മെൽബൺ: ഓസ്‌ട്രേലിയയിൽ വർധിച്ചുവരുന്ന തൊഴിൽ അവസരങ്ങൾ ഇവിടേയ്ക്ക് ഇന്ത്യക്കാരുടെ കുടിയേറ്റം വർധിപ്പിക്കുന്നതായി റിപ്പോർട്ട്. കൂടാതെ ബ്രിട്ടണെ പിന്തള്ളി ഇന്ത്യക്കാരെ സ്വീകരിക്കാനുള്ള ഓസ്‌ട്രേലിയയുടെ മനോഭാവവും ഓസ്‌ട്രേലയയിലേക്ക് ഇന്ത്യക്കാരുടെ കുടിയേറ്റത്തിന് ആക്കം കൂട്ടുന്നു.

ഓസ്‌ട്രേലിയയിലെ 457 വിസകൾക്ക് അഥവാ ടെംപററി വർക്ക് വിസക്കുള്ള അപേക്ഷകളിന്മേൽ ബ്രിട്ടന് പകരം ഇന്ത്യയെ പരിഗണിക്കുന്ന പ്രവണത വർധിച്ച് വരികയാണെന്നാണ് ഓർഗനൈസേഷൻ പോർ എക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡവലപ്‌മെന്റ് (ഒഇസിഡി) നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്. മെൽബൺ ഏയ്ജാണിക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

457 വിസയിലൂടെ ഒരു സ്‌കിൽഡ് വർക്കറിന് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാനും നിർദേശിച്ച തൊഴിൽ ചെയ്യാനും സാധിക്കുമെന്നാണ് ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ ഡിപ്പാർട്ട് മെന്റ് ഓഫ് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ വെബ്‌സൈറ്റിൽ പറയുന്നത്. അംഗീകാരമുള്ള സ്‌പോൺസറിലൂടെ എത്തുന്നവർക്ക് ഇപ്രകാരം നാല് വർഷം ഇവിടെ ജോലി ചെയ്യാവുന്നതാണ.് 457 വിസയിലൂടെ ഓസ്‌ട്രേലിയയിൽ എത്തുന്നവരിൽ 23.3 ശതമാനവും ഇന്ത്യക്കാരാണെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ എത്തുന്നവരിൽ 18.3 ശതമാനം പേർ ബ്രിട്ടീഷുകാരും 6.5 ശതമാനം പേർ ചൈനക്കാരുമാണ്.
2012- 2013ൽ ഓസ്‌ട്രേലിയൻ വിസക്കായി 40,100 ഇന്ത്യക്കാരാണ് അപേക്ഷിച്ചത്. ഇക്കാലയളവിൽ ഇവിടേക്കുള്ള വിസക്ക് അപേക്ഷിച്ച ചൈനക്കാർ 27,300 ഉം ബ്രിട്ടീഷുകാർ 21,700 മാത്രമാണ്.

ഓസ്‌ട്രേലിയയുടെ മൈഗ്രേഷൻ പ്രോഗ്രാമിന്റെ കുതിച്ച് ചാട്ടമാണിത് സൂചിപ്പിക്കുന്നത്. ഓസ്‌ട്രേലിയൻ പൗരന്മാരാകുന്നവരുടെ എണ്ണത്തിൽ 46.6 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും ഒഇസിഡി ഡാറ്റ സാക്ഷ്യപ്പെടുത്തുന്നു.  2012-2013 കാലഘട്ടത്തിൽ 123,400 പേർ ഓസ്‌ട്രേലിയൻ പൗരന്മാരാകുന്ന് ഉറപ്പ് നൽകിയിരുന്നു. 2011 2012 നോട് താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന നിരക്കാണിത്.