അബുദാബി: കൂടുതൽ പെയ്ഡ് പാർക്കിങ് സംവിധാനവുമായി അബുദാബി മുനിസിപ്പാലിറ്റി എത്തുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഒട്ടേറെ അസൗകര്യങ്ങൾ വാഹന ഉടമകൾ നേരിടുന്ന സാഹചര്യം മുൻനിർത്തിയാണ് കൂടുതൽ പെയ്ഡ് പാർക്കിങ് സംവിധാനവുമായി ഡിപ്പാർട്ട്‌മെന്റ് ഓഫ് മുനിസിപ്പൽ അഫേഴ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് രംഗത്തെത്തിയിരിക്കുന്നത്.

പുതുതായി നാലായിരത്തിലധികം പാർക്കിങ് മേഖലകളാണ് അടുത്താഴ്ച മുതൽ ലഭിക്കുന്നത്. അൽ മുഷ്‌റിഫിൽ 3791 പാർക്കിങ് സ്‌പേസാണ് ലഭിക്കുക. കൂടാതെ ഡിഹാൻ സ്ട്രീറ്റ്, ഷേക്ക് സയ്യിദ് സ്ട്രീറ്റ്, ഷേക്ക് റാഷിദ് ബിൻ സയ്യിദ് സ്ട്രീറ്റ് എന്നിവിടങ്ങളിലും കൂടുതൽ പാർക്കിങ് സ്‌പേസുകൾ നടപ്പിൽ വരുത്തും.

നീലയും കറുപ്പും രേഖപ്പെടുത്തിയിട്ടുള്ള സ്റ്റാൻഡാർഡ് പാർക്കിംഗിൽ മണിക്കൂറിന് രണ്ടു ദിർഹവും ഒരു ദിവസത്തേക്ക് 15 ദിർഹവുമാണ് നിരക്ക്. പ്രീമിയം പാർക്കിങ് സ്‌പേസിന് മണിക്കൂറിന് മൂന്നു ദിർഹമാണ് നിരക്ക് ഈടാക്കുക. നീലയും വെള്ളയും നിറത്തിലാണ് ഇത്. നാലു മണിക്കൂർ ദൈർഘ്യത്തിൽ മാത്രമായിരിക്കും ഇവിടെ പാർക്കിങ് അനുവദിക്കുക.