തിരുവനന്തപുരം: മംഗളം ചാനൽ പുറത്തുവിട്ട ലൈംഗിക സംഭാഷണത്തിലെ പ്രതി മന്ത്രി എകെ ശശീന്ദ്രൻ ആണെന്ന വിവരം വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നാൽ അതേ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണത്തിൽ ശശീന്ദ്രൻ കുറ്റവിമുക്തനായി.

ഇന്ന് കോടതിയിലും ശശീന്ദ്രൻ നിരപരാധിയാണെന്ന് വിധിയെഴുതപ്പെട്ടു. ശശീന്ദ്രന്റെ തന്നെയാണ് ആ ഫോൺ സംഭാഷണത്തിലെ ശബ്ദമെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞില്ലെന്ന് മൊഴി വന്നതോടെയാണ് ഇത്തരമൊരു വിധിയുണ്ടായത്. ഇതോടെ ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനത്തേക്ക് എത്താൻ വഴിയൊരുങ്ങുന്നു.

അതേസമയം, ഈ വിഷയത്തിൽ ഉയരുന്നൊരു ധാർമ്മിക പ്രശ്‌നമാണ് ഇപ്പോൾ വലിയ മാധ്യമ ചർച്ചയും സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയവും ആകുന്നത്. ഇതുവരെ ശശീന്ദ്രൻ ഇക്കാര്യം നിഷേധിച്ചിട്ടില്ല. തന്റെ ശബ്ദമല്ല ഫോൺ സംഭാഷണത്തിൽ ചാനൽ പുറത്തുവിട്ടത് എന്ന് ഇതുവരെ പറയാൻ ശശീന്ദ്രൻ തയ്യാറായിട്ടുമില്ല. അതിനാൽതന്നെ ഇപ്പോൾ കോടതിയിലും ജുഡീഷ്യൽ അന്വേഷണത്തിലും കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ശശീന്ദ്രൻ എങ്ങനെ മന്ത്രിയായി വീണ്ടുമെത്തും എന്ന ചോദ്യമാണ് എല്ലായിടത്തും ഉയരുന്നത്.

ജിഷാ കേസ് അടക്കമുള്ളവ ഉയർത്തി അധികാരത്തിലെത്തിയ പിണറായി സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്നതായിരുന്നു് മംഗളം പുറത്തുവിട്ട വാർത്ത. ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രൻ ഒരു സ്ത്രീയോട് അപമാനകരമായി പെരുമാറിയെന്നതായിരുന്നു വാർത്ത. പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗിക വൈകൃത സംഭാഷണങ്ങൾ നടത്തുന്ന ഓഡിയോ ക്ലിപ്പാണ് 'മംഗളം ടെലിവിഷൻ' പുറത്തു വിട്ടത്.

തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് മന്ത്രി സംസാരിച്ചു എന്ന് വ്യക്തമാക്കി മംഗളം പുറത്തുവിട്ടത്. പരാതിക്കാരിയായ സ്ത്രീയുമൊത്തുള്ള 'ഫോൺ സെക്സ്'സംഭാഷണങ്ങളാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തു വന്നത്. കേട്ടാലറയ്ക്കുന്ന വാക്കുകളാണ് ഓഡിയോയിലുണ്ടായത്. ഇത് ചാനൽ പുറത്തുവിട്ട് മണിക്കൂറുകൾക്കകം മന്ത്രി രാജി പ്രഖ്യാപിക്കുകയും ചെയ്തു.

കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എൻ.സി.പി. ദേശീയ പ്രവർത്തകസമിതി അംഗവും കേരളസംസ്ഥാനത്തെ ഗതാഗത വകുപ്പ് മന്ത്രിയുയിരുന്നു് എ.കെ. ശശീന്ദ്രൻ. എലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ.യായ ശശീന്ദ്രൻ ഇതിനു മുൻപ് 2011-ലും ഏലത്തൂരിൽ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തി. അത്തരത്തിൽ മന്ത്രിയായപ്പോഴാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതും മന്ത്രി ഒരു നിഷേധവും ഉയർത്താതെ രാജിവയ്ക്കുന്നതും.

ഞാൻ ഗോവയിലാണ് സുന്ദരിക്കുട്ടി- എന്ന് ആരോടും പറഞ്ഞില്ലെന്നാണ് രാജി വയ്ക്കുമ്പോൾ എകെ ശശീന്ദ്രൻ ആവർത്തിച്ചത്. ശരി തെറ്റുകൾ പരിശോധിക്കുന്നതിന് മുമ്പായി ധാർമികത ഉയർത്തണം. പാർട്ടിയും ഞാനും ഉയർത്തിയ രാഷ്ട്രീയ ധാർമികതയുണ്ട്. എന്റെ പേരിൽ പാർട്ടിയും പ്രവർത്തകരും വോട്ടർമാരും ലജ്ജിക്കേണ്ടി വരില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നക്കുറിച്ചുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കേണ്ടതുണ്ട്.

എൽഡിഎഫ് രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്-രാജിയിൽ ശശീന്ദ്രന്റെ പ്രതികരണമായിരുന്നു ഇത്. എന്നാൽ ഫോൺ സംഭാഷണത്തിൽ കേട്ടത് തന്റെ ശബ്ദമല്ലെന്നോ ആണെന്നോ ഇതുവരെ പറയാൻ ശശീന്ദ്രൻ തയ്യാറായില്ലെന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. അതിനാൽ ധാർമ്മികമായി ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരാൻ യോഗ്യതയുണ്ടോ എന്ന ചോദ്യമുയർത്തിയാണ് സോഷ്യൽമീഡിയയിലും ചാനലുകളിലും ചർച്ചകൽ പുരോഗമിക്കുന്നത്.