തിരുവനന്തപുരം: കേരളം അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടികൾ അത് തുറന്ന് പറഞ്ഞു തുടങ്ങിയതോടെ പുരുഷവർഗം നാണക്കേടിന്റെ പടുകുഴിയിൽ വീണു കഴിഞ്ഞു. ഇതുവരെ ആരോടും പറയാതെ മറച്ചുവച്ചിരുന്ന, മനസിനെ വേട്ടയാടിയ ദുരന്തങ്ങൾ തുറന്നു പറഞ്ഞ് അനേകം പേരാണ് ഇപ്പോൾ മീ ടൂ കാമ്പയ്‌നിൽ ഭാഗമാകുന്നത്. നമ്മുടെ ചുറ്റിലുമുള്ള പുരുഷ വർഗം ഇങ്ങനെയൊക്കെയാണോ എന്നു ഭയന്നു പോകുന്ന കാഴ്ചകളാണ് എങ്ങും. ഇന്നത്തെ സ്‌ട്രൈക്കിങ് പോയിന്റ് കൈകാര്യം ചെയ്തത് ഈ വിഷയമാണ്. ആ വീഡിയോ ആണ്  ഇവിടെ വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്നത്

എത്രയോ പതിനായിരങ്ങൾ നമുക്കുചുറ്റും ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നു. നമുക്കൊക്കെ സുഹൃത്തുക്കളുണ്ട്.. സഹോദരിമാരുണ്ട്... പെൺമക്കളുണ്ട്... ഇവരിൽ പലരും നമ്മൾപോലും അറിയാതെ പീഡിപ്പിക്കപ്പെടുന്നു. എന്തുകൊണ്ടാണ് നമ്മുടെ സമൂഹവും പുരുഷന്മാരും ഇങ്ങനെയായത്. ഒരു ഹാഷ് ടാഗിലും രണ്ടു വാക്കുകളിലും ഒതുങ്ങിത്തീരാനുള്ളതല്ല ഈ വേദനകൾ. ഇവ നാളെ നമ്മുടെ സമൂഹത്തെ ഒരു കാൻസർപോലെ കാർന്നു തിന്നുമ്പോൾ നമുക്ക് വീണ്ടും ഹാഷ് ടാഗുകളെ ആശ്രയിക്കേണ്ടിവരും - സ്‌ട്രൈക്കിങ് പോയന്റ് ഓർമിപ്പിക്കുന്നു.

ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ ചുവടുപിടിച്ചാണ് 'മീ ടൂ' കാമ്പെയ്‌നിന്റെ തുടക്കം. അമേരിക്കൻ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റോടെയാണ് ഇതിനു തുടക്കമായത്. മീ ടൂ എന്ന ഹാഷ് ടാഗ് നൽകി നിങ്ങൾ നേരിട്ട അനുഭവങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു അലീസ മിലാനോ. നിങ്ങളുടെ പരിസരങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ എത്രമാത്രം വ്യാപകമായി എന്ന് ജനങ്ങളെ അറിയിക്കാൻ ആഹ്വാനത്തോടെയാണ് ഈ പ്രചരണം ലക്ഷങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഒരു നിർദ്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് ട്വീറ്റുചെയ്ത്'മി ടൂ' എന്ന ഹാഷ്ടാഗിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ അവർ ആവശ്യപ്പെടുകയായിരുന്നു അലീസ. ലോകം മുഴുവൻ ഇത് വലിയ തരംഗമാണ് സൃഷ്ടിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകൾ തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞുതുടങ്ങി. ഇത്തരം ആക്രമണങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കാനും പലരും തയ്യാറായി. ഇതോടെ കൂടുതൽ പേർ കേരളത്തിൽ ഈ കാമ്പെയിനിൽ കൈകോർത്ത് സോഷ്യൽ മീഡിയയിൽ തുറന്നുപറച്ചിലുമായി എത്തുന്നു. ഞെ്ട്ടലോടെയാണ് കേരളം ഈ തുറന്നുപറച്ചിലുകളെ നോക്കിക്കാണുന്നത്. സ്ത്രീയെന്നാൽ വെറുമൊരു ഭോഗവസ്തു എന്ന നിലയിൽ കാണുന്ന പുരുഷമനസ്സുകളെ തുറന്നുകാട്ടുന്ന കാമ്പെയ്ൻ ഇതോടെ തരംഗമായി മാറിയിരിക്കുകയാണ് ഇവിടെയും. 

