- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗൺ സമയത്ത് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണം; ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്തയച്ചു; ബാങ്കുകളുടെ യോഗം വിളിച്ചതായി സർക്കാർ നിയമസഭയിൽ; ഓൺലൈൻ വിദ്യാഭ്യാസം കുറച്ചു കാലം തുടരേണ്ടി വരുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ഡൗൺ സമയത്ത് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി നിയമസഭയിൽ സംസ്ഥാന സർക്കാർ. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം സഭയിൽ അറിയിച്ചത്.
വായ്പ തിരിച്ചടവിന് ഇളവ് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നൽകിയ സബ്മിഷന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. ജൂൺ 30ന് തീരുന്ന കാർഷിക വായ്പകൾ പലിശ സബ്സിഡിയോടെ പുതുക്കാൻ അവസരം നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇതിനായി ബാങ്കുകളുടെ യോഗം വിളിക്കുമെന്നും ധനമന്ത്രി അറിയിച്ചു. അതേസമയം വായ്പ തിരിച്ചടവിന് മൂന്നുമാസമെങ്കിലും ഇളവ് അനുവദിക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.
കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് കേന്ദ്രസർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. സമാനമായ നിലയിൽ രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തിലും മൊറട്ടോറിയം പ്രഖ്യാപിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട്. കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഇടത്തരം കുടുംബങ്ങളെ കാര്യമായി ബാധിച്ചു. ജൂൺ- ഓഗസ്റ്റ് കാലയളവിൽ വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നതാണ് ഹർജിയിലെ ആവശ്യം.
കോവിഡ് മൂന്നാം തരംഗത്തിനു ശേഷം ഇനിയൊരു തരംഗമുണ്ടോ എന്ന് അറിയില്ലെന്നും അതിനാൽ തന്നെ ഓൺലൈൻ വിദ്യാഭ്യാസം അടുത്ത കാലത്തൊന്നും ഒഴിവാക്കാൻ പറ്റുന്നതല്ലെന്നാണ് കരുതുന്നതെന്ന് സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുട്ടികൾക്ക് ഭാരമില്ലാത്ത തരത്തിൽ ഓൺലൈൻ പഠനത്തിനുള്ള സൗകര്യങ്ങൾ സർക്കാർ പ്രതിപക്ഷ പങ്കാളിത്തത്തോടെ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ പഠനസാമഗ്രികളുൾപ്പടെ വാങ്ങാൻ കഴിയാത്ത കുട്ടികൾക്കായി സംയുക്തമായി നടത്താൻ പറ്റുന്ന പ്രവർത്തനങ്ങളെന്തെന്ന് എപി അനിൽകുമാർ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
'കൊവിഡിന്റെ രണ്ടാം തരംഗത്തിലാണ് നാം നിൽക്കുന്നത്. ഒന്നാം ഘട്ടത്തിൽ രണ്ടാം തരംഗത്തെ പറ്റി ആരും പറഞ്ഞിരുന്നില്ല. ഇപ്പോൾ നമ്മൾ മൂന്നാം തരംഗത്തെക്കുറിച്ച് ആലോചിക്കുകയാണ്. മൂന്നാം തരഗം കഴിഞ്ഞാൽ പിന്നൊരു തരംഗം വരുന്നുണ്ടോ എന്ന് നമുക്കാർക്കും അറിയില്ല. കോവിഡ് കുറച്ചു കാലം നമ്മുടെ കൂടെ ഉണ്ടാവും എന്ന് നമ്മൾ കാണേണ്ടതായിട്ടുണ്ട്. അപ്പോൾ ഓൺലൈൻ വിദ്യാഭ്യാസമെന്നത് അത്ര വേഗം അവസാനിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പിച്ച് പറയാൻ പറ്റാത്ത അവസ്ഥയാണ്. പാഠപുസ്തങ്ങളെ പോലെ തന്നെ വിദ്യാർത്ഥികളുടെ കൈയിൽ ഡിജിറ്റൽ ഉപകരണം ഉണ്ടാവുക എന്നത് പ്രധാനമാണ്. അതിനാവശ്യമായ നടപടികൾ വിവിധ ശ്രോതസ്സുകളെ ഒന്നിച്ചണി നിരത്തിക്കൊണ്ട് നടപ്പാക്കണം എന്നു തന്നെയാണ് ഉദ്ദേശിക്കുന്നത്,' മുഖ്യമന്ത്രി പറഞ്ഞു.
പലസ്ഥലങ്ങളിൽ ഇന്റർനെറ്റ് കണക്ടിവിറ്റിയുടെ പ്രശ്നമുണ്ട്. കണക്ടിവിറ്റി എങ്ങനെ ഉറപ്പാക്കാൻ കഴിയുമെന്ന കാര്യത്തിൽ ഒരു യോഗം ഇപ്പോൾ തന്നെ വിളിച്ചിട്ടുണ്ട്. ആദിവാസി മേഖലയാണ് പ്രധാനം. അതിന് വിവിധ മേഖലയുടെ സഹായം വേണ്ടി വരും. ഒന്ന് കെഎസ്ഇബിയുടെ ലൈൻ പോയിട്ടുണ്ടാവും. വിവിധ സ്ഥലങ്ങളിൽ കേബിൾ നെറ്റ് വർക്ക് പ്രവർത്തിക്കുന്നുണ്ടാവും. ഇങ്ങനെ എല്ലാ തലങ്ങളുമായും സഹകരിച്ച് കണക്ടിവിറ്റി ഉറപ്പിക്കാൻ കഴിയും. ഇന്റർനെറ്റ് സേവനദാതാതക്കൾക്കുള്ള ചെലവ് താങ്ങാൻ പറ്റാത്ത കുട്ടികളെ എങ്ങനെ സഹായിക്കാൻ പറ്റും എന്നതും ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂസ് ഡെസ്ക്