- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂഹ മാധ്യമങ്ങൾ വഴി പെൺകുട്ടികളെ ചൂഷണം ചെയ്ത സംഭവം;യുവാവിനെതിരെ കൂടുതൽ പരാതികൾ; പരാതിക്കാരിൽ പതിനാലുവയസുകാരിയായ പെൺകുട്ടിയും; പരാതികളിൽ ഭൂരിഭാഗവും നഗ്നച്ചിത്രങ്ങൾ വാങ്ങിയുള്ള ഭീഷണിയും പീഡനവും
കൊണ്ടോട്ടി: സാമൂഹ്യമാധ്യമങ്ങൾ വഴി പെൺകുട്ടികളെ കബളിപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ യുവാവിനെതിരെ കൂടുതൽ പരാതികൾ. പതിനാലുകാരിയായ മറ്റൊരു പെൺകുട്ടിയുൾപ്പടെയാണ് ഇയാൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്. യുവാവ് നഗ്നവീഡിയോകളും ചിത്രങ്ങളും പകർത്തി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി സ്വർണം തട്ടുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് കാണിച്ചാണ് ഭൂരിഭാഗം പരാതിയും.
കേസിൽ ആദ്യം പരാതി നൽകിയ പെൺകുട്ടിയോട് താൻ സ്പാനിഷ് കമ്പനിയിൽ ജോലി ചെയ്യുകയാണെന്നും നഗ്ന വീഡിയോകൾ അപ് ലോഡ് ചെയ്താൽ ലക്ഷങ്ങൾ പ്രതിഫലം ലഭിക്കുമെന്നും ജാബിർ വിശ്വസിപ്പിച്ചു. പിന്നീട് പണം നൽകാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു. കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ആഭരണങ്ങളും കൈക്കലാക്കി.തുടർന്നാണ് ജാബിർ പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചത്. പണത്തിന് പുറമെ മറ്റു പെൺകുട്ടികളുടെ നമ്പറും ഇയാൾ വാങ്ങിയെന്നും പെൺകുട്ടി പറയുന്നു. കേസിൽ രണ്ടാമതായി പരാതി നൽകിയ പതിനാലുകാരിയെ ടിക് ടോക് വഴിയാണ് ഇയാൾ പരിചയപ്പെട്ടത്. സമാനമായ രീതിയിലായിരുന്നു ഈ കുട്ടിയെയും ഇയാൾ കബളിപ്പിച്ചത്.ഇൻസ്റ്റഗ്രാം, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴിയായിരുന്നു ജാബിർ പെൺകുട്ടികളെ പരിചയപ്പെട്ടിരുന്നത്.
അച്ഛനില്ലാത്ത 16 വയസ്സുകാരിയെ വീട്ടിൽ നിന്ന് കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കൊണ്ടോട്ടി സ്റ്റേഷനിൽ പരാതി നൽകിയതാണ് കേസിൽ വഴിത്തിരിവായത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പെൺകുട്ടിയുടെ നമ്പറിൽ ബന്ധപ്പെടുകയും കോട്ടക്കലിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. ചങ്കുവെട്ടി ജങ്ഷനിൽ എവിടേക്കാണ് പോകേണ്ടതെന്നറിയാതെ ചുറ്റിത്തിരിഞ്ഞ പെൺകുട്ടിയെ ഉടൻതന്നെ കൊണ്ടോട്ടി പൊലീസ് കൂട്ടിക്കൊണ്ടുപോന്നു.സമാധാനമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി ജാബിറിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തന്റെ വിലപ്പെട്ടതെല്ലാം കവരാൻ ശ്രമിച്ചെന്നും പെൺകുട്ടി പറഞ്ഞിരുന്നു. പരിചയപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിച്ചപ്പോഴാണ് ഓൺലൈൻ ക്ലാസിനെന്ന് പറഞ്ഞ് വലിയമ്മയുടെ ഫോൺ വാങ്ങിയിരുന്നെന്നും അതിൽ ഇൻസ്റ്റഗ്രാം വഴി പ്രതിയെ പരിചയപ്പെടുകയായിരുന്നെന്നും പെൺകുട്ടി സമ്മതിച്ചത്.സുന്ദരനാണെന്ന് കാണിക്കാൻ ഫോട്ടോയിൽ കൃത്രിമം കാണിച്ചാണ് ജാബിർ പെൺകുട്ടിയെ പരിചയപ്പെട്ടത്.തുടർന്ന് മലപ്പുറം സൈബർ പൊലീസിെന്റ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവിൽ പൊന്നാനി ബീച്ചിൽ വച്ചാണ് ഇയാൾ പിടിയിലായത്.യുവാവിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് കൂടുതൽ പെൺകുട്ടികളുടെ വീഡിയോയും ചിത്രവും കണ്ടെത്തിയത്.
കൊണ്ടോട്ടി സിഐ കെ.എം. ബിജു, എസ്ഐ വിനോദ് വലിയാട്ടൂർ, സതീഷ് നാഥ്, അബ്ദുൽ അസീസ്, മുസ്തഫ, രതീഷ്, സ്മിത എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