മൂവാറ്റൂപുഴ: മൂന്നാഴ്ചയായി മൂവാറ്റുപുഴ പൊലീസിൽ പരാതിയുമായി കയറി ഇറങ്ങിയിട്ടും തിരിഞ്ഞുനോക്കിയില്ല. രണ്ടാഴ്ച മുമ്പ് വഴക്കുണ്ടായപ്പോൾ 13 കാരിയായ മകൾ രാത്രി രണ്ടുകിലോമീറ്റർ നടന്നുപോയി പിതാവിനെ അറിയിച്ച് പൊലീസുമായി എത്തേണ്ടി വന്നു. ഇന്നലെ എന്നെ കല്ലിനിടിക്കുന്നതുകണ്ട് സഹിക്കവയ്യാതെയാണ് മകൾ ലൈവിലെത്തിയത്. പ്രശ്നങ്ങൾ പരിഹാരമായിട്ടില്ല. നീതികിട്ടുവരെ പൊരുതും. ഇന്നലെ മൂവാറ്റുപുഴ ഏനാനല്ലൂർ സ്വദേശിനിയായ 13 കാരി മാതാവിനെ രണ്ടാനച്ഛൻ ആക്രമിക്കുന്നതായും ഇയാളുടെ ആൺമക്കൾ വീട് തല്ലിപ്പൊളിക്കുന്നതായും കാണിച്ച് ലൈവിലെത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് മാതാവ് എനാനല്ലൂർ വെമ്പിള്ളീൽ സിൻസി എം പൈലി പറയുന്നത് ഇങ്ങിനെ:

ഒരു വർഷത്തോളമായി മനോജുമായി ഒന്നിച്ചുതാമസിക്കുന്നു. രണ്ടുപേരും വിവാഹമോചിതരാണ്. മുൻഭാര്യയിൽ മനോജിന് 14ഉം 10 ഉം വയസ്സായി ആൺകുട്ടികളുണ്ട്. നേരത്തെയുള്ള വിവാഹബന്ധത്തിൽ 13 ഉം 4 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് എനിക്കുള്ളത്. അടുത്തിടെയാണ് ഇപ്പോൾ താമസിക്കുന്ന വീട് വാങ്ങിയിട്ടുള്ളത്. ഇതിന്റെ കടം വീട്ടാൻ വീട് പണയപ്പെടുത്തി മൂവാറ്റുപുഴയിലെ ധനകാര്യസ്ഥാപനത്തിൽ നിന്നും 15 ലക്ഷം രൂപ തരപ്പെടുത്തിയിരുന്നു. ഇത് കൈപ്പറ്റിയത് മനോജാണ്. ഇതിൽ പകുതിയോളം തുക ഇയാളുടെ സുഹൃത്തിന് കോതമംഗലത്തെ ധനകാര്യസ്ഥാപനത്തിലുണ്ടായിരുന്ന വസ്തുപണയപ്പെടുത്തി എടുത്തിരുന്ന ലോൺകുടിശിഖ തീർക്കാനാണ് ഉപയോഗിച്ചത്.

ഇതെ വസ്തു മറ്റൊരു ധനകാര്യസ്ഥാപനത്തിൽ കൂടുതൽ തുകയ്ക്ക് സുഹൃത്ത് പണയപ്പെടുത്തുമെന്നും ഇതിൽ നിന്നും വായപവാങ്ങിയ തുകനൽകുമെന്നും സുഹൃത്ത് അറിയിച്ചിരുന്നതായി മനോജ് എന്നോട് പറഞ്ഞിരുന്നു. എന്നാൽ വസ്തുപണയമൈടുക്കാമെന്നേറ്റിരുന്ന സ്ഥാപനം മുൻനിലപാടിൽ നിന്നും പിൻവാങ്ങിയെന്നും പണയപ്പെടുത്തൽ നടന്നില്ലന്നുമാണ് പിന്നീട് മനോജ് വെളിപ്പെടുത്തിയത്.

വസ്തുപണയപ്പെടുത്തുന്നതിനുള്ള നീക്കം പരാജയപ്പെട്ടതോടെ 60 സെന്റ് സ്ഥലം സുഹൃത്ത് തന്റെ പേരിലേയ്ക്ക് എഴുതി നൽകിയെന്നും ഈ സ്ഥലം വിറ്റ് വായ്പത്തുക കണ്ടെത്താൻ ഇയാൾ ആവശ്യപ്പെട്ടിരുന്നതായു ഏതാനും മാസത്തിനുശേഷം മനോജ് എന്നെ അറിയിച്ചിരുന്നു.
വസ്തുവിറ്റുകിട്ടുന്ന തുകയിൽ നിന്നും വായ്പവാങ്ങിയ പണം കഴിച്ച ബാക്കി തുക കൊണ്ട് സുഹൃത്ത് കോഴിഫാം തുടങ്ങുമെന്നും ഇതിൽ തന്നെക്കൂടി പങ്കാളിയാക്കാമെന്ന് സുഹൃത്ത് പറഞ്ഞിട്ടുണ്ടെന്നും മറ്റൊരവസരത്തിൽ മനോജ് വിശ്വിസിപ്പിച്ചിരുന്നു.

