ന്യൂഡൽഹി: മീ ടൂ ക്യാമ്പെയിനുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ടെസ് ജോസഫ് കൂടുതൽ വിശദീകരണവുമായി രംഗത്തെത്തി. താൻ ഉന്നയിച്ച വിഷയം രാഷ്ട്രീയവൽകരിക്കുന്നത് കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെന്ന് ടെസ് ട്വിറ്ററിലെ പ്രസ്താവനയിൽ പറഞ്ഞു. മുകേഷിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുകയും അതുരാഷ്ട്രീയവൽകരിക്കുകയും ചെയ്യുന്നവർ തെറ്റായ കാര്യമാണ് ചെയ്യുന്നത്. തങ്ങളുടെ അജണ്ടകൾക്ക് വളമായി എന്റെ വിഷയം ഉപയോഗിക്കുന്നതിൽ എനിക്ക് അശേഷം താൽപര്യമില്ലെന്നും അവർ പറഞ്ഞു. അതേസമയം മുകേഷിനെതിരെ കൂടുതൽ മീ ടൂ ആരോപണങ്ങളും ഉയർന്നു.

സ്ത്രീകൾക്കെതിരെ നടക്കുന്ന ചില പ്രശ്‌നങ്ങൾക്കെതിരെ നിലപാടെടുക്കുകയായിരുന്നു ലക്ഷ്യം. സ്ത്രീകൾക്കു പിന്തുണയും സുരക്ഷിതവുമായ സാഹചര്യം തൊഴിലിടങ്ങളിൽ വേണം. എന്താണ് 19 വർഷം കാത്തിരുന്നത് എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു. കഴിഞ്ഞ മൂന്നുദിവസങ്ങളിലേക്കു നോക്കൂ. ഭയമില്ലാതെ, ആത്മവിശ്വാസത്തോടെ സ്ത്രീകൾ അവരുടെ കഥകൾ പറയുന്ന സാഹചര്യം കാണുന്നില്ലേ? വീട്ടുകാരുൾപ്പെടെ ഞാനുമായി അടുപ്പമുള്ളവർക്കെല്ലാം ഇക്കാര്യങ്ങൾ വർഷങ്ങളായി അറിയാമായിരുന്നു. വിശ്വാസത്തോടെ പറയാൻ വേദിയില്ലാതിരുന്നതുകൊണ്ടാണ് ഇതുവരെ മൗനം പാലിച്ചത് ടെസ് പറഞ്ഞു.

കോടീശ്വരൻ പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന കമ്പനിയുടമയും പാർലമെന്റംഗവുമായ ഡെറക് ഒബ്രയാൻ നല്ല രീതിയിൽ പിന്തുണച്ചതായും അവർ പറഞ്ഞു. എന്നാൽ ആരോപണങ്ങൾ മുകേഷ് നിഷേധിച്ചിട്ടുണ്ട്.ടെസ് ട്വിറ്ററിൽ പറഞ്ഞത് ഇങ്ങനെ: 'മീ ടു ക്യാമ്പെയിനിന്റെ ഭാഗമായാണ് ഈ തുറന്നുപറച്ചിൽ. ഇതുപറയാൻ 19 വർഷമെടുത്തുവെങ്കിലും സംഭവിച്ചത് ഇതാണ്. കോടീശ്വരൻ പരിപാടിയുടെ ഷൂട്ടിങിനിടെ ചെന്നൈ ലാമെറിഡിയനിൽ വച്ചായിരുന്നു സംഭവം. മലയാളി അവതാരകനായ മുകേഷ് എന്നെ പലവട്ടം റൂമിലേക്ക് വിളിച്ചു. അടുത്ത ഷെഡ്യൂളിൽ എന്റെ റൂം അദ്ദേഹത്തിന്റെ റൂമിനടുത്തേക്ക് മാറ്റി. തുടർന്ന് എന്റെ മേധാവിയായ , ഇപ്പോൾ തൃണമൂൽ കോൺഗ്രസ് എംപിയായ ഡെറിക് ഒബ്രയാനോട് വിവരം പറഞ്ഞു. ഒരു മണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചതിനെ തുടർന്ന് അടുത്ത ഫ്ളൈറ്റിൽ എന്നെ കയറ്റിവിട്ടു. പത്തൊമ്പത് വർഷമായെങ്കിലും എന്റെ രക്ഷകനായ ഡെറികിന് നന്ദി.

