ഡബ്ലിൻ: രാജ്യത്തെ ദന്തൽ ചികിത്സാ മേഖലയിൽ ഏറെ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു എന്നു തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. രാജ്യമെമ്പാടും 18,000 കുട്ടികൾ ഓർത്തോഡോന്റിക് വെയിറ്റിങ് ലിസ്റ്റിൽ ഉള്ളതായാണ് പുതിയ റിപ്പോർട്ട്. ദന്ത ചികിത്സയ്ക്കും ദന്തസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും മൂന്നു വർഷത്തോളം കാത്തിരിക്കേണ്ട അവസ്ഥയാണ് രാജ്യത്തെന്ന് റിപ്പോർട്ടുകൾ തെളിയിക്കുന്നു.

അതേസമയം ദന്ത ചികിത്സാ മേഖലയിൽ കൂടുതൽ നിക്ഷേപം ആവശ്യമാണെന്ന് ഇതു തെളിയിക്കുന്നുവെന്നും ഇത്തരമൊരു അവസ്ഥയിൽ ജനങ്ങൾ ഏറെ വലയുന്നുണ്ടെന്നും ഇൻഡിപെൻഡന്റ് ടിഡി ഡെന്നി നൊട്ടൻ നോട്ടൻ വ്യക്തമാക്കി. രാജ്യത്ത് ദന്തൽ വെയിറ്റിങ് ലിസ്റ്റിൽ ഉള്ള കുട്ടികളിൽ അമ്പതു ശതമാനത്തിലധികം കുട്ടികൾ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ളതാണെന്നും ഡെന്നി നോട്ടൻ  പറയുന്നു.

ഇവിടങ്ങളിലുള്ള കുട്ടികളുടെ ദന്തൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണമെങ്കിൽ അഞ്ചു വർഷത്തോളമെടുക്കുമെന്നും ഇത് അവരിൽ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഓർത്തോഡോന്റിക് വെയിറ്റിങ് ലിസ്റ്റിൽ കുട്ടികളുടെ പേരുകൾ കുടുങ്ങിക്കിടക്കുന്നത് മൂലം അവർക്ക് സ്‌കൂളിലും മറ്റും ബുള്ളിയിംഗിന് ഇരയാകേണ്ടി വരുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് ചില സാമൂഹിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്.

വെയിറ്റിങ് ലിസ്റ്റ് ഇത്തരത്തിൽ അനന്തമായി നീളുന്നത് മൂലം സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കായി പോകുന്നവരും കുറവല്ല. എന്നാൽ ഇത്തരത്തിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നേടാൻ മിക്ക മാതാപിതാക്കളും ലോണിനെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. അത് കുടുംബങ്ങൡ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.