എട്ടാം വയസ്സിൽ ഒരു ബന്ധു പീഡിപ്പിച്ചുവെന്ന് തുറന്ന് പറഞ്ഞ് മാധ്യമ പ്രവർത്തക സമി സെയ്ദ് അലിയും പ്രതിഭകളും സ്മാർട്ട് ആയവരും ഉൾപ്പെടെ പീഡിപ്പിച്ചെന്ന് പറഞ്ഞ് സജിത മഠത്തിലും കുഞ്ഞായിരിക്കുമ്പോൾ മുതലുള്ള പീഡനങ്ങൾ തുറന്നുപറഞ്ഞ് ശ്രീലക്ഷ്മിയും മീ ടൂ കാമ്പെയ്‌നിൽ കൈകോർത്തപ്പോൾ പിന്തുണയുമായി റിമ കല്ലിങ്കലും ശ്രീബാലാ കെ മേനോനും ഉൾപ്പെടെയുള്ളവരും എത്തി.

പലപ്പോഴും ലൈംഗിക അതിക്രമങ്ങൾ തുറന്നു പറയാത്തതിനാൽ അക്രമികൾ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ട്. ഇത് മേലിൽ ഉണ്ടാവരുതെന്നും ലൈംഗികാതിക്രമം നടത്തുന്നവരെ തുറന്നുകാട്ടാൻ എല്ലാവർക്കും ധൈര്യമുണ്ടാവണമെന്നും ഉള്ള ആഹ്വാനത്തോടെ മീ ടൂ പ്രചരണം ശക്തമായി മാറുകയാണ് സോഷ്യൽ മീഡിയയിൽ. ആയിരക്കണക്കിന് ട്വീറ്റുകളും ഫേസ്‌ബുക്ക് പോസ്റ്റുകളും ഇതോടെ പ്രമുഖർ ഉൾപ്പെടെ പോസ്റ്റ് ചെയ്തു തുടങ്ങി.

പത്രപ്രവർത്തകയായ സമി സെയ്ദ്അലി കുറിച്ചത് ഇങ്ങനെ: എട്ടുവയസ്സുള്ളപ്പോൾ ഒരു കസിൻ, പത്താം വയസ്സിൽ അമ്മാമൻ, പന്ത്രണ്ടാം വയസ്സിൽ മറ്റൊരു കസിൻ, പതിനഞ്ചാം വയസ്സിൽ ഭർത്താവ്, പതിനാറാം വയസ്സിൽ പണത്തിന്റെ ഓഫർ.. 23-ാം വയസ്സിൽ എഡിറ്ററും. പലതരക്കാരായ സുഹൃത്തുക്കൾ എപ്പോഴും അവരുടെ ഭാഗ്യം പരീക്ഷിച്ചുകൊണ്ടിരുന്നു. ഇപ്പോഴും അത് തുടരുന്നു... ഇത്തരത്തിലാണ് മീ ടൂ ക്യാമ്പെയ്നിൽ പങ്കുചേർന്ന് സമി പോസ്റ്റ് നൽകിയത്.

ടി പി സുമയ്യാബീവിയുടെ വാക്കുകൾ എഴുതി മീ ടൂ കാമ്പെയിനിൽ ചേർന്നുകൊണ്ട് ശ്രീജാ നെയ്യാറ്റിൻകര കുറിക്കുന്നത് ഇങ്ങനെ: ഒരിക്കൽ തന്റെ ചന്തിയിൽ പിടിച്ച ഉസ്താദിനെ കുറിച്ച് ഉമ്മയോട് പറഞ്ഞ് ഉമ്മയും അമ്മായിയും കൂടെ ചോദിക്കാൻ ചെന്നു.. പുള്ളി പറഞ്ഞ മറുപടി കേൾക്കണോ ; ''നിങ്ങളിവരെ വെൽവെറ്റിന്റെ കുപ്പായമൊക്കെ ഇട്ട് പറഞ്ഞയച്ചാൽ (10 വയസുപോലും തികയാത്ത പെൺകുട്ടി) ഞങ്ങൾക്ക് വികാരം തോന്നൂലേ'' എന്ന്!

