ഡബ്ലിൻ: ഒരു വർഷത്തിലേറെയായി ഇൻപേഷ്യന്റ് അപ്പോയ്‌മെന്റിനായി ആയിരത്തിലധികം കുട്ടികൾ കാത്തിരിക്കുന്നുണ്ടെന്ന് പുതിയ റിപ്പോർട്ട്. രാജ്യത്തെ എല്ലാ ആശുപത്രികളിലും സ്ഥിതി വിഭിന്നമല്ലെന്നും വെയിറ്റിങ് ലിസ്റ്റിലുള്ള കുട്ടികളുടെ എണ്ണത്തിൽ അടിക്കടി വർധന വന്നുകൊണ്ടിരിക്കുകയാണെന്നും നാഷണൽ ട്രീറ്റ്‌മെന്റ് പർച്ചേസ് ഫണ്ട് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ വെയിറ്റിങ് ലിസ്റ്റിൽ നിലവിൽ 69,878 കുട്ടികളാണ് ഉള്ളതെന്നും രണ്ടു വർഷം മുമ്പുള്ളതിനെക്കാൾ പതിനായിരത്തിലധികമാണ് ഈ കണക്കെന്നും വ്യക്തമാക്കുന്നു. വെയിറ്റിങ് ലിസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തോതാണിത്. ഇൻപേഷ്യന്റ് അല്ലെങ്കിൽ ഡേ കേസ് അപ്പോയ്‌മെന്റിനായി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം ഇപ്പോൾ 8,056 ആണ്. ഒരു വർഷം മുമ്പ് ഇത് 6707 ആയിരുന്നു.

ഒരു വർഷമായി ഇൻപേഷ്യന്റ് ലിസ്റ്റിൽ കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ രണ്ടു വർഷം മുമ്പുള്ളതിനെക്കാൾ ഏറെ മടങ്ങാണ് കൂടിയിട്ടുള്ളത്. ഒരു വർഷത്തിലേറെയായി ഇൻപേഷ്യന്റ് വെയിറ്റിങ് ലിസ്റ്റിൽ 1,001 കുട്ടികളാണ് കാത്തിരിക്കുന്ത്. 2015 ജൂണിൽ ഇത് 545 എണ്ണം മാത്രമായിരുന്നു. 2012 ജൂണിൽ ഒരു വർഷത്തിലേറെയായി വെയിറ്റിങ് ലിസ്റ്റിൽ കാത്തിരുന്ന കുട്ടികളുടെ എണ്ണം വെറും 21 ആയിരുന്നു. ഇൻപേഷ്യന്റ് അപ്പോയ്‌മെന്റുകൾ ഒരു ദിവസം രാത്രിയെങ്കിലും ആശുപത്രിയിൽ തങ്ങുന്ന കേസുകളാണ്. അതേസമയം ഔട്ട്‌പേഷ്യന്റ് അപ്പോയ്‌മെന്റുകളോ പ്രോസീജറുകളോ പകൽ സമയത്ത് ചെയ്തു തീർക്കാവുന്ന കേസുകളാണ്.

2015 ജൂണിൽ 65,541 കുട്ടികളാണ് ഔട്ട്‌പേഷ്യന്റ് വെയിറ്റിങ് ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇത് 69,878 കുട്ടികളായി മാറിയിട്ടുണ്ട്. ഇൻപേഷ്യന്റ് വെയിറ്റിങ് ലിസ്റ്റിൽ 2014 ജൂണിൽ 5142 കുട്ടികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 8056 കുട്ടികൾ എന്ന രീതിയിലേക്ക് ഉയർന്നു. ചികിത്സയ്ക്കായി വെയിറ്റിങ് ലിസ്റ്റിൽ കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന ഇപ്പോൾ നിയന്ത്രണാതീതമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഐറീഷ് സൊസൈറ്റി ഫോർ ക്വാളിറ്റി ആൻഡ് സേഫ്റ്റി ഇൻ ഹെൽത്ത് കെയർ ചൂണ്ടിക്കാണിക്കുന്നു.

പല മേഖലകളിലും വേണ്ടത്ര കൺസൾട്ടന്റുമാരില്ലാത്തതാണ് പ്രശ്‌നങ്ങൾക്കു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ച് ഡെർമറ്റോളജി, സ്പീച്ച് തെറാപ്പി എന്നീ മേഖലകളിൽ വിദഗ്ധരുടെ ക്ഷാമം ഏറെയാണ്. ഔവർ ലേഡീസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ ക്രംലിൻ (3075), ടെമ്പിൾ സ്ട്രീറ്റ് ചിൽഡ്രൻസ് ഹോസ്പിറ്റൽ (1101), ഗാൽവേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ (718), താലാ ഹോസ്പിറ്റൽ (564), വാട്ടർ ഫോർഡ് റീജണൽ ഹോസ്പിറ്റൽ (447), തുള്ളമോർ ഹോസ്പിറ്റൽ (411), സ്ലൈഗോ റീജണൽ ഹോസ്പിറ്റൽ (346), ഔവർ ലേഡി ഓഫ് ലൂർദ്‌സ്, ഡ്രൊഗീഡ(308) എന്നിവിടങ്ങളിലാണ് ഇൻപേഷ്യന്റ് അല്ലെങ്കിൽ ഡേ കേസ് അപ്പോയ്ന്റുകൾക്കായി ഏറ്റവും കൂടുതൽ കുട്ടികൾ കാത്തിരിക്കുന്നത്.