- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണത്തിരക്കേറി; അതിർത്തി ജില്ലകളിലേക്ക് കൂടുതൽ ബസ് സർവീസുമായി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ
ചെന്നൈ: ഓണമടുത്തതോടെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതിനെത്തുടർന്ന് അതിർത്തി ജില്ലകളിലേക്ക് തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ കൂടുതൽ സർവീസ് തുടങ്ങി. നാഗർകോവിലിലേക്കും കോയമ്പത്തൂരിലേക്കും പ്രതിദിനം ഇപ്പോൾ തന്നെ 50 ബസ് സർവീസുകൾ നടത്തുന്നുണ്ട്. തിരക്കുകൾ
ചെന്നൈ: ഓണമടുത്തതോടെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതിനെത്തുടർന്ന് അതിർത്തി ജില്ലകളിലേക്ക് തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ കൂടുതൽ സർവീസ് തുടങ്ങി. നാഗർകോവിലിലേക്കും കോയമ്പത്തൂരിലേക്കും പ്രതിദിനം ഇപ്പോൾ തന്നെ 50 ബസ് സർവീസുകൾ നടത്തുന്നുണ്ട്. തിരക്കുകൾ വർധിക്കും തോറും അതിനനുസൃതമായി സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും എസ്ഇടിസി അധികൃതർ വ്യക്തമാക്കി.
മുൻ വർഷങ്ങളിൽ ഓണത്തിന് ഇരു റൂട്ടുകളിലേക്കുമായി പത്തു മുതൽ 15 ശതമാനം വരെ കൂടുതൽ സർവീസുകൾ നടത്തിയിരുന്നു. കേരളത്തിലേക്കുള്ള ട്രെയിൻ സർവീസിൽ സീറ്റു ലഭിക്കാതെ വരുന്നവർക്ക് നാഗർകോവിലിലേക്കും കോയമ്പത്തൂരിലേക്കുമുള്ള ബസ് സർവീസുകൾ ഏറെ സഹായകരമാകാറുണ്ട്. കോയമ്പത്തൂരിലെത്തി പാലക്കാട്, തൃശൂർ, ഗുരുവായൂർ ഭാഗങ്ങളിലേക്ക് പോകുന്നവരും നാഗർകോവിലിൽ നിന്ന് തിരുവനന്തപുരം, കൊല്ലം മേഖലകളിലേക്ക് പോകുന്നവരും ഏറെയാണ്.
ഓണത്തിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ ബസ് സർവീസ് നടത്താൻ തമിഴ് നാട് തയ്യാറാണെങ്കിലും കേരളത്തിൽ നിന്ന് പെർമിറ്റ് ലഭിക്കാത്തതിനാൽ ഇതുസാധ്യമാകുന്നില്ലെന്ന് അധികൃതർ പറയുന്നു. തമിഴ്നാട്ടിൽ അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരക്ക് കുറവായതിനാൽ തമിഴ്നാട്ടിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന ബസ് സർവീസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്.
ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രതിദിനം പത്ത് സർവീസുകൾ നടത്തുന്നുണ്ട്. ചെങ്കോട്ട വഴി പത്തനംതിട്ട, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലേക്കും ചെന്നൈയിൽ നിന്ന് പ്രതിദിനം ഓരോ സർവീസുകൾ വീതമുണ്ട്.