ലോകാവസാനത്തെക്കുറിച്ച് പലതരത്തിലുള്ള വിശ്വാസങ്ങളുമായി ജീവിക്കുന്ന ഒട്ടേറെ വിഭാഗങ്ങൾ നമുക്കിടയിലുണ്ട്. അത്തരത്തിലുള്ള ഒരു വിഭാഗം വിശ്വാസികൾക്ക് ഇന്ന് ഉറക്കമുണ്ടാകില്ല. കാരണം, അവരുടെ വിസ്വാസമനുസരിച്ച് ലോകം അവസാനിക്കുന്ന ദിവസമാണിന്ന്. ചന്ദ്രനും ശുക്രനും ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന ദിവസമാണ് ഇന്ന്. ഇത് ലോകാവസാനമാണെന്ന് ചിലർ കരുതുന്നു.

പുതുവർഷത്തിലെ ആദ്യ പൂർണചന്ദ്രനാണ് ഇന്ന് പ്രത്യക്ഷപ്പെടുന്നത്.. ശുക്രൻ കഴിഞ്ഞ എട്ടുവർഷത്തിനിടെ ഭൂമിയോട് ഏറ്റവും അടുത്തുവരുന്നതും ഇന്നാണ്. ഇതിനൊക്കെ പുറമെ, 13-ാം തീയതിയും വെള്ളിയാഴ്ചയും ഒരുമിച്ച് വരികയും ചെയ്യുന്നു. ഒറ്റയ്‌ക്കൊറ്റയ്ക്ക് ഈ മൂന്ന് പ്രതിഭാസങ്ങളും പലപ്പോഴും സംഭവിക്കാറുണ്ടെങ്കിലും മൂന്നുംകൂടി ഒരുമിച്ചുവരുന്നത് ഒരു വിഭാഗത്തെ വല്ലാതെ അലോസരപ്പെടുത്തുന്നു.

ബൈബിളിലെ ലൂക്കിന്റെ സുവിശേഷതത്തിൽ പറയുന്നതുപോലെ, സൂര്യനിലും നക്ഷത്രങ്ങളിലും ഗ്രഹങ്ങൡും അതിന്റെ സൂചനയുണ്ടാകും. കടലിൽനിന്ന് തിരമാലകളുയർന്നുവരും എന്ന വാക്കുകൾ ഈ അവസാന ദിവസത്തെ കുറിക്കുന്നതാണെന്ന് ഒരുവിഭാഗം കരുതുന്നു. പൂർണചന്ദ്രനും ശുക്രന്റെ വെളിച്ചവും ചന്ദ്രനിലും നക്ഷത്രങ്ങളിലും അതിന്റെ സൂചനൾ കാണുമെന്ന ലൂക്കിന്റെ വചനത്തിൽ പറയുന്നതിന് തെളിവാണെന്ന് അവർ പറയുന്നു.

ഫേസ്‌ബുക്കിൽ ലോകവസാനം ഭയക്കുന്നവരുടെ പലതരത്തിലുള്ള പോസ്റ്റുകളും നിറഞ്ഞിരിക്കുന്നു. ലൂക്കിന്റെ വചനം സത്യമാവുമോയെന്ന ആശങ്ക പല പോസ്റ്റുകളിലും വ്യക്തമാണ്. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേൽക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്നതും രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം മുമ്പെന്നത്തേക്കാളും ഉലഞ്ഞതും ലോകാവസാനത്തിന്റെ സൂചനകളായി ലൂക്കിന്റെ വചനത്തെ കൂട്ടുപിടിച്ച് അവർ ഉയർത്തിക്കാട്ടുന്നു.