തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്ത് പി സി ജോർജിന് ചീഫ് വിപ്പ് സ്ഥാനം നൽകിയതിന് എതിരെ രംഗത്ത് വന്നവരാണ് ഇടതുമുന്നണി. ഉമ്മൻ ചാണ്ടി ഭരിച്ചപ്പോൾ ജോർജിന് 30 പേഴ്‌സണൽ സ്റ്റാഫിനെയാണ് അനുവദിച്ചിരുന്നത്. പിണറായി സർക്കാർ ആദ്യം അധികാരത്തിൽ വന്നപ്പോൾ പ്രത്യേകം ചീഫ് വിപ്പ് വേണ്ടെന്നാണ് ആദ്യം തീരുമാനം എടുത്തതെങ്കിലും, പിന്നീട സിപിഐയിലെ കെ.രാജനെ ചീഫ് വിപ്പാക്കി. 13 പേരായിരുന്നു പേഴ്‌സണൽ സ്റ്റാഫിൽ. രണ്ടാം പിണറായി സർക്കാരിൽ എൻ.ജയരാജ് ചീഫ് വിപ്പായപ്പോൾ ഏഴ് പേരെയാണ് പേഴ്‌സണൽ സ്റ്റാഫിൽ അനുവദിച്ചത്. എന്നാൽ, ഏറ്റവും ഒടുവിൽ 18 പേരെ കൂടി ഉൾപ്പെടുത്തി പുതിയ ഉത്തരവ് വന്നു. അതായത് മൊത്തം 25 പേർ. പിസിയുടെ കാലത്തേക്കാൾ അഞ്ചുപേർ കുറവ്.

നിയമസഭയിൽ വോട്ടെടുപ്പ് നടക്കുമ്പോൾ വിപ്പ് നൽകുന്ന ജോലി മാത്രാണ് ചീഫ് വിപ്പിന് ഉള്ളത്. ക്യാബിനറ്റ് പദവിയുള്ളതിനാൽ മന്ത്രിമാർക്കും സ്പീക്കർക്കും ഡെപ്യൂട്ടി സ്പീക്കർക്കും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. 25 ജീവനക്കാരെ നിയമിക്കാം. ആരെ നിയമിക്കണമെന്നു ചീഫ് വിപ്പിനു തീരുമാനിക്കാം. ക്യാബിനറ്റ് പദവിയുള്ള ഒരാളുടെ ഓഫീസ് പ്രവർത്തിപ്പിക്കാൻ പ്രതിമാസം സർക്കാർ ലക്ഷങ്ങൾ ചെലവിടണം.
23,000 മുതൽ ഒരു ലക്ഷം വരെയാണ് പേഴ്‌സൺ സ്റ്റാഫുകളുടെ ശമ്പളം.

ധനകാര്യമന്ത്രി ആവർത്തിക്കാറുള്ളത് പോലെ മുണ്ടുമുറുക്കി ഉടുത്താലും രക്ഷയില്ല എന്ന നിലയിലാണ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി. അപ്പോഴും ഇത്തരം അനാവശ്യ നിയമനങ്ങൾക്ക് ഒരുകുറവും ഇല്ല. ഡോ. എൻ ജയരാജിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നേരത്തെ ഡ്രൈവറും പേഴ്‌സണൽ അസിസ്റ്റന്റും അടക്കമാണ് ഏഴുപേരെ അനുവദിച്ചത്. പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയാണ് പുതിയ 18 അംഗ പട്ടികയിലുള്ളത്. ഇതിൽ നാല് പേർ സർക്കാർ സർവ്വീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിയവരാണ്.


സർക്കാർ സർവീസിൽ ഇല്ലാതെ പഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുന്നവർ 2 വർഷം സർവീസ് പൂർത്തിയാക്കിയാൽ ആജീവനാന്തം പെൻഷൻ വാങ്ങാം. മറ്റൊരിടത്തും ഈ സൗകര്യമില്ല. രണ്ടര വർഷം പൂർത്തിയാക്കുമ്പോൾ പഴ്‌സണൽ സ്റ്റാഫിലുള്ള ചിലരെ പിരിച്ചുവിട്ടു പുതിയ ആളുകളെ ഉൾപ്പെടുത്തുന്ന രീതിയുമുണ്ട്. പരമാവധി പാർട്ടി അനുഭാവികൾക്കു പെൻഷൻ ലഭിക്കുന്നതിനാണിത്. സർക്കാർ ജീവനക്കാർക്കു മിനിമം പെൻഷൻ ലഭിക്കണമെങ്കിൽ 10 വർഷം പൂർത്തിയാക്കണം. മുഴുവൻ പെൻഷനും ലഭിക്കാൻ 30 വർഷവും. അപ്പോഴാണ് 2 വർഷം സർവീസുള്ളവർ പെൻഷൻ അനായാസം വാങ്ങുന്നത്.

നിയമസഭയിൽ വോട്ടെടുപ്പ് നടക്കുമ്പോൾ വിപ്പ് നൽകുന്ന ജോലി മാത്രാണ് ചീഫ് വിപ്പിന് ഉള്ളത് എന്നിരിക്കെ എന്തിനാണ് ഇത്രയും പേഴ്‌സണൽ സ്റ്റാഫ് എന്ന ചോദ്യം പ്രസക്തമാണ്. 99 അംഗങ്ങള്ള ഭരണപക്ഷത്തിന് നിയമസഭയിൽ ബില്ലുകളുടെ വോട്ടെടുപ്പിൽ നിർണായക ഭൂരിപക്ഷമുള്ളതിനാൽ വിപ്പിന്റെ ആവശ്യവുമില്ല.

ആദ്യസഭ മുതൽ ചീഫ് വിപ്പ് ഉണ്ടെങ്കിലും 1982ൽ ഡോ.കെ.സി.ജോസഫിനാണ് ആദ്യമായി കാബിനറ്റ് റാങ്ക് അനുവദിച്ചത്. പിന്നീട് യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പി.സി.ജോർജിന് കാബിനറ്റ് പദവി നൽകിയത്.