപ്പിനെ അത്യവശ്യം കൈകാര്യം ചെയ്തു. തുടർന്ന് ബന്ധുവിനെയും കയറ്റി സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങിയ ഫിലിപ്പ് നിമിഷങ്ങൾക്കുള്ളിൽ കാറിൽ ഡബിൾ ബാരൽ തോക്കുമായിട്ടാണ് കടയിലേക്ക് തിരിച്ചെത്തിയത്. പിന്നെ കണ്ടതെല്ലാം രാജാവിന്റെ മകൻ എന്ന സിനിമയിലെ ക്ലൈമാക്സിൽ വിൻസന്റ് ഗോമസ് എന്ന മോഹൻലാൽ കഥാപത്രം കാട്ടിയതാണ്. തുരുതുരാ വെടിയുതിർക്കൽ.
ഡബിൾ ബാരൽ തോക്കുമായെത്തി കടയ്ക്ക് മുന്നിൽ കാർ നിർത്തി. ഫിലിപ്പ് തോക്കെടുത്തതോടെ ഉള്ളിലുണ്ടായിരുന്നവർ പ്രാണരക്ഷാർത്ഥം ഉള്ളിലേക്ക് ഓടിമാറി. നിരവധി വട്ടം കയ്ക്ക് നേരെ വെടിയുതിർത്തു. ഇതിനിടെ ഇരുളിൽ നിന്നും കല്ലേറ് വന്നതോടെ ഫിലിപ്പ് കാറുമായി ഇവിടെ നിന്നും സ്ഥലം വിട്ടു. നേരം വീട്ടിലേക്കാണ് കാറുമായി ഫിലിപ്പ് എത്തിയത്. ഇവിടെ നാട്ടുകാർ കൂടി കാർ തടഞ്ഞുനിർത്താൻ ശ്രമിച്ചിരുന്നു.
ബഹളം കേട്ട് ഫിലിപ്പിന്റെ മാതാവ് പുറത്തേയ്ക്കിറങ്ങിവന്നു. ഈ സമയം കാർ തടയാനെത്തിയ നാട്ടുകാർക്കുനേരെ വെടിവയ്ക്കാനും ഫിലിപ്പ് ശ്രമിച്ചു. ഓടിക്കൂടിയവരിൽ ചിലർ ചേർന്ന് തോക്ക് ബലമായി താഴ്ത്തിപ്പിടിച്ചിരുന്നതിനാൽ ഫിലിപ്പിന്റെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു. ഈ സമയം അത്രയും ഫിലിപ്പ് കാറിൽത്തന്നെയായിരുന്നു. രക്ഷയില്ലെന്ന് കണ്ട്് ഇയാൾ കാർ പിന്നിലേക്കെടുത്ത് ഇവിടെ നിന്നും ഓടിച്ചുപോയി .കാർ പിന്നോട്ടെടുത്തപ്പോൾ മാതാവിന്റെ കാലിനും പരിക്കേറ്റു.
പിന്നീട് വെടിവയ്പ്പുണ്ടായത് ഇവിടെ നിന്നും ഏതാണ്ട് ഒരു കിലോമീറ്ററോളം അകലെ ഏ കെ ജി ജംഗ്ഷനിലാണ്. ഇവിടെ ഒരു ഓട്ടോ റിക്ഷയ്ക്കുനേരെ വെടിയുതിർത്തു. ഇതിന് ശേഷമാണ് ബൈക്കിൽ വന്ന സനൽ ബാബുവിനും പ്രതീപിനും നേരെ ഇയാൾ വെടിയുതുർത്തത്. ഇവിടെ നിന്നും ലക്ഷപെട്ട് പോകുന്നതിനിടെയാണ് ഫിലിപ്പിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.
കടയിൽ വച്ച് മർദ്ദമേറ്റതിനെത്തുടർന്നുണ്ടായ പ്രകോപനമാണ് വെടിവയ്പ്പ് പരമ്പരക്ക് കാരണമായതെന്ന് ഫിലിപ്പ് പൊലീസിൽ സമ്മതിച്ചതായിട്ടാണ് സൂചന. ഫിലിപ്പിനെക്കുറിച്ച്് നാട്ടുകാരിൽ ഭൂരിപക്ഷത്തിനും കാര്യമായ വിവരമില്ല.രണ്ട് തലമുറയായി ഫിലിപ്പിന്റെ കുടുംബം വിദേശത്താണ്. അടുത്തിടെയാണ് മടങ്ങി എത്തിയത്.
വളരെ വേഗത്തിൽ തന്നെ സ്കൂട്ടർ ഓടിച്ചു പോയ പ്രതി കാറിൽ തിരിച്ചു വരികയായിരുന്നു. തുടർന്ന് റോഡിൽ കാറ് നിർത്തി തോക്കു ചൂണ്ടി എല്ലാവരേയും വെല്ലുവിളിക്കുകയും വെടിവെക്കുകയുമായിരുന്നു. ആ സമയത്ത് എല്ലാവരും പേടിച്ച് മരത്തിന് പിന്നിലും മറ്റുമായി മറഞ്ഞുനിന്നു. അതു കൊണ്ട് മാത്രം പലരും വെടിയേൽക്കാതെ രക്ഷപ്പെട്ടു. അതിന് ശേഷം കാർ സ്പീഡിൽമൂലമറ്റം റോഡിലേക്ക് നീങ്ങി. വഴി നീളെ കാണുന്നവരെയൊക്കെ ഇയാൾ വെടിവെക്കുന്നുണ്ടായിരുന്നു, കടത്തിണ്ണയിൽ ഉണ്ടായിരുന്നവരെയും ഫിലിപ്പ് വെടിവെച്ചുവെന്ന് അറക്കുളം പഞ്ചായത്ത് മെമ്പർ പറഞ്ഞു.
ഫിലിപ്പിനെ ചോദ്യം ചെയ്തു വരികയാണ്. തോക്ക് എവിടെ നിന്ന് കിട്ടി എന്നുള്ള വിവരങ്ങൾ പൊലീസ് ചോദിച്ചറിയുകയാണ്. മോഷ്ടിച്ച തോക്കാണ് ഇതെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയരിക്കുന്നതെന്നാണ് വിവരം. പ്രതി മദ്യ ലഹരിയിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇതിൽ പൊലീസിന്റെ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
മറുനാടന് മലയാളി ലേഖകന്.