- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തീവ്രവാദ സ്വഭാവമുള്ളവർ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിൽ ചേർന്നത് പൊലീസുകാർക്ക് വിനയായി; വിപിഎൻ ആപ്ലിക്കേഷൻ അൺഇൻസ്റ്റോൾ ചെയ്തിട്ടും ഗൂഗിൾ പ്ലേ സ്റ്റോർ ഹിസ്റ്ററി മുന്നാമന് വിനയായി; മൂന്നാറിലെ പൊലീസുകാർ വിവരം ചോർത്തിയെന്നതിന് തെളിവൊന്നും കിട്ടിയില്ല; വിനയായത് 'ക്രിയേറ്റീവ് സ്പെയ്സിലെ' ഇടപടൽ
മൂന്നാർ: തീവ്രവാദസ്വഭാവമുള്ള സംഘടനകൾക്ക് വിവരം ചോർത്തിനൽകിയതുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്ന് മൂന്നാർ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസൊന്നു വരില്ല. അതിനുള്ള ഗൗരവമുള്ള ഒന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന. കേസെടുക്കാനുള്ള തെറ്റൊന്നും ഇവർ ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം
തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് വിവരം കൈമാറിയതായി യാതൊരു തെളിവുകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലന്നും തീവ്രസ്വഭാവമുള്ള സംഘടനകളിലെ പ്രവർത്തകർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായതിന്റെ പേരിലാണ് രണ്ടുപൊലീസുകാർക്കെതിരെ നടപടിയുണ്ടായിട്ടുള്ളതെന്നുമാണ് ലഭിക്കുന്ന സൂചന. വിപിഎൻ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്തതിന്റെ പേരിലാണ് മൂന്നാമനെതിരെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുള്ള കുറ്റം. ഈ ആപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്തെന്നും പിന്നീട് അൺ ഇൻസ്റ്റോൾ ചെയ്തെന്നും ഗൂഗിൾ പ്ലേസ്റ്റോർ ഹിസ്റ്ററി പരിശോധിച്ച് സ്ഥിരീകരിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം.
അടിമാലി ഇരുമ്പുപാലം മേഖലയിലെ മഹല്ല് കമ്മിറ്റിയിലെ അംഗങ്ങളും പ്രദേശവാസികളായ 12 ഓളം പൊലീസ് ഉദ്യോഗസ്ഥരും പഞ്ചായത്ത് , എക്സൈസ് ഹെൽത്ത് , റവന്യൂ വകുപ്പുകളിലെ 15 ഓളം ജീവനക്കാരും ഉൾപ്പെടെ 27 സർക്കാർ ജീവനക്കാർ ആംഗങ്ങളായ വാട്സാപ്പ്് ഗ്രൂപ്പിൽ അംഗമായിരുന്നതിന്റെ പേരിലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപിടി ഉണ്ടായിട്ടുള്ളത്. ആകെ 80 ലധികം പേർ ഈ ഗ്രൂപ്പിൽ അംഗങ്ങായി ഉണ്ടായിരുന്നു.ഇതിൽ ഇരുമ്പുപാലം സ്വദേശികളായ രണ്ട്പൊലീസ് ഉദ്യോഗസ്ഥരാണ് നടപടി നേരിടുന്നത്.
മേഖലയിലെ പ്രമുഖ സി.പിഎം, യുഡിഎഫ് നേതാക്കളും ഈ ഗ്രൂപ്പിൽ അംഗങ്ങളാണ് എന്നതാണ് ശ്രദ്ധേമായ വസ്തുത.മൂന്നാറിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവർ അടക്കം സബ് ഡിവിഷനിലെ 9 പൊലീസുകാരും മറ്റ് 15 സർക്കാർ ജീവനക്കാരും ഗ്രൂപ്പിൽ അംഗമായിരുന്നെന്ന് പൊലീസ് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്്. വസ്തുത ഇതായിരിക്കെ ഗ്രൂപ്പിൽ അംഗമായ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാത്രം നപടി സ്വീകരിച്ചതിൽ ദൂരൂഹതയുണ്ടെന്ന വാദവുമായി അടുത്തിടെ നടപടി നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ ഭാര്യ രംഗത്തെത്തിയിരുന്നു.