ഓരോ 'അവളി'ലും അത്തരമൊരുവൾ പുറത്തു വരാൻ പേടിച്ച് ഒളിച്ചു നിൽക്കുന്നുണ്ട്. മീ റ്റൂ എന്ന ഹാഷ്ടാഗിലേക്ക് ഞാനും എന്ന് പറഞ്ഞ് ചേർന്നു നിൽക്കുമ്പോൾ ഞാൻ മാത്രമല്ല, എന്ന് തിരിച്ചറിയുന്നതിന്റെ ആശ്വാസം ചെറുതല്ല എന്ന് വ്യക്തമാക്കി സുമൻ തോമസ് കുറിച്ചത് ഇങ്ങനെ:

ഒരിക്കൽ പതിനാലാമത്തെ വയസ്സിൽ ബന്ധുവീട്ടിലെ കല്യാണത്തലേന്ന് ചരിഞ്ഞുറങ്ങുമ്പോൾ നെഞ്ചിലൂടെ കടന്നു പോയ ഒരു ടോർച്ചു വെട്ടത്തേയും അത് ആരാണെന്ന് തിരിച്ചറിഞ്ഞപ്പോൾ വെട്ടിത്തിരിഞ്ഞ് വാതിൽക്കൽ നിന്ന് ഓടിമാറിയ മുഖത്തെയും ഓർക്കുന്നു... തൊട്ടടുത്ത വീട്ടിലെ ടിവി കാണാൻ പോക്കിൽ പുറകിൽ തൊട്ടു നിന്ന കമ്പു പോലെ ഒരു വസ്തു എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകാതെ ഒറ്റക്കിരുന്നു കരഞ്ഞ ഒരു പത്തുവയസ്സുകാരിയെ ഓർക്കുന്നു...

കാമ്പെയിന് പിന്തുണയുമായി ശ്രീലക്ഷ്മി നൽകിയ കുറിപ്പും ഇതിനകം ചർച്ചയായി:
അഞ്ചാമത്തെ വയസ്സിലാണ് ആദ്യമായി പുരുഷ ലിംഗം കാണുന്നത്. രാത്രി കറന്റ് പോവുന്ന നേരങ്ങളിലും, അഞ്ചുവയസ്സുകാരിയെ അടുത്തു പിടിച്ചിരുത്തി 'മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ' എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന ഒരു മാമനും, കഥ പറഞ്ഞു തരാം എന്ന് പറഞ്ഞ്, ഉറുമ്പിന്റെ കഥ പറഞ്ഞ്, ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കുഞ്ഞു ശരീരത്തിൽ മുഴുവൻ പരതി നടന്ന്, ഒടുവിൽ എന്റെ കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന ഒരു കസ്സിൻ ചേച്ചിയും, ഇവരെയൊക്കെ പേടിച്ച്, കട്ടിലിനും സോഫയിലും അടിയിൽ ഒളിച്ചിരിക്കുന്നതും,
ഉള്ളം കൈയിനു വരുന്ന നാറ്റവും, ഒട്ടലും ഒക്കെയാണ് ബാല്യത്തെ കുറിച്ചുള്ള എന്റെ ഏറ്റവുംശക്തമായ ഓർമ്മകൾ.

 

സജിതമഠത്തിലിന്റെ കുറിപ്പും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. കൗമാരകാലത്തും മുതിർന്നപ്പോഴും പരിചയമുള്ളവരും അല്ലാത്തവുമായ ലൈംഗികാതിക്രമത്തിന് ഞാൻ ഇരയായിട്ടുണ്ട്. ഉയർന്ന നിലയിൽ പ്രവർത്തിക്കുന്നവർ, പ്രതിഭകൾ വളരെയധികം സ്മാർട്ടായവർ, സുഹൃത്തുക്കൾ, ബന്ധുക്കൾ അങ്ങനെ ധാരാളം പുരുഷന്മാരുണ്ട്. ലൈംഗികാതിക്രമം അനിവാര്യമോ അപകടമോ അല്ല, മനഃപൂർവം നടക്കുന്നതാണ്. അത് തടയാനാവുമെന്നും എല്ലാവർക്കും അറിയാം. ലൈംഗികമായി ആക്രമണം നേരിട്ട എല്ലാ സ്ത്രീകളും മീം ടൂ (ഞാനും) എന്ന് സ്റ്റാറ്റസായി ഇട്ടാൽ ഈ പ്രശ്നത്തിന്റെ ആഴം ജനങ്ങൾക്ക് മനസിലാവും. - സജിത കുറിക്കുന്നു.

കാമ്പെയിന് പിന്തുണയുമായി വന്ന മറ്റു ചില പോസ്റ്റുകൾ: