ഡബ്ലിൻ: ആറു വയസിൽ താഴെയുള്ളവർക്കുള്ള സൗജന്യ ജിപി കെയറിന് പേരു രജിസ്റ്റർ ചെയ്യാനുള്ള ആദ്യ ദിനത്തിൽ തന്നെ പതിനായിരത്തിലധികം കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്തുവെന്ന് റിപ്പോർട്ട്. ആദ്യ ദിനം തന്നെ രജിസ്‌ട്രേഷനുള്ള തിരിക്കു മൂലം വെബ്‌സൈറ്റ് നിശ്ചലമാകുകയും ചെയ്തു. അതേസമയം ഈ മാസം അവസാനത്തോടെ 75 ശതമാനം ജിപിമാരും പദ്ധതിയുമായി സഹകരിക്കാൻ തയാറാകുമെന്നാണ് കരുതപ്പെടുന്നത്.

രാജ്യത്തെ ആറു വയസിൽ താഴെയുള്ള 270,000-ത്തിലധികം കുട്ടികൾക്കാണ് സൗജന്യ ജിപി കെയർ നൽകാൻ ഉദ്ദേശിക്കുന്നത്. അവർക്കുള്ള രജിസ്‌ട്രേഷൻ കഴിഞ്ഞ ദിവസം ആരംഭിക്കുകയും ചെയ്തു. ആദ്യദിനം തന്നെ പതിനായിരത്തിൽ പരം കുട്ടികളെയാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. യൂണിവേഴ്‌സൽ ഹെൽത്ത് കെയറിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ആറുവയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി കെയർ അനുവദിക്കുന്നത്. ജൂലൈ ഒന്നു മുതൽ ഇതു നടപ്പിലാകും. മുതിർന്ന കുട്ടികൾക്ക് സൗജന്യ ജിപി കെയറാണ് അടുത്ത ഘട്ടത്തിൽ നടപ്പാക്കുക.

അതേസമയം സൗജന്യ ജിപി കെയറിന് കുട്ടികളുടെ പേരു രജിസ്റ്റർ ചെയ്യാനുള്ളവരുടെ തിരക്ക് മൂലം എച്ച്എസ്ഇ വെബ്‌സൈറ്റായ gpvisitcard.ie കുറച്ചു നേരത്തേക്ക് നിശ്ചലമാകുകയും ചെയ്തു. പിന്നീട് 11 മണിയോടെ പ്രശ്‌നം പരിഹരിച്ച് വെബ്‌സൈറ്റ് പ്രവർത്തന സജ്ജമാക്കി.
ജിപിമാരുടെ മികച്ച സഹകരണം മികച്ച ഉണ്ടായാൽ മാത്രമേ പദ്ധതി മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു പോകുകയുള്ളൂവെന്ന് ആരോഗ്യമന്ത്രി ലിയോ വരാദ്ക്കർ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ 63 ശതമാനം ജിപിമാർ മാത്രമാണ് സൗജന്യ ജിപി കെയറുമായി സഹകരിക്കാൻ തയാറായിട്ടുള്ളൂ. ജൂലൈ ഒന്നിന് മുമ്പ് 75 ശതമാനം ജിപിമാരും പദ്ധതിയിൽ സഹകരിക്കുമെന്നാണ് ലിയോ വരാദ്ക്കർ പ്രത്യാശ പ്രകടിപ്പിക്കുന്നത്. ടിപ്പറാറിയിലാണ് ഏറ്റവും കുറച്ച് ജിപിമാർ കരാറിൽ ഒപ്പിട്ടിരിക്കുന്നത്. അതേസമയം കോ ഡൊണീഗലിൽ 94 ജിപിമാരും തങ്ങളുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ കോ ടിപ്പറാറിയിലെ കാഷെൽ, ക്ലോൺമെൽ എന്നീ ടൗണുകളിലുള്ള ഒരു ജിപി പോലും കരാറിൽ ഒപ്പിട്ടിട്ടില്ല. കാഹിറിൽ ഒരു ജിപിയാണ് പദ്ധതിയിൽ സഹകരിക്കാൻ മുന്നോട്ടു വന്നിട്ടുള്ളത്.