മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികളെയെല്ലാം കണ്ണുപൂട്ടി എതിർക്കുന്നവരാണ് കേരളത്തിലെ ഇടത്-വലത് രാഷ്ട്രീയ നേതൃത്വങ്ങൾ. രാജ്യത്തെ വൃത്തിയാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതിയിൽ ചേർന്നതിന് ശശി തരൂരിനെ മോദി ഭക്തനാക്കി മുൾമുനയിൽ നിർത്തി. എന്നാൽ മോദിയുടെ നല്ലകാര്യങ്ങൾ ഏറ്റെടുക്കാൻ കൂടതൽ പേരെത്തുന്നതിന്റെ സൂചനയാണ് പ്രധാനമന്ത്രിയുടെ ഗ്രമം ദത്തെടുക്കൽ പദ്ധതിയിലേക്കുള്ള ചിലരുടെ കടന്ന് വരവ്.

ഗ്രാമം ദത്തെടുക്കൽ പദ്ധതിയിൽ മുസ്ലിംലീഗും, സിപിഐയും സിപിഎമ്മും പങ്കാളിയാകുന്നു. സിപിഐ(എം) കേന്ദ്രകമ്മറ്റി അംഗം കൂടിയായ പികെ ശ്രീമതി, മുസ്ലിം ലീഗിലെ ഇ അഹമ്മദും ഇടി മുഹമ്മദ് ബഷീറിനുമൊപ്പം സിപിഐയിലെ ജയദേവനും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഏറ്റെടുത്തു. ഒരു പാർലമെന്റ് മണ്ഡലത്തിലെ ഒരു ഗ്രാമപ്പഞ്ചായത്തിനെ ആദർശഗ്രാമമായി മാറ്റാനുള്ള 'സൻസദ് ആദർശഗ്രാമയോജന' പ്രകാരമാണ് ഇവരെല്ലാം അവരവരുടെ പാർലമെന്റ് മണ്ഡലത്തിലെ ഗ്രാമപ്പഞ്ചായത്തുകൾ തെരഞ്ഞെടുത്തത്.

കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട കുറ്റിയാട്ടൂർ പഞ്ചായത്തിനെ പ്രധാനമന്ത്രിയുടെ പദ്ധതിയിലുൾപ്പെടുത്തി സിപിഐ(എം) അംഗമായ പി.കെ.ശ്രീമതിയാണ് പ്രധാനമന്ത്രിയുടെ പദ്ധതിയിൽ കേരളത്തിൽ നിന്ന് ആദ്യം ചേർന്നത്.

മലപ്പുറത്തിന്റെ പരിധിയിൽപ്പെട്ട മഞ്ചേരി നിയമസഭാ മണ്ഡലത്തിലെ തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്താണ് ആദർശ ഗ്രാമപ്പഞ്ചായത്തിനായി മുസ്ലിംലീഗ് എംപി ഇ.അഹമ്മദ് തെരഞ്ഞെടുത്തത്. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നന്നമ്പ്ര ഗ്രാമപ്പഞ്ചായത്തിനെ പൊന്നാനി പാർലമെന്റ് മണ്ഡലത്തിന്റെ ലീഗ് സാരഥി ഇ.ടി.മുഹമ്മദ് ബഷീറും നിശ്ചയിച്ചു. ഇരുപഞ്ചായത്തുകളും വികസനത്തിന്റെ കാര്യത്തിൽ പിന്നാക്കം നിൽക്കുന്നവയാണ്. സ്വന്തമായ വരുമാനമാർഗ്ഗം കുറഞ്ഞ പഞ്ചായത്താണ് നന്നമ്പ്രയെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി പറഞ്ഞു.

സിപിഐയുടെ അംഗമായ സി.എൻ.ജയദേവൻ തൃശ്ശൂർ മണ്ഡലത്തിന്റെ പരിധിയിലുള്ള അന്തിക്കാട് താന്ന്യം പഞ്ചായത്തിനെ പ്രധാനമന്ത്രിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി. കൂടുതൽ തീരദേശങ്ങൾ ഉൾപ്പെടുന്ന പഞ്ചായത്തെന്ന നിലയിൽ കൂടുതൽ വികസനം ഉണ്ടാകേണ്ട പഞ്ചായത്താണിതെന്ന് ജയദേവൻ വ്യക്തമാക്കി. എന്നാൽ പത്യേകഫണ്ട് അനുവദിച്ചില്ലെങ്കിൽ പല കേന്ദ്രപദ്ധതികൾക്കും ഉണ്ടായ അവസ്ഥ ഈ പദ്ധതിക്കും ഉണ്ടാകുമെന്നാണ് ഇ.ടി.മുഹമ്മദ് ബഷീർ എംപിയുടെ വിലയിരുത്തൽ. ആദർശ ഗ്രാമപ്പഞ്ചായത്ത് പദ്ധതിക്കായി മാത്രം പ്രത്യേകഫണ്ട് അനിവാര്യമാണെന്നും ജയദേവനും പറഞ്ഞു.

പദ്ധതിയിൽ ചേർന്ന പഞ്ചായത്തുകളുടെ വികസനത്തിന് വേണ്ട പദ്ധതികൾ എന്തൊക്കെയാണെന്നും അതിനുള്ള മാർഗരേഖകൾ തയ്യാറാക്കാനും തൃശ്ശൂർ മുളങ്കുന്നത്തുകാവിലെ 'കില'യെ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയെന്നാണ് സുചന. ഇതുസംബന്ധിച്ച പ്രാഥമിക നിർദ്ദേശങ്ങൾ 'കില'യ്ക്ക് ലഭിച്ചുകഴിഞ്ഞു.