മാസങ്ങൾ കടന്നുപോയെങ്കിലും ഇക്കാര്യത്തിൽ തൂരുമാനമായില്ല. ഇതിനിടെ എന്റെ ചെക്കുകളും മറ്റും നൽകി 9 ലക്ഷം വിലയുള്ള കാർ ഇ എം ഐ വ്യവസ്ഥയിൽ മനോജ് സ്വന്തമാക്കി.ഈ കാർ ഇപ്പോൾ എവിടെയാണെന്നുപോലും അറിയില്ല. ഇതിന്റെ ലോണിനായി നൽകിയിരുന്ന ചെക്കുകൾ ഇപ്പോൾ ബാങ്കിൽ വന്ന് മടങ്ങുകയാണ്. ഇതുകൂടാതെ എന്റെ ആധാർ വിവരങ്ങൾ നൽകി മനോജെടുത്തിട്ടുള്ള നിരവധി ഓൺലൈൻ ലോണുകളും കുടിശിഖയാണ്്. ഞാൻ കള്ളിയാണെന്നും തട്ടിപ്പുകാരിയാണെന്നും മറ്റും ചൂണ്ടിക്കാട്ടി ഓൺലൈൻ ബാങ്കുകാർ പരസ്യപ്പെടുത്തിയത് വലിയതോതിൽ മാനസീക വിഷമമുണ്ടാക്കി.

6 മാസത്തോളമായി ഈ വിഷയത്തിൽ ഞങ്ങൾ ഈ വിഷയത്തിൽ പലതവണ പിണങ്ങിയിട്ടുണ്ട്.പ്രശ്നം മൂർച്ഛിച്ചത് കഴിഞ്ഞ മുന്നാഴ്ചമുമ്പാണ്. മൂത്തമകളെ കേൾക്കാൻ അറയ്ക്കുന്ന അസഭ്യം പറയുകയും ആക്രമിക്കാൻ മുതിരുകയും ചെയ്തതോടെ അവൾ ഭയപ്പാടിലായി. രണ്ടുകിലോമീറ്റർ അകലെയായി അവളുടെ പിതാവ് താമസിക്കുന്നത്. രാത്രിയിൽ അവിടെ വരെ അവൾ ഒറ്റയ്ക്ക് നടന്നെത്തി, പിതാവിനെക്കണ്ട് വിവരം പറയുകയും മൂവാറ്റുപുഴയിൽ നിന്നും പൊലീസിനെയും കൂട്ടിക്കൊണ്ട് വരേണ്ട സാഹചര്യവുമുണ്ടായി ഉണ്ടായി. ഇതിന് മുമ്പ് പലതവണ മനോജിൽ നിന്നും ഇത്തരത്തിൽ പ്രതികരണ മുണ്ടായപ്പോൾ കൺട്രോൾ റൂമിൽ വിളിക്കുകയും ഉടൻ പൊലീസ് എത്തുകയും ചെയ്തിരുന്നു.

മൂന്നാഴ്ച മുമ്പ് മൂവാറ്റുപുഴ പൊലീസിൽ ഇതുസംബന്ധിച്ച് പരാതിപ്പെട്ടിരുന്നു.എന്നാൽ അവർ തിരിഞ്ഞുനോക്കിയില്ല. ഇന്നെയാണ് പറയുന്നത് ഞങ്ങൾ കല്ലൂർക്കാട് സ്റ്റേഷൻ പരിധിയാണ് താമസിക്കുന്നതെന്ന്. ഇത്രയും ദിവസം ഇവർ ഈ വിവരം പറായാതിരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.

ഇന്നലെ രണ്ടുമണിയോടെയാണ് അക്രമസംഭവങ്ങൾ ആരംഭിക്കുന്നത്. മനോജ് 14 കാരനായ മൂത്തമകനോട് എന്റെ മകൾക്കുനേരെ ആക്രമണം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. 10 വയസ്സുകാരൻ ആയുധമെടുത്തുകൊണ്ടുവരികയും ചെയ്തു. 14 കാരൻ ജനാലയുടെ ചില്ല് തകർത്തു. ഇതിനിടയിൽ മനോജ് എന്നെ കല്ലിനിടിച്ചു.ഇതുകണ്ട് ഭയപ്പാടിലായതോടെയാണ് എവിടെ നിന്നെങ്കിലും സഹായമെത്തുമെന്ന് കരുതി മകൾ ലൈവിട്ടത്. പൊലീസ് പറഞ്ഞതിനാൽ ലൈവ് വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രശ്നത്തിന് തീർപ്പാകും വരെ നിയമപോരാട്ടം നടത്തും. സിൻസി പറഞ്ഞു.' മനോജ് മൂത്ത മകളെയും തന്നെയും കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തി വരുന്നതായും സിൻസി പറഞ്ഞു.

ലൈവ് വൈറലായതോടെ ഈ വിഷയത്തിൽ കലൂർക്കാട് പൊലീസ് അടിയന്തിരമായി ഇടപെട്ടിരുന്നു. ഇന്നലെ സിൻസിയോടും കൂടെ താമസിച്ചുവരുന്ന ആനിക്കാട് സ്വദേശി മനോജിനോടും പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞിരുന്നെന്നും പ്രശ്നം പരിഹരിക്കും വരെ മനോജിനോട് മാറിതാമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സി ഐ മറുനാടനോട് വ്യക്തമാക്കി.

ആക്രമണത്തിന്റെ കാര്യ-കാരണങ്ങളെക്കുറിച്ചറിയാൻ അടുത്തദിവസം ഇവരെ വീണ്ടും വിളിച്ചുവരുത്തി സംസാരിക്കുമെന്നും സാമ്പത്തീക ഇടപാടുകൾ സംബന്ധിച്ചുള്ള വിവരം കൂടുതലൊന്നും അന്വേഷിച്ചിട്ടില്ലന്നും വീടിന്റെ ചില്ല് തകർത്തത് താനാണെന്ന് മനോജ് സമ്മതിച്ചിട്ടുണ്ടെന്നും സി ഐ അറിയിച്ചു.