കൊച്ചി: മൂവാറ്റുപുഴയിൽ സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. സിപിഎം. കൊടിമരം തകർത്തതിനെതിരേ കോൺഗ്രസ് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ പരിക്കേറ്റു. ഡി വൈ എഫ് ഐ പ്രവർത്തകർ തന്നെ തടഞ്ഞു വച്ചെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

ഡി വൈ എഫ് ഐ പ്രവർത്തകർ സംഘടിച്ച് എത്തുകയും താൻ താമസിക്കുന്ന മുവാറ്റുപുഴ ടിബി യിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാത്ത രീതിയിൽ തടഞ്ഞു വച്ചു എന്നുമാണ് എം എൽ എ മാധ്യമങ്ങളോട് പറഞ്ഞത്. പൊലീസ് സി പി എമ്മിന് എല്ലാ ഒത്താശകളും ചെയ്യുകയാണ്, മുവാറ്റുപുഴയിലെ പ്രവർത്തകരെ ആക്രമിക്കാൻ വന്നാൽ എല്ലാ സംരക്ഷണവും നൽകും.

കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിൽ നേരെ സിപിഎം -ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തത് നടത്തിയതാണെന്നും എംഎൽഎ പറഞ്ഞു.സ്വന്തം സേനയിലെ പൊലീസുകാരെ ആക്രമിച്ച സിപിഎം ഡിവൈഎഫ്‌ഐകാർക്കെതിരെ എങ്കിലും നടപടിയെടുക്കാൻ തയ്യാറാവണം. അതിന് ആർജ്ജവം കാണിക്കണം. കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരവുമായി കോൺഗ്രസ് മുന്നോട്ട് വരുമെന്നും എം എൽ എ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ എം എൽ എ യ്ക്കൊപ്പം ടിബിയിൽ ഉണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സി പി എം പ്രവർത്തകർ ടി ബി പരിസരത്ത് സംഘടിച്ചത്. പാർട്ടി ജില്ലാ കമ്മറ്റി അംഗം ആർ അനിൽകുമാർ ഇടപെട്ടാണ് പ്രവർത്തകരെ ഇവിടെ നിന്നും മാറ്റിയത്.

നേരത്തെ, കോൺഗ്രസ് പ്രകടനം സിപിഎം. ഓഫീസിനു മുന്നിലെത്തിയതോടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് ചേരിതിരിഞ്ഞ് തമ്മിലടിക്കുകയുമായിരുന്നു. പരസ്പരം കല്ലേറുമുണ്ടായി. സംഘർഷാവസ്ഥ അര മണിക്കൂറോളം തുടർന്നു. ഇരുവിഭാഗത്തിലുമുള്ള നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഘർഷത്തിൽ പുത്തൻകുരിശ് ഡി.വൈ.എസ്‌പി. അജയ്‌നാഥിന്റെ തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.