ദുബൈ: ഇന്ന് മുതൽ ദുബൈ മെട്രോയിൽ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി ഒരു ഫുൾ കമ്പാർട്ട്‌മെന്റ് ഉണ്ടായിരിക്കും. നിലവിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി മാറ്റിവച്ച അര കമ്പാർട്ട്‌മെന്റ് ഒരു മുഴുവൻ കമ്പാർട്ട്‌മെന്റായി മാറ്റുകയാണ് ചെയ്തത്. തൊട്ടടുത്ത കമ്പാർട്ട്‌മെന്റിന്റെ പകുതി ഭാഗം കൂടിയെടുത്താണ് പ്രത്യേക സ്ഥലം ഒരുക്കിയിരിക്കുന്നത്.

നേരത്തെ തിരക്കുള്ള സമയങ്ങളിൽ ഈ ഭാഗം സ്ത്രീകൾക്കും കുട്ടികൾക്കുമായി മാറ്റിവച്ചിരുന്നു. ഇത് ബുധനാഴ്ച മുതൽ സ്ഥിരം സംവിധാനമാക്കുകയാണ്. ഈ ഭാഗത്ത് കയറുന്ന പുരുഷന്മാർക്ക് 100 ദിർഹം പിഴ ചുമത്തുമെന്ന് ആർ.ടി.എ അധികൃതർ അറിയിച്ചു. കൂടുതലായി 27 സീറ്റുകളാണ് സ്ത്രീകൾക്കും കുട്ടികൾക്കുമായി ലഭിക്കുക. സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ സൗകര്യം അനുവദിക്കണമെന്ന് യാത്രക്കാർക്കിടയിൽ നടത്തിയ സർവേയിൽ ആവശ്യമുയർന്നിരുന്നു. ഇതനുസരിച്ചാണ് ആർ.ടി.എ തീരുമാനമെടുത്തത്.

സ്ത്രീകൾക്കും കുട്ടികൾക്കുമായി റിസർവ് ചെയ്ത ഭാഗമാണെന്ന് യാത്രക്കാരെ അറിയിക്കാൻ സ്റ്റേഷനുകളിലും കമ്പാർട്ട്‌മെന്റുകൾക്കുള്ളിലും പിങ്ക് നിറത്തിലുള്ള സ്റ്റിക്കറുകൾ പതിച്ച് രേഖപ്പെടുത്തിവച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ മെട്രോ ജീവനക്കാർ യാത്രക്കാർക്ക് ഇതുസംബന്ധിച്ച ബോധവത്കരണം നടത്തും. ഈ ഭാഗത്ത് കയറുന്ന പുരുഷന്മാരോട് മറ്റിടങ്ങളിലേക്ക് മാറാൻ ആവശ്യപ്പെടും. പിന്നീട് പിഴ ചുമത്തി തുടങ്ങും.