റിയാദ്: ജോലി വിസ നൽകുമ്പോൾ നിങ്ങളുടെ ആരോഗ്യവും ഇന് ഗൾഫ് രാജ്യങ്ങൾ പരിശോധിക്കും. പ്രമേഹവും രക്തസമ്മർദവുമുൾപ്പടെ ദീർഘകാലമായി വിട്ടുമാറാത്ത രോഗമുള്ളവർക്ക് ഇനി സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജോലി ലഭിക്കില്ലെന്നാണ് സൂചന. കർശന വൈദ്യപരിശോധന ഇതിനായി ഏർപ്പെടുത്താനാണ് തീരുമാനം.

ആരോഗ്യസേവന മേഖലകളിലെ സമ്മർദ്ദം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടാണ് നടപടി. കഴിഞ്ഞവർഷം ജോലിക്കായി പുറം രാജ്യങ്ങളിൽ നിന്നെത്തിയ തൊഴിലാളികളിൽ പത്ത് ശതമാനം പേർ വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവരാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ഏറെ സാമൂഹിക പ്രശ്‌നങ്ങൾ ഗൾഫ് മേഖലയിൽ ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. ആ പ്രശ്‌നത്തിൽ ഗൾഫ് ആരോഗ്യ മന്ത്രാലയത്തിന്റെ അടുത്ത മാസം ചേരുന്ന യോഗത്തിൽ കൂടുതൽ മാർഗങ്ങൾ ചർച്ച ചെയ്യും.

പ്രമേഹവും പ്രഷറുമുള്ള ആളുകളുടെ സാന്നിധ്യം പൊതുജനാരോഗ്യത്തെ ബാധിക്കുന്നില്ലെങ്കിലും ആരോഗ്യ സേവന മേഖലകളിലെ സമ്മർദം കുറയ്ക്കാനാണ് പുതിയ നടപടിയെന്ന് ഗൾഫ് ആരോഗ്യ മന്ത്രാലയ സമിതി മേധാവി തൗഫൗഖ് ഖോജ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവുമധികം പേരെ ജോലിക്കായി തിരഞ്ഞെടുക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പടെ 18 രാജ്യങ്ങളിൽ നിന്നുമാണ്. ഈ രാജ്യങ്ങളിൽ എല്ലാംതന്നെ വൈദ്യ പരിശോധനയ്ക്കുള്ള മെഡിക്കൽ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സെന്ററുകളിൽ പരിശോധിച്ചവരെയാണ് വിവിധ കമ്പനികൾ റിക്രൂട്ടിനായി തെരഞ്ഞെടുക്കുന്നത്. ഈ സെന്ററുകളുടെ പ്രവർത്തനത്തിലും ഗൾഫ് ആരോഗ്യമന്ത്രാലയത്തിന് പരാതിയുണ്ട്.

എന്നാൽ അർബുദം പോലുള്ള രോഗങ്ങൾ കണ്ടെത്താൻ ഇത്തരം സെന്ററുകൾ പര്യാപ്തമല്ല. കണ്ടെത്താതെ പോകുന്ന ഇത്തരം രോഗങ്ങൾ തിരിച്ചറിയാൻ തൊഴിലാളികളെ രാജ്യത്തെത്തിയാൽ വീണ്ടും പരിശോധിക്കുന്നത് പതിവാണ്. ഇത് കർശനമാക്കാനാണ് നീക്കം.