ദോഹ: ഖത്തർ ദേശീയ ദിനാഘോഷം 18ന് നടക്കാനിരിക്കേ കൂടുതൽ യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതായി  മൊവാസലത്ത് അറിയിച്ചു. ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അന്നേ ദിവസം ടാക്‌സികൾ, ബസുകൾ, ലിമോസിനുകൾ എന്നിവ വളരെ എളുപ്പത്തിൽ ലഭ്യമാകുമെന്നും കൂടുതൽ സർവീസ് അതിനായി മാത്രം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മൊവാസലത്ത് വ്യക്തമാക്കിയിട്ടുണ്ട്.

ആഘോഷം നടക്കുന്ന സ്ഥലങ്ങളിലേക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ വേണ്ടി വരുമെന്നതിനാലാണ് ഈ സൗകര്യങ്ങൾ നടപ്പാക്കുന്നത്.
ദേശീയ ദിനാഘോഷ പരേഡ് നടക്കുന്ന കോർണിഷിലേക്ക് എത്തുന്നതിനായി കൂടുതൽ ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മൊവാസലത്ത് പബ്ലിക് റിലേഷൻസ് ഡയറക്ടർ കലീദ് കവൂദ് അറിയിച്ചിട്ടുണ്ട്. ഇതുമൂലം പരേഡ് നേരിട്ടു വീക്ഷിക്കുന്നതിന്  ആളുകൾക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരില്ല. കോർണീഷിലേക്ക് അന്നേ ദിവസം ആൾക്കാരുടെ ഒഴുക്ക് ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

ദേശീയ ദിനാഘോഷം പ്രമാണിച്ച് രാജ്യത്തെത്തുന്ന ടൂറിസ്റ്റുകളെ സ്വീകരിക്കുന്നതിനായി ഹമദ് ഇന്റർനാഷണൽ  എയർപോർട്ടിലും കൂടുതൽ ടാക്‌സി സർവീസ് നടത്താനാണ് മൊവാസലത്ത് തീരുമാനം. ബസുകളും ടാക്‌സികളും ദേശീയ പതാക ചിത്രങ്ങൾകൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്. ടൂറിസ്റ്റുകളുടേയും സ്വദേശികളുടേയും സൗകര്യാർഥം എയർപോർട്ട് ടാക്‌സി, സ്റ്റാൻഡേർഡ് ടാക്‌സി, വിഐപി ലിമോസിൻ, സ്റ്റാൻഡേർഡ് ലിമോസീൻ, പബ്ലിക് ബസ് സർവീസ്, സ്‌കൂൾ ബസ് സർവീസ്, പ്രൈവറ്റ് ഹയർ ബസ്, കോച്ച് സർവീസ് എന്നിവയാണ് മൊവാസലത്ത് സജ്ജമാക്കിയിരിക്കുന്നത്.