അന്ന് കോടീശ്വരൻ ടീമിലെ ഏക വനിത ഞാനായിരുന്നു. മുകേഷിന്റെ കോളുകൾക്ക് അവസാനമില്ലാതായപ്പോൾ എനിക്ക് എന്റെ സഹപ്രവർത്തകന്റെ മുറിയിൽ കഴിയേണ്ടി വന്നു. ഷൂട്ടിംഗിനിടെ മുകേഷുമായി സംസാരിക്കേണ്ട സാഹചര്യങ്ങൾ കുറവായിരുന്നു. ചെന്നൈയിലെ ഷെഡ്യൂളിൽ ഞാൻ മാത്രമായിരുന്നു വനിത. ഒരു ദിവസം അവതരണം നന്നായെന്ന് ഞാൻ മുകേഷിനോട് പറഞ്ഞു. എനിക്ക് മലയാളം അത്ര വശമില്ലായിരുന്നു. മലയാളം പഠിപ്പിക്കാമെന്ന് മുകേഷ് പറഞ്ഞു. തുടർന്നാണ് രാത്രിയിൽ നിരന്തരം കോളുകൾ വന്നത്.

ഏതായാലും സംഭവത്തിൽ പരാതിപ്പെടാനില്ലെന്നാണ് ടെസയുടെ നിലപാട്. തനിക്കുണ്ടായ ദുരനുഭവത്തെ തുടർന്ന് കോടീശ്വരൻ പരിപാടിയിൽ നിന്ന് മാറുകയായിരുന്നുവെന്നും ടെസ് ജോസഫ് പറയുന്നു. തന്റെ അനുവാദമില്ലാതെ മുകേഷിന്റെ റൂമിനടുത്തേക്ക് തന്റെ താമസം മാറ്റിയതിനെയും ടെസ് ചോദ്യം ചെയ്യുന്നു. തന്റെ താമസമുറി മാറ്റിയതിനെ കുറിച്ച് ചോദിച്ചപ്പോൾ മുകേഷ് ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് വളരെ ഉദാസീനഭാവത്തിലാണ് ഹോട്ടൽ അധികൃതർ പ്രതികരിച്ചത്. ഇത്തരത്തിൽ വേട്ടക്കാരെ സഹായിക്കുന്ന നിലപാടെടുക്കുന്ന ഹോട്ടലുകളെല്ലാം ഈ കുറ്റത്തിൽ ഭാഗഭാഗാക്കാണെന്നും ടെസ് ജോസഫ് പറയുന്നു. എം.ജെ.അക്‌ബറിനെതിരെ മാധ്യമപ്രവർത്തക ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ട വാർത്തയും ടെസ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

മീ ടൂ' വെളിപ്പെടുത്തലിനു പിന്നാലെ മുകേഷിനെതിരെ കൊല്ലത്ത് വൻ പ്രതിഷേധമുയർന്നു. എംഎൽഎയുടെ ഓഫിസിലേക്കു കോൺഗ്രസ്, ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. ആരോപണം ഗൗരവമുള്ളതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലത്തെ മുകേഷിന്റെ ഓഫിസിലേക്കു പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അര മണിക്കൂറോളം ദേശീയപാതയിൽ കുത്തിയിരുന്നു. എംഎൽഎയുടെ കോലവും കത്തിച്ചു.

അതേസമയം മുകേഷിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുകയാണ്. മുതിർന്ന മാധ്യമപ്രവർത്തകനായ ഷാജി ജേക്കബാണ് പോസ്റ്റിട്ടത്. മുകേഷിനെ അഭിമുഖം ചെയ്യാനായി എത്തിയ ഒരു വനിതാ പത്രപ്രവർത്തകയോട് മുകേഷ് മോശമായി പെരുമാറിയെന്ന് വ്യക്തമാക്കുന്നതാണ് ഫേസ്‌ബുക്ക് പോസ്റ്റ്.