തീവ്രസ്വഭാവമുള്ള സംഘടനകളിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെട്ടതെന്ന് പൊലീസ് തന്നെ കണ്ടെത്തിയിട്ടുള്ള അതെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായ മറ്റുള്ള സർക്കാർ ജീവനക്കാർക്കെതിരെ നിലിവൽ നടപടിയെടുത്തതായി വിവരങ്ങൾ പുറത്തുവന്നിട്ടില്ല.ഇപ്പോൾ 3 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടി ഉണ്ടായിട്ടുള്ളത് ഗൂഡാലോനയുടെ ഭാഗമായിട്ടാണോ എന്നാണ് ബന്ധുക്കൾ ഉയർത്തുന്ന സംശയം. ക്രിയേറ്റീവ് സ്പേസ് എന്ന പേരിൽ ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പ് , ഇരുമ്പുപാലം മേഖലയിലെ മഹല്ല് കമ്മിറ്റി അംഗങ്ങൾക്കും പ്രദേശവാസികളും പള്ളിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്കും ആശയവിനിമയം നടത്തുന്നതിനായി രൂപീകരിച്ചിരുന്നതാണെന്നാണ് നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ വാദം. ഇത് പള്ളിയുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗീക വാട്സാപ്പ് ഗ്രൂപ്പല്ലന്നുള്ള വിവരവും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
തീവ്രവാദ സംഘടനകൾക്ക് വിവരം ചോർത്തിനൽകിയതായി മാധ്യമങ്ങളിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് അന്വേഷണം വരുന്നതും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവുന്നതും .മൂന്നുമാസമായി വിവരം ചോർത്തിയതുമായിബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായും മൂന്നാർ പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നുമാണ് വാർത്ത വന്നത്. ഉടൻ തന്നെ സംഭവവുമായി ബന്ധപ്പെട്ട് അന്വഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഇടുക്കി എസ്‌പി ആർ കറപ്പ്സ്വാമി മൂന്നാർ ഡി.വൈ.എസ്‌പി കെ ആർ മനോജിനെ ചുമതലപ്പെടുത്തി.ഡി.വൈ.എസ്‌പി ആരോപണവിധേയരായവരുടെ ഫോൺ കസ്റ്റഡിയിൽ വിശദമായി പരിശോധന നടത്തുകയും ചെയ്തിരുന്നു.
എന്നാൽ അന്വേഷണത്തിൽ നിന്ന് ആരോപണത്തിന് അടിസ്ഥാനമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. വാട്സാപ്പ് ഗ്രൂപ്പിന്റെ കാര്യം മൂന്നാർ ഡി.വൈ.എസ്‌പിയുടെ അന്വേഷണത്തിലാണ് കണ്ടെത്തിയത്. സബ്ഡിവിഷനിലെ 9 പൊലീസുകാർ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നെന്നാണ് അന്വേഷണത്തിൽ അറിയാൻ സാധിച്ചത്. ഇതിൽ രണ്ട് പേർക്കെതിരെ മാത്രം നടപടി ഉണ്ടായിട്ടുള്ളത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഉത്തരവാദിത്വപ്പെട്ടവർ വെളിപ്പെടുത്തണമെന്നാണ് നടപടി നേരിടുന്ന പൊലീസുകാരുടെ കുടുംബാംഗങ്ങളുടെ ആവശ്യം.
ആരോപണവിധേയരിൽ ഒരാളുടെ ഭാര്യ മൂന്നാറിലെ ഒരു സ്പെഷ്യൽ ബ്രാഞ്ച് എസ്‌ഐ യും ഇടുക്കി പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനും ചേർന്ന് ഗൂഢാലോചന നടത്തിയാണ് ഇത്തരം ഒരു കേസിൽ തന്റെ ഭർത്താവിനെ പെടുത്തിയതെന്നും പൊലീസിൽ മാത്രം അറിയാവുന്ന രഹസ്യങ്ങൾ പത്രക്കാർക്ക് ചോർത്തി നൽകിയത് അന്വേഷിക്കണം എന്നും കാണിച്ച് ഡി.ജി.പി ക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ വേണ്ടരീതിയിൽ അന്വേഷണം നടത്തി നടപടി എടുക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറായിട്ടില്ല എന്നുള്ള ആക്ഷേപവും ഇവർ ഉന്നയിക്കുന്നുണ്ട്.
ഇടുക്കി പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ ശബ്ദരേഖയടക്കം നൽകിയിട്ടും കാര്യമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല എന്നാണ് പരാതിക്കാരിയുടെ ആക്ഷേപം.മാത്രമല്ല മിശ്രവിവാഹിതരായ തന്റെയും ഭർത്താവിന്റെയും വിവാഹത്തെ പോലും വർഗ്ഗീയവൽക്കരിക്കുന്ന രീതിയിൽ സ്പെഷ്യൽ ബ്രാഞ്ച് എസ്‌ഐ ശ്രമം നടത്തിയതായും ഇവർ പറയുന്നു.
മറുനാടന് മലയാളി ലേഖകന്.