ചെന്നൈ: അനധികൃത സ്വത്തുസമ്പാദനക്കേസിൽ നാളെ സുപ്രീംകോടതി വിധി പ്രസ്താവിക്കാനിരിക്കേ കൂടുതൽ നേതാക്കൾ ശശികലയെ വിട്ട് പനീർശെൽവം ക്യാമ്പിലെത്തുന്നു. ഒരു എംപിയും എംഎൽഎയും കൂടെ കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവത്തിനു പിന്തുണയറിയിച്ചു. മധുര സൗത്ത് എംഎൽഎ ശരവണനും മധുര എംപി ഗോപാലകൃഷ്ണനുമാണ് പനീർസെൽവത്തിന്റെ വീട്ടിലെത്തിയത്. ഇതോടെ, പനീർസെൽവത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം എട്ടായി.

അണ്ണാ ഡിഎംകെയുടെ 50 എംപിമാരിൽ 13 പേരിപ്പോൾ പനീർസെവൽവത്തിനൊപ്പമാണ്. പാർട്ടിയുടെ 37 ലോക്‌സഭാ എംപിമാരിൽ നാലിലൊന്നും മറുപക്ഷത്തായതു ശശികല ക്യാംപിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ശശികല ഗവർണറെ കണ്ടപ്പോൾ ഒപ്പമുണ്ടായിരുന്ന മന്ത്രി  കെ.പാണ്ഡ്യരാജനും പാർട്ടി വക്താവ് സി.പൊന്നയ്യനും കഴിഞ്ഞ ദിവസം പനീർസെൽവത്തിനു പിന്തുണയറിച്ചിരുന്നു. വിശ്വസ്തരായ ഇവരുടെ കൊഴിഞ്ഞു പോകലിൽ ഭയന്ന ശശികല എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോർട്ടിൽ സന്ദർശനം നടത്തുകയും ചെയ്തു.

എസ്‌പി. ഷൺമുഖനാഥൻ (ശ്രീവൈകുണ്ഠം), കെ. മാണിക്കം (ഷോളവന്താൻ), വി സി. ആരുക്കുട്ടി (കവുണ്ടംപാളയം), വനിത എംഎൽഎ മനോരഞ്ജിതം (ഉത്തങ്കര), എ. മനോഹരൻ (വസുദേവനല്ലൂർ), കെ. പാണ്ഡ്യരാജൻ (വിരുദുനഗർ), ഡി. ജയകുമാർ (റോയപുരം), ശരവണൻ (മധുര സൗത്ത്) എന്നീ എംഎൽഎമാരാണ് പനീർശെൽവത്തിനു പിന്തുണ അറിയിച്ചിരിക്കുന്നത്.

ലോക്‌സഭാംഗങ്ങളായ പി.ആർ. സുന്ദരം (നാമക്കൽ), അശോക് കുമാർ (കൃഷ്ണഗിരി), സത്യഭാമ (തിരുപ്പൂർ), ജയസിങ് ത്യാഗരാജ് നട്ടർജി (തൂത്തുക്കുടി), സെങ്കുട്ടുവൻ (വേലൂർ), ആർ.പി. മരുതുരാജ (പെരുമ്പള്ളൂർ), ആർ.വനറോജ (തിരുവണ്ണാമലൈ), എസ്. രാജേന്ദ്രൻ (വില്ലുപുരം), ആർ. പാർഥിപൻ (തേനി), ഗോപാലകൃഷ്ണൻ (മധുര) എന്നിവരും രാജ്യസഭാംഗങ്ങളായ വി. മൈത്രേയൻ, ശശികല പുഷ്പ, ആർ.ലക്ഷ്മണൻ എന്നിവരും പനീർശെൽവത്തിനൊപ്പമാണ്.

തമിഴ്‌നാട് നിയമസഭയിൽ അണ്ണാ ഡിഎംകെയ്ക്ക് ആകെ 135 അംഗങ്ങളാണുള്ളത്. അതിൽ പനീർസെൽവമുൾപ്പെടെ 9 പേരാണു വിമത വിഭാഗത്തിലുള്ളത്. സ്പീക്കർ ഉൾപ്പെടെ 128 പേർ ശശികല പക്ഷത്തും. സ്പീക്കറെ ഉൾപ്പെടുത്താത്തതിനാൽ ശശികല പക്ഷം ഇപ്പോൾ 127 പേരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്. എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോർട്ടിൽ ഇന്ന് ശശികല എത്തി. ഇന്ന് അവിടെ തുടരുമെന്നാണ് അറിയുന്നത്. നാളെ എംഎൽഎമാരുമായി സെക്രട്ടേറിയറ്റിലെത്തുമെന്നും റിപ്പോർട്ടുണ്ട്.