ഖത്തറിലെ പ്രമുഖ ടെലികോ സേവന ദാതാക്കളായ ഉരീദു ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. 100 ഓളം പേരെ പിരിച്ചുവിടുന്നതായാണ് പ്രാദേശിക പോർട്ടൽ റിപ്പോർട്ട് ചെയ്തത്. മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ ഒരു ശതമാനം കുറവു വരുത്താനാണ് അധികൃതരുടെ തീരുമാനം. വിദേശികളായ ജീവനക്കാർക്ക് മാത്രമായിരിക്കും ഇതിലൂടെ ജോലി നഷ്ടമാവുക.

വിവിധ രാജ്യങ്ങളിലായി പ്രവർത്തനമേഖല വ്യാപിച്ചുകിടക്കുന്ന കമ്പനിയിൽ ഏകദേശം പതിനായിരത്തോളം പേരാണ് ജോലി ചെയ്യുന്നത്. ഇതിന്റെ ഒരു ശതമാനം പേരെ ഒഴിവാക്കാനാണ് തീരുമാനം. ഖത്തർ പൗരന്മാരെ പിരിച്ചുവിടൽ ബാധിക്കില്ല. പ്രവർത്തന മേഖല കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് തൊഴിലാളികളുടെ എണ്ണം കുറക്കുന്നതെന്നാണ് വിശദീകരണം.

അതേസമയം ജോലിയിൽനിന്ന് പുറത്തുപോകുന്നവർക്ക് ഗ്രൂപ്പിന് കീഴിൽ തന്നെയുള്ള മറ്റു ഒഴിവുകളിലേക്കും പ്രാദേശിക മേഖലകളിൽ വരുന്ന ഒഴിവുകളിലേക്കും അപേക്ഷിക്കാവു ന്നതാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.