മൂവാറ്റുപുഴ:മകനെ ഗൾഫിലയക്കാൻ ചെലവാക്കിയ തുക തിരിച്ചു നൽകിയതിന്റെ പേരിൽ ബന്ധുവുമായി പിണങ്ങിനടന്നത് ഒരു വർഷം.10 ലക്ഷം രൂപ കടംവാങ്ങിയ ആൾക്ക് അധികത്തുക വേണ്ടെന്ന് പറഞ്ഞിട്ടും മടക്കി നൽകിയത് 16 ലക്ഷം. വരുന്നില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും പിടിവിടാതെ സുഹൃത്തിനെയും കൊണ്ട് ചെന്നൈയ്ക്ക് പറന്നു. 50രൂപയുടെ സാധനം വാങ്ങിയാലും നൽകുന്നത് 500-ന്റെ നോട്ട്. ബാക്കി നൽകിയാൽ കൈയിലിരിക്കട്ടെന്ന് പറഞ്ഞ് സ്ഥലം വിടുന്ന പ്രകൃതം.

കാണാതായ സെയിൽടാക്സ് കൺസൾട്ടന്റായ മൂവാറ്റുപുഴ കണ്ണാടിപ്പാറ വീട്ടിൽ ബിജു( 43)വിന്റെ ജീവിത ശൈലിയെക്കുറിച്ച് നാട്ടിൽപ്രചരിച്ചിട്ടുള്ള വിവരങ്ങളുടെ ചെറുവിവരണം ഇങ്ങിനെ. ധാരാളിത്വത്തിന്റെ നിറുകയിലായിരുന്നു ഇയാളുടെ ജീവിതമെന്നാണ് ബന്ധുക്കളും നാട്ടുകാരും പൊലീസിന് നൽകിയ വിവരം.

ഭാര്യ സൂര്യ (40), മക്കളായ അജിത്ത് (17), സുജിത്ത് (14), എന്നിവരെയും കൊണ്ടാണ് ഇയാൾ നാടുവിട്ടിട്ടുള്ളത്. മൂവാറ്റുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷലെ 0485 2835304, 9497987122 ഈ നമ്പരുകളിൽ അറിയിക്കണമെന്ന് സ്റ്റേഷൻ ഒഫീസർ അറിയിച്ചു. ഈ മാസം 11 മുതലാണ് മൂവാറ്റുപുഴയിലെ വീട്ടിൽ നിന്നും ഇവരെ കാണാതായത്. മൂവാറ്റുപുഴയിൽ നിരവധി സ്ഥാപനങ്ങളുടെ കൺസൾട്ടന്റായി പ്രവർത്തിച്ചുവരികയായിരുന്നു.

കഴിഞ്ഞ ദിവസം വീട് പരിശോധിക്കാനെത്തിയപ്പോഴാണ് പൊലീസ് അക്ഷരാർത്ഥത്തിൽ ഞെട്ടിയത്. രണ്ട് സെന്റിലെ വാടക വീട്ടിലാണ് താമസം. ഉള്ളിലെ എല്ലാമുറികളിലും എ സി. വീടിനുള്ളിൽ സിനിമ കാണാൻ മിനി തീയറ്റർ. ആഡംബരത്തിനായി പണം വാരിക്കോരിച്ചിലവഴിച്ചതായി ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമായെന്നാണ് പൊലീസിന്റെ നേർസാക്ഷ്യം.

സ്വന്തം കാർ എന്ന് പറഞ്ഞ് ബിജു കൊണ്ടുനടന്നത് റെന്റേകാർ ആയിരുന്നെന്നും വ്യക്തമായിട്ടുണ്ട്. പതിനായിരം രൂപയായിരുന്നു വീടിന്റെ വാടക. നേരത്തെ നാടുവിട്ട ബിജു കുറച്ചുകാലം തമിഴ്‌നാട്ടിലായിരുന്നു. ഈ സമയത്ത് ആണ് സെയിൽടാക്സ് കൺസൾട്ടൻസിയായി മാറിയതും വിവാഹം കഴിച്ചതും.

ജി എസ് ടി വന്നതോടെ ബിജുവിന് തിരക്ക് വർദ്ധിച്ചു. പുതിയ സംവിധാനത്തിൽ കണക്കുകൾ ശരിയാക്കി നൽകുന്നതിൽ ഇയാൾ വേഗത്തിൽ മികവുപുലർത്തി. ഇതോടെ പ്രധാന സ്ഥാപനങ്ങളിൽ പലതും തങ്ങളുടെ സെയിൽടാക്സ് സംബന്ധിച്ച വിഷയങ്ങൾ പരിഹരിക്കാൻ ബിജുവിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വഴിക്ക് കിട്ടിയ ബന്ധങ്ങളാണ് വൻതുകകളുടെ മറിവ് തിരിവിന് ബിജുവിന് സഹായകമായതെന്നാണ് പൊലീസിന്റെ അനുമാനം.

ബിജുവും കുടംബവും ഒളിവിൽപ്പോയതായുള്ള വിവരങ്ങൾ പുറത്തുവന്നതോടെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായി ആരോപിച്ച് ഇയാൾക്കെതിരെ പരാതിയുമായി മൂവാറ്റുപുഴ പൊലീസിൽ എത്തിയിട്ടുണ്ട്. 14 ലക്ഷം രൂപ തട്ടിയെടുത്തതായിട്ടാണ് ഇയാൾക്കെതിരെ ഇതുവരെ പരാതിയെത്തിയിട്ടുള്ളത്.