സിംഗപ്പൂർ: നോർത്ത് സൗത്ത് എംആർടി ലൈനുകളിൽ പുതിയ സിഗ്നലിങ് സംവിധാനം പരീക്ഷണാർഥത്തിൽ നടപ്പിലാക്കുന്നതിനെ തുടർന്ന് സർവീസുകൾ വൈകുന്നത് പതിവായി. നാലു മാസമായി തുടരുന്ന പരീക്ഷണം ഇനിയും തുടരാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ ഇതുമായി സഹകരിക്കണമെന്നും ലാൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയും എസ്എംആർടി കോർപറേഷനും സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

വരും ആഴ്ചകളിൽ സിഗ്നലിങ് സംവിധാനം കൂടുതൽ ശക്തമായ രീതിയിൽ പരീക്ഷണം നടത്തുമെന്നും പുതിയ സോഫ്റ്റ് വെയർ സംവിധാനം ഏർപ്പെടുത്തുന്നതിനാൽ സർവീസുകൾ വൈകാനും മറ്റും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പു നൽകി. ഇക്കാലയളവിൽ യാത്രക്കാർക്ക് ഏറെബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നും നോർത്ത് സൗത്ത് ലൈനിൽ യാത്ര ചെയ്യുന്നവർക്ക് യാത്രയ്ക്ക് കാലതാമസം ഉണ്ടാവുമെന്നും എസ്എംആർടി വ്യക്തമാക്കിയിട്ടുണ്ട്.