തൃശ്ശൂർ: ജപ്തി നടപടികൾക്ക് മൊറട്ടോറിയം തുടരുമെന്ന് സർക്കാർ. അതേസമയം പ്രഖ്യാപനത്തിനെതിരായ നിലപാടുമായി ലാൻഡ് റവന്യൂ കമ്മിഷണർമാരും. ഏപ്രിൽമുതൽ എന്തുകൊണ്ട് ജപ്തിനടപടികൾ ചെയ്തില്ല എന്നതിന്റെ വിശദീകരണം വില്ലേജ് ഓഫീസർമാർ 10 ദിവസത്തിനകം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്തുതുടങ്ങിയ മാസങ്ങളിലെ റവന്യൂ റിക്കവറി ജോലികൾ ചെയ്യാതിരുന്നതിനാണ് വിശദീകരണം ചോദിച്ചത്.

ഏപ്രിൽ ഒന്നിന് ചേർന്ന യോഗത്തിൽ ഓരോ മാസവും പിരിച്ചെടുക്കേണ്ട തുകയുടെ ടാർജറ്റ്, ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് നിശ്ചയിച്ചു. ഇതിനുശേഷമാണ് കോവിഡ് രൂക്ഷമായതും ആശ്വാസനടപടികളിലേക്ക് സർക്കാർ കടന്നതും. ഏപ്രിൽ ആദ്യയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ജപ്തിനടപടികൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച മുഖ്യമന്ത്രി ജൂലായ് 31 വരെ നടപടികളുണ്ടാവില്ലെന്ന് അറിയിച്ചു.

നിശ്ചയിച്ചിരുന്ന തീയതി അവസാനിക്കുന്നതിന് ഒരാഴ്ചമുമ്പ് മൊറട്ടോറിയം ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ തുടരുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും ഇതു സംബന്ധിച്ച് വ്യക്തതവരുത്തി. എന്നാൽ, ഒരുമാസം തികയുംമുമ്പാണ് ലാൻഡ് റവന്യൂ കമ്മിഷണർ റവന്യൂ റിക്കവറി ഊർജിതമാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 20-ന് ഉത്തരവ് വന്നു. തഹസിൽദാർമാരോട് കളക്ടർമാരും വില്ലേജ് ഓഫീസർമാരോട് തഹസിൽദാർമാരും വിശദീകരണം ചോദിക്കുന്ന പ്രക്രിയയാണ് പല ജില്ലകളിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.