മൂന്നാർ: തോട്ടം തൊഴിലാളി മേഖലയിലെ മൂന്നാർ സമര മാതൃക പുതിയ തലത്തിലേക്ക്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളെ പാഠം പഠിപ്പിക്കാൻ പെൺപിളൈ ഒരുമൈ.

തങ്ങളുടെ സമരത്തിനെതിരെ രംഗത്തെത്തിയ പാർട്ടികളെ പാഠം പഠിപ്പിക്കാനായി തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. പെൺപിളൈ ഒരുമൈക്കുവേണ്ടി സ്ഥാനാർത്ഥികൾ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. തോട്ടം തൊഴിലാളികൾക്ക് മികച്ച പിന്തുണയുള്ള പള്ളിവാസൽ, ദേവികുളം, മൂന്നാർ, മാട്ടുപ്പെട്ടി പഞ്ചായത്തുകളിലാണ് മത്സരിക്കുക.

ശമ്പളവുമായി ബന്ധപ്പെട്ട സമരം അട്ടിമറിക്കാൻ തൊഴിലാളി സംഘടനകൾ ശ്രമിക്കുന്നതിനാലാണ് ഇത്. സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും തോട്ടം തൊഴിലാളികളുടെ പിടിവാശിമൂലം ഒത്തുതീർപ്പ് നടക്കാതെ പോവുകയായിരുന്നു. നിലവിൽ പെൺപിളൈ ഒരുമൈയും രാഷ്ട്രീയ പാർട്ടികളുടെ തൊഴിലാളി സംഘടനകളും രണ്ടിടങ്ങളിലായാണ് സമരം നടത്തുന്നത്. ഇടയ്ക്ക് ഇരുകൂട്ടരും തമ്മിൽ സംഘർഷവും ഉണ്ടായി. തുടക്കത്തിൽ പെൺപിളൈ ഒരുമൈയുടെ സജീവ പ്രവർത്തകർ ആയിരുന്ന പലരും തൊഴിലാളി സംഘടനകളുടെ സമരത്തിൽ പങ്കു ചേരുകയും ചെയ്തിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവർ മത്സരിക്കുന്നത് ഇരുമുന്നണികൾക്കും തിരിച്ചടിയാണ്. വലിയൊരു ശതമാനം സ്ത്രീ തൊഴിലാളികളുള്ള സ്ഥലമാണ് മൂന്നാർ. വോട്ടുകൾ ചോർന്നുപോയാൽ അത് പാർട്ടികൾക്ക് തിരിച്ചടിയാകും. പ്രധാനമായും ഇടതുപക്ഷത്തിനാകും കൂടുതൽ വോട്ട് ചോർച്ചയുണ്ടാവുക.