ചെന്നൈ: തമിഴ്‌നാട് കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവത്തിനെതിരായ അധികാര വടംവലി ശക്തമായി തുടരുന്നതിനിടെ, ശശികല പക്ഷത്തുനിന്നും കൂടുതൽ ആളുകൾ കൊഴിയുന്നു. തിരുപ്പൂർ എംപി സത്യഭാമയും തിരുവണ്ണാമല എംപി വനറോജയും പനീർസെൽവം ക്യാംപിൽ ഇന്ന് എത്തി. പനീർസെൽവുമായി കൂടിക്കാഴ്ച നടത്തിയ സത്യഭാമ പനീർസെൽവത്തിന് പിന്തുണയും അറിയിച്ചു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി കൂടിയായ വി.കെ. ശശികലയ്ക്കൊപ്പം നിലയുറപ്പിച്ചിരുന്ന രണ്ടു മന്ത്രിമാർക്കു പിന്നാലെ ശശികലയുടെ വിശ്വസ്തൻ സി. പൊന്നയ്യനും പനീർസെൽവത്തിന് പിന്തുണ അറിയിച്ചിരുന്നു.

പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് പൊന്നയ്യൻ. വിദ്യാഭ്യാസ മന്ത്രി കെ.പണ്ഡ്യരാജൻ, ഫിഷറീസ് മന്ത്രി ഡി. ജയകുമാർ എന്നിവരാണ് പനീർസെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ മന്ത്രിമാർ. നാമക്കൽ എംപി പി.ആർ. സുന്ദരം, കൃഷ്ണഗിരി എംപി കെ.അശോക് കുമാർ എന്നിവരും ശശികലയെ വിട്ട് പനീർസെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചു. നടൻ ശരത് കുമാറും പനീർസെൽവത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തി.

സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗവർണർ സി.വിദ്യാസാഗർ റാവുവുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ ശശികല സംഘത്തിൽപ്പെട്ടയാളാണ് മന്ത്രി പാണ്ഡ്യരാജൻ. പനീർസെൽവത്തിന്റെ വീട്ടിലെത്തിയാണ് പാണ്ഡ്യരാജൻ അദ്ദേഹത്തിനുള്ള പിന്തുണ അറിയിച്ചത്.

എംഎൽഎമാരായ എസ്‌പി. ഷൺമുഖനാഥൻ (ശ്രീവൈകുണ്ഠം),കെ. മാണിക്കം(ഷോളവന്താൻ), വി സി. ആരുക്കുട്ടി (കവുണ്ടംപാളയം), വനിത എംഎൽഎ മനോരഞ്ജിതം (ഉത്തങ്കര), എ. മനോഹരൻ (വസുദേവനല്ലൂർ), കെ. പാണ്ഡ്യരാജൻ (വിരുദുനഗർ), ഡി. ജയകുമാർ എന്നിവരും ലോക്സഭാ അംഗങ്ങളായ പി.ആർ. സുന്ദരം (നാമക്കൽ), അശോക് കുമാർ (കൃഷ്ണഗിരി), സത്യഭാമ (തിരുപ്പൂർ), വനറോജ(തിരുവണ്ണാമല) എന്നിവരും രാജ്യസഭാ അംഗങ്ങളായ വി. മൈത്രേയൻ, ശശികല പുഷ്പ എന്നിവരും പനീർശെൽവത്തിനൊപ്പമാണ്.

തമിഴ്‌നാട് നിയമസഭയിൽ അണ്ണാ ഡിഎംകെയ്ക്ക് ആകെ 135 അംഗങ്ങളാണുള്ളത്. അതിൽ പനീർസെൽവമുൾപ്പെടെ എട്ടു പേരാണു വിമത വിഭാഗത്തിലുള്ളത്. സ്പീക്കർ ഉൾപ്പെടെ 126 പേർ ശശികല പക്ഷത്തും. സ്പീക്കറെ ഉൾപ്പെടുത്താത്തതിനാൽ ശശികല പക്ഷം ഇപ്പോൾ 126 പേരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്.

അതിനിടെ, അണ്ണാ ഡിഎംകെയുടെ പുതുച്ചേരി ഘടകവും പനീർസെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഇക്കാര്യം തീരുമാനിക്കാൻ നാല് എംഎൽഎമാർ യോഗം ചേർന്നു. അന്തിമ തീരുമാനം ഇനിയും പുറത്തുവിട്ടിട്ടില്ല. അതേസമയം, ജയലളിതയുടെ മരണശേഷം ശശികലയുടെ ഔദ്യോഗിക വസതിയായി മാറിയ പോയസ് ഗാർഡനു മുന്നിലെ പൊലീസ് സുരക്ഷ പൂർണമായും പിൻവലിക്കുമെന്നും റിപ്പോർട്ടുണ്ട്. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്റെ ആവശ്യപ്രകാരം ഇവിടുത്തെ സുരക്ഷ ഭാഗികമായി പിൻവലിച്ചിരുന്നു.

അതേസമയം, തന്നെ പിന്തുണയ്ക്കുന്നവരോട് ചെന്നൈയിലെ മറീന ബീച്ചിലെത്താൻ കാവൽ മുഖ്യമന്ത്രി പനീർസെൽവം സമൂഹമാദ്ധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു. പനീർസെൽവം അനുകൂലികളുടെ അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്. ഗ്രീൻവെയ്സ് റോഡിലെ വസതിയിലാണു യോഗം ചേരുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് അപ്രതീക്ഷിത നീക്കത്തിലൂടെ പനീർസെൽവം ശശികലയെ വെല്ലുവിളിച്ചത്. തന്നെ നിർബന്ധിപ്പിച്ചു രാജിവയ്‌പ്പിക്കുകയായിരുന്നുവെന്നു വ്യക്തമാക്കിയ അദ്ദേഹം, ജയലളിതയുടെ ആത്മാവിന്റെ പ്രേരണയാലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും പറഞ്ഞിരുന്